തകർക്കരുത്; ആശ്രയമാണ് ഈ ആശുപത്രി
text_fieldsഅടിമാലി: താലൂക്ക് ആശുപത്രി പ്രവർത്തനം താളം തെറ്റുന്നത് പ്രദേശവാസികൾക്ക് ദുരിതം വിതക്കുന്നു. മൂന്ന് താലൂക്കിലെ ജനങ്ങള്‍ ആശ്രയിക്കുന്നതും സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്നതുമായ ആശുപത്രിയാണ് അടിമാലിയിലേത്. ജീവനക്കാരുടെ കുറവ് രോഗികളെ വലക്കുകയാണ്.
66 കിടക്കയോടെ 1961ലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി പ്രവര്‍ത്തനം തുടങ്ങിയത്. 2001ല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി. എന്നാല്‍, ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കാതെ 1961ലെ കണക്ക് അനുസരിച്ചാണ് ജീവനക്കാരുള്ളത്. വിശാലമായ കെട്ടിടങ്ങളും 130 കിടക്കയുമായി ആശുപത്രി വളര്‍ന്നെങ്കിലും ജീവനക്കാരെ വര്‍ധിപ്പിക്കാത്തത് രോഗികളെയും ജീവനക്കാരെയും വലക്കുന്നു.
21 ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. ഇതില്‍ സൂപ്രണ്ട്, ഫിസിഷൻ, ജനറൽ സർജൻ വിഭാഗത്തില്‍ ഡോക്ടർമാരില്ല. മൂന്ന് ഫിസിഷൻമാരില് രണ്ടുപേരുടെ ഒഴിവുണ്ട്. നഴ്സിങ് ജീവനക്കാരില്‍ എട്ട് ജീവനക്കാരുടെ കുറവുണ്ട്. പാർടൈം സ്വീപ്പര്‍മാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ക്ലീനിങ് സ്റ്റാഫിലാണെങ്കില് മൂന്നുപേര്‍ മാത്രമാണുള്ളത്. ആശുപത്രി വികസന സമിതി ചിലരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ടെങ്കിലും ഇത് മതിയാകുന്നില്ല. ആംബുലന്‍സ് പ്രവർത്തനം കാര്യക്ഷമമല്ല. പുതിയ കെട്ടിടമാണെങ്കിലും ശുചിമുറികളും തകര്‍ച്ചയിലാണ്. ചില ശുചിമുറികളില്‍നിന്ന് സെഫ്റ്റി ടാങ്കിലേക്ക് പോകുന്ന പൈപ്പ് പൊട്ടി ഒലിക്കുന്നു.
രോഗികളുടെ ബാഹുല്യംമൂലം കൃത്യമായി പരിചരണം നല്‍കാന്‍പോലും പറ്റുന്നില്ല. ശരാശശി 150നടുത്ത് പ്രസവം നടക്കുന്ന ഇവിടെ 100ന് മുകളിൽ മേജര്‍ ഓപറേഷനുകളും 400നടുത്ത് മൈനര്‍ ഓപറേഷനുകളും നടക്കുന്നു. ഒ.പിയില്‍ 1200ന് മുകളില്‍ രോഗികളെത്തുമ്പോള്‍ 130 കിടക്കയിലായി 150ലേറെ പേര് ചികിത്സയിലുമുണ്ട്. പ്രതിദിനം രോഗികളുടെ എണ്ണം പെരുകിയിട്ടും ആശുപത്രിയോട് സര്‍ക്കാര്‍ അവഗണന തുടരുന്നതിന്റെ ദുരനുഭവം രോഗികളാണ് അനുഭവിക്കുന്നത്.
യഥാസമയം ഒ.പിയില്‍ എത്താന്‍ ഡോക്ടര്‍മാര്‍ താൽപര്യം കാണിക്കാത്തത് രോഗികളെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്. രാവിലെയും വൈകീട്ടും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതും ഒ.പി പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഡോക്ടർമാരുടെ വീടുകളിലെത്തുന്ന രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുന്നുണ്ടെന്നും മരുന്ന് കുറുപ്പടികള്‍ ഫാര്‍മസിയിലേക്ക് നല്‍കുന്നുണ്ടെന്നും വിമർശനവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.