യാത്ര ചെയ്യാൻ കൂട്ടുവേണോ? ബ്ലാക്കി റെഡി
text_fieldsഅറക്കുളം അശോക കവലയിൽനിന്ന് സ്കൂട്ടറിൽ മൂലമറ്റത്ത് എത്തിയ ബ്ലാക്കി എന്ന തെരുവുനായ്
മൂലമറ്റം: തനിച്ച് യാത്ര ചെയ്യാൻ മടിയുള്ളവർക്ക് കൂട്ട് വേണമെങ്കിൽ കൂടെ പോരാൻ ബ്ലാക്കി റെഡി. ബ്ലാക്കി എന്നുവിളിച്ചാൽ മതി. ഓടിയെത്തി സഹയാത്രികയാകും. അറക്കുളം അശോക കവലയിലെ ബ്ലാക്കി എന്ന തെരുവുനായ് ആണ് ഇവിടെയുള്ളവരുടെ സുഹൃത്തും സഹചാരിയുമായി മാറിയിരിക്കുന്നത്. ഒന്നര വർഷമായി ബ്ലാക്കി ഇവിടെയുണ്ട്.
സ്കൂട്ടറിലും ഓട്ടോയിലും കാറ്റുകൊണ്ട് യാത്ര ചെയ്യാനാണ് ബ്ലാക്കിക്ക് ഇഷ്ടം. ബ്ലാക്കി എന്ന് വിളിച്ചാലുടൻ വാഹനത്തിൽ കയറി ഇരിപ്പുറപ്പിക്കും. എത്രദൂരം യാത്ര ചെയ്യാനും മടിയില്ല. വാഹനമോടിക്കുന്നയാൾക്കൊപ്പം യാത്ര ആസ്വദിച്ച് ശാന്തമായി ഇരിക്കും.
സ്കൂട്ടറാണെങ്കിൽ മുൻഭാഗത്ത് താഴെയും ഓട്ടോയിൽ പിന്നിലെ സ്ഥലത്തുമിരുന്നാണ് യാത്ര. ഇടക്ക് വഴിയിൽ ഇറക്കിവിട്ടാലും പരാതിയോ പരിഭവമോ ഇല്ല.
അശോക കവലയിലെ തന്റെ സ്ഥിരം താമസസ്ഥലത്തേക്ക് മടങ്ങിയെത്തും. അശോക കവലയിലെ നാട്ടുകാരുടെ പ്രിയപ്പെട്ടവളായിരിക്കുകയാണ് ഈ നായ്. ഇവളുടെ നിറംകണ്ട് നാട്ടുകാർ ഇട്ട പേരാണ് ബ്ലാക്കി. തെരുവിലാണ് ജീവിക്കുന്നതെങ്കിലും മട്ടിലും ഭാവത്തിലും അങ്ങനെയല്ല.
നാട്ടുകാരുടെ ഉറ്റസുഹൃത്തായതോടെ കഴുത്തിൽ നല്ലൊരു ബെൽറ്റും നാട്ടുകാർ സമ്മാനിച്ചു. അശോകകവലയിലെ ഇറച്ചി-മത്സ്യ വിൽപനശാലകൾക്ക് മുന്നിലാണ് ഭക്ഷണവും ഉറക്കവുമെല്ലാം. അനുസരണയിലും അച്ചടക്കത്തിലുമെല്ലാം മിടുമിടുക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.