ഇരട്ട വോട്ട്; റവന്യൂ വകുപ്പ് നടപടി തുടങ്ങി
text_fieldsനെടുങ്കണ്ടം: ജില്ലയിലെ തമിഴ് ഭൂരിപക്ഷ മണ്ഡലങ്ങളിലെ ഇരട്ടവോട്ട് കണ്ടെത്താൻ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ഹിയറിങ്ങ് നടക്കും. അതിന്റെ ഭാഗമായി 211 വോട്ടർമാർക്ക് ഹിയറിങിന് ഹാജരാകാൻ റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു.
ചതുരംഗപ്പാറ വില്ലേജിൽ 180 പേർക്കും പാറത്തോട് വില്ലേജിൽ 31 പേർക്കുമാണ് തിങ്കളാഴ്ച അതത് വില്ലേജ് ഓഫീസുകളിൽ ഹിയറിങിന് ഹാജരാകാൻ നോട്ടീസ് അയച്ചത്. ചതുരംഗപ്പാറ വില്ലേജിൽ ഉടുമ്പൻചോല പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ ഉൾപ്പെട്ട 180 വോട്ടർമാരിലും പാറത്തോട് വില്ലേജിലെ 71, 72 ബൂത്തുകളിലെ 31 വോട്ടർമാർക്കുമാണ് ഇരട്ട വോട്ട് ഉള്ളതായി റവന്യൂ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്.
ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ തോട്ടം തൊഴിലാളികൾക്കാണ് കേരളത്തിലും തമിഴ്നാട്ടിലും വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്ന് കണ്ടെത്തിയത്. ജില്ലയിലെ അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന പരാതിയെ തുടർന്നാണ് റവന്യൂ വകുപ്പ് പരിശോധന നടത്തിയത്.
ഈ പരിശോധനയിൽ ഉടുമ്പൻചോലയിലെയും തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടർ പട്ടികകളിലാണ് പേരുള്ളതായി കണ്ടെത്തിയത്. രണ്ടു വോട്ടർ പട്ടികകളിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാനാണ് ഏപ്രിൽ ഒന്നിന് ഹിയറിങ്ങിന് ഹാജരാകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്.
ഒരാൾക്ക് രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും. ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് നിയോജക മണ്ഡലങ്ങളില്‍ താമസിക്കുന്ന തമിഴ് തോട്ടം തൊഴിലാളികള്‍ക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുള്ളതായാണ് നിലവിൽ പരാതിയുള്ളത്. ഉടുമ്പന്‍ചോലയില്‍ മാത്രം 15000 ലധികം ഇരട്ട വോട്ടുള്ളതായാണ് ആരോപണം.
കേരളത്തിലെയും തമിഴ്നാട്ടിലെയും വോട്ടര്‍ പട്ടികയില്‍ പേരും ഇരുസംസ്ഥാനങ്ങളിലും റേഷന്‍കാര്‍ഡില്‍ പേരും ഉള്ളതായാണ് ആരോപണം. തമിഴ്നാട്ടില്‍ വോട്ടുള്ളവരും ഉടുമ്പന്‍ചോല മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തതുമായ ആയിരക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ ചേര്‍ത്തിരിക്കുന്നതായാണ് ആരോപണം. കേരള -തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ മാത്രം ഇരട്ട വോട്ടുള്ള 1500 ഓളം കുടുംബങ്ങള്‍ അധിവസിക്കുന്നതായാണറിവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ളവരുടെ പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ ഹൈകോടതി ഇടപെടുകയും അനധികൃതമായി കടന്നു കൂടിയ വോട്ടര്‍മാരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നടത്തിയ പരിശോധനയില്‍ 40 പേർ അനധികൃതമായി വോട്ടർ പട്ടികയിൽ കടന്നു കൂടിയതായും കണ്ടെത്തിയിരുന്നു. ഇതിന്റെ ഇരട്ട വോട്ടിൽ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങിക്കഴിഞ്ഞു.
ആസൂത്രിതം –ഡീൻ കുര്യാക്കോസ്
ചെറുതോണി: ഉടുമ്പൻചോല പഞ്ചായത്തിൽ ഇരട്ട വോട്ട് കണ്ടെത്തിയത് അതീവ ഗുരുതരമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്. സി.പി.എം ആസൂത്രിതമായി ചെയ്ത കാര്യമാണിത്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ മുമ്പും ഇത്തരത്തിൽ ശ്രമം നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപ്പെടണമെന്നും ഡീൻ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ വോട്ടുള്ളവർക്ക് ഇവിടെയും വോട്ട് ഉണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പ്രവൃത്തികൾ ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതി റിപ്പോർട്ട് കിട്ടിയാലുടൻ തന്നെ മറ്റു നടപടികൾ തീരുമാനിക്കുമെന്ന് ഡീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.