വാഹനാപകടം പതിവ്; കുടിവെള്ള പൈപ്പിന് കുഴിയെടുത്തു, റോഡ് കുളമായി
text_fieldsകുടയത്തൂർ: ജല വിതരണ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി വേണ്ട വിധം മൂടാത്തതിനാൽ റോഡ് കുളമായി. ജൽ ജീവൻ മിഷന്റെ ജലവിതരണ പൈപ്പ് സ്ഥാപിക്കാനാണ് യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ കുഴി എടുത്തത്. റോഡിന്റെ ടാറിങ് കുത്തിപ്പൊളിച്ച നിലയിലാണ്.
ഏറെ തിരക്കുള്ള റോഡിലാണ് പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി മൂടാതെയിട്ടിരിക്കുന്നത്. താൽക്കാലികമായി മണ്ണിട്ട് കുഴിമൂടിയിട്ടുണ്ട്. എന്നാൽ, മഴക്കാലമായതിനാൽ റോഡിരികിൽ ചളിയും വെള്ളക്കെട്ടും കാരണം നടന്നു പോകാൻപോലും കഴിയാത്ത സ്ഥിതിയാണ്. പലയിടത്തും ഇരുവശത്തേക്കും ഒരേസമയം വാഹനങ്ങൾക്ക് കടന്നുപോകാനും കഴിയുന്നില്ല. രാത്രിയിൽ കുഴിയും വെള്ളക്കെട്ടും തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്.
സരസ്വതി സ്കൂൾ ജങ്ഷനിൽ മൺകൂന
കുടയത്തൂർ സരസ്വതി സ്കൂൾ ജങ്ഷനിൽ കുഴി മൂടിയപ്പോൾ മണ്ണും കല്ലും വാരി വലിച്ചിട്ടതിനാൽ വലിയ മൺകൂനയാണ് രൂപപ്പെട്ടത്. ബസ് സ്റ്റോപ്പിൽ തന്നെയാണ് മെറ്റലും കല്ലും മണ്ണും കൂടിക്കിടക്കുന്നത്. ബസിൽനിന്ന് ഇറങ്ങുന്ന യാത്രക്കാർ മൺകൂനയിൽ തട്ടി വീഴുന്നത് സ്ഥിരം സംഭവമാണ്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ വന്നുപോകുന്നയിടത്താണ് കെണിയായി മൺകൂനയുള്ളത്. ഈ ഭാഗത്ത് പൈപ്പ് സ്ഥാപിച്ചിട്ട് മാസങ്ങളായി. എന്നിട്ടും റോഡരികിലെ മെറ്റലും മണ്ണും കല്ലും മാറ്റിയിട്ടില്ല.
സംഗമം ജങ്ഷനിൽ പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തപ്പോൾ നിലവിൽ ഉണ്ടായിരുന്ന ജലവിതരണ പൈപ്പ് പലയിടത്തും പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നു. പലരുടെയും വീട്ടിലേക്ക് റോഡിൽനിന്നും കയറാനാവാത്ത സ്ഥിതിയാണ്. പൈപ്പ് പൊട്ടിയിട്ടും നന്നാക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. മഴ പെയ്യുന്നതോടെ പ്രദേശം ചളിക്കളമായി മാറി. റോഡ് കുത്തിപ്പൊളിച്ച ഭാഗങ്ങൾ എല്ലാം കിടങ്ങായി കിടക്കുന്നു. വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപെട്ടിട്ടും റോഡ് നാന്നാക്കാൻ അധികൃതർ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.