ശക്തമായ മഴയിൽ താഴ്വാരം കോളനിയിൽ വെള്ളം കയറി
text_fieldsമൂലമറ്റം: ശക്തിയായി പെയ്ത മഴയിൽ താഴ്വാരം കോളനിയിൽ വെള്ളം കയറി. നച്ചാർ കവിഞ്ഞൊഴുകി വെള്ളിയാഴ്ച ഉച്ചമുതൽ പെയ്ത മഴയിലാണ് താഴ്വാരം കോളനിയിൽ വെള്ളം കയറിയത്. ആർക്കും അപകടമില്ല.
കളരിക്കൽ രമേശ്, കളരിക്കൽ സോമൻ, ഗിരിജ സോമി, കണ്ടത്തിൽ ജോസ്, ഇസ്രായിൽ ജോസ്, തുരുത്തേൽ മനോജ്, മിനി മനോജ് എന്നിവരുടെ വീടുകളിലാണ് മഴവെള്ളം ഇരച്ചുകയറിയെങ്കിലും കാര്യമായ നാശ നഷ്ടങ്ങൾ ഇത്തവണ ഉണ്ടായില്ല.
താഴ്വാരം കോളനിക്ക് നടുവിലൂടെ ഒഴുകുന്ന തോട് കരകവിഞ്ഞത് വീടുകളിലേക്ക് വെള്ളം കയറാൻ കാരണം. വലിയ മരം പാലത്തിൽ വന്ന് അടിഞ്ഞതോടെ വെള്ളം വീടുകളിലേക്കും ഇരച്ചു കയറി. ജനപ്രതിനിധികളുടേയും നാട്ടുകാരുടേയം സഹായത്തോടെ മരംമുറിച്ച് നീക്കി.
രണ്ട് വർഷം മുമ്പ് താഴ് വാരം കോളനിയിൽ വെള്ളം ഇരച്ചുകയറി ഏഴ് വീടുകൾ വാസയോഗ്യമല്ലാതാവുകയും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം തോടിന് വശങ്ങളിൽ മതിൽ കെട്ടൽ ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയിട്ടില്ല.
നിരന്തരം വീടുകളിലേക്ക് വെള്ളം ഇരച്ച് എത്തുന്നതിനാൽ ഭീതിയിലാണ് ഇവർ കഴിഞ്ഞുകൂടുന്നത്. ചെറു മഴ പെയ്താൽ പോലും നച്ചാർ പുഴ കരകവിഞ്ഞ് ഒഴുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പുഴയിൽ മണ്ണും ചെളിയും അടിഞ്ഞ് കിടക്കുന്നതാണ് കരകവിഞ്ഞ് ഒഴുകാൻ കാരണം.
25 കുടുംബങ്ങളാണ് താഴ് വാരം കോളനിയിൽ താമസിക്കുന്നത്.പട്ടയമില്ലാത്ത ഇവർക്ക് കൈവശ രേഖ മാത്രമാണ് ഉള്ളത്.കൂലിപ്പണിയും മറ്റുമായി ജീവിക്കുന്ന ഇവർക്ക് ഇത്തരം വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന നാശനഷ്ടങളെ അധിജീവിക്കാൻ സാധിക്കില്ല.
നച്ചാർ പുഴയുടെ ഓരം ഉയർത്തിക്കെട്ടി മഴവെള്ളപ്പാച്ചിൽ തടഞ്ഞ് കോളനി വാസികളെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.