ഇടുക്കിയിൽ ഇ-ഹെൽത്ത് കൂടുതൽ ആശുപത്രികളിലേക്ക്
text_fieldsതൊടുപുഴ: ഇ-ഹെൽത്ത് പദ്ധതി ജില്ലയിലെ കൂടുതൽ ആശുപത്രികളിലേക്ക്. ഇതിനകം പദ്ധതി നടപ്പാക്കിയ ആശുപത്രികളുടെ പ്രവർത്തനം വിലയിരുത്തിയശേഷമാണ് കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. പരിശോധനയും ചികിത്സക്രമങ്ങളും ഭരണനിർവഹണവും ഉൾപ്പെടെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം സോഫ്റ്റ്വെയർ സഹായത്തോടെ ആയാസരഹിതവും രോഗീസൗഹൃദവുമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ആശുപത്രികളുടെ പ്രവർത്തനം കടലാസ് രഹിതമാക്കുന്നതിനൊപ്പം ചികിത്സ സംവിധാനത്തിൽ വേഗതയും കൃത്യതയും കൈവരിക്കാൻ ഇ-ഹെൽത്ത് പദ്ധതി സഹായിച്ചതായാണ് വിലയിരുത്തൽ. രോഗികളുടെ അടിസ്ഥാന രേഖകൾ തയാറാക്കുകയും അതിനെ ഇ-ഹെൽത്ത് പദ്ധതിക്ക് മാത്രമായുള്ള കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ ഏത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നാലും അവരുടെ ആരോഗ്യരേഖയുടെ അടിസ്ഥാനത്തിൽ പരമാവധി വേഗത്തിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് കേന്ദ്രീകൃത ഇ-ഹെൽത്ത് സംവിധാനത്തിൽ ക്രോഡീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയൽ (യൂനിക് ഹെൽത്ത് ഐ.ഡി -യു.എച്ച്.ഐ.ഡി) കാർഡ് വിതരണം ജില്ലയിൽ നേരത്തേ ആരംഭിച്ചിരുന്നു. ചികിത്സ തേടുന്നതിനുള്ള അടിസ്ഥാനരേഖയായി ഈ കാർഡാണ് ഉപയോഗിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.