തെരഞ്ഞെടുപ്പ് ബോധവത്കരണം; ജില്ലയുടെ തീം സോങ് പുറത്തിറങ്ങി
text_fieldsഇടുക്കി: തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി തയ്യാറാക്കിയ തീം സോങ് കലക്ടര്‍ ഷീബ ജോര്‍ജ് പ്രകാശനം ചെയ്തു. ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളെയും തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ പ്രചോദിപ്പിക്കുകയാണ് തീം സോങിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വോട്ടര്‍മാരിലും തെരഞ്ഞെടുപ്പിന്റെ സന്ദേശം എത്തിക്കാൻ ഗാനത്തിന് വിപുലമായ പ്രചാരണം നല്‍കണമെന്നും കലക്ടര്‍ അഭ്യർഥിച്ചു.
വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കാനും തങ്ങളുടെ സമ്മതിദാന അവകാശം ഫലപ്രദമായി വിനിയോഗിക്കാനും തീം സോങ് പ്രചോദിപ്പിക്കുമെന്ന് പരിപാടിയില്‍ പങ്കെടുത്ത ഇടുക്കി സബ് കലക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ സന്ദേശം, ഇടുക്കി ജില്ലയുടെ പ്രത്യേകതകള്‍ തുടങ്ങിയവ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്ഭാഷാ വിഭാഗത്തിന് പ്രാധാന്യം നല്കി തമിഴ് ഭാഷാവരികളും ഗാനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ലബ്ബക്കട ജെ.പി.എം കോളജിലെ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് ഒരുക്കിയ മഷിപുരണ്ട വിരലിന്റെ ആകാശ ദൃശ്യവും ഗാനത്തിന്റെ ദൃശ്യാവിഷ്ക്കരണത്തെ മികച്ചതാക്കുന്നു.
പ്രശാന്ത് മങ്ങാട്ട് രചന നിര്‍വ്വഹിച്ച ഗാനത്തിന് പൈനാവ് എം.ആര്.എസിലെ അധ്യാപകൻ ബാബു പാലന്തറയാണ് സംഗീതം നല്‍കിയത്. ബിജിത്ത് എം ബാലനാണ് ചിത്രസംയോജനം. ബാബു പാലന്തറ, യു. ദീജ, ലിന്റാ അനു സാജന്, എം.ആർ. മനീഷ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓര്ക്കസ്ട്രേഷന് ലെനിന് കുന്ദംകുളം.
തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണവും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആൻഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ലക്ഷ്യം. കലക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ്, സ്വീപ് ഇടുക്കിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എന്നിവയിലൂടെയാണ് പൊതുജനത്തിന് മുന്നിലേക്ക് ഗാനം എത്തുന്നത്.
കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ഇന്‍ ചാര്‍ജ്ജ് കെ. മനോജ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍, സ്വീപ് നോഡല്‍ ഓഫീസര്‍ ലിപു എസ് ലോറന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.