സമാപനം കൊട്ടിയാടി; ആവേശം വാനോളം
text_fieldsതൊടുപുഴ: വെടിക്കെട്ടും കുടമാറ്റവും കരിവീരന്മാരും ഇല്ലെന്നതൊഴിച്ചാൽ പൂരത്തിന്റെ താളമേളങ്ങളും നിറക്കൂട്ടുകളം ശബ്ദഘോഷങ്ങളുമായി ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കലാശം കൊട്ടിയാടി.അണികളില്‍ ആവേശം വാനോളം ഉയര്‍ത്തിയാണ് ജില്ലയിൽ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് തിരശീല വീണത്.
ഒന്നരമാസത്തോളമായി കൊടും ചൂടിലും രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതോടെ ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും മുന്നണികള്‍. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ് ഷോകളും അരങ്ങേറി. തൊടുപുഴയിലും കട്ടപ്പനയിലുമായിരുന്നു പ്രധാനമായി കൊട്ടിക്കലാശത്തിന്റെ ആവേശം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ പ്രചാരണ കൊട്ടിക്കലാശം കട്ടപ്പനയിലായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസും എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥനും തൊടുപുഴയിലാണ് കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്.
തൊടുപുഴയിൽ ആവേശപ്പൂരം
തൊടുപുഴ: തൊടുപുഴയില്‍ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെയും എൻ.ഡി.എ സ്ഥനാർഥി സംഗീത വിശ്വനാഥന്റെയും നേതൃത്വത്തിലായിരുന്നു ഇരു പാർട്ടിക്കളും കൊട്ടിക്കാലാശം ആവേശമാക്കിയത്. തൊടുപുഴയില്‍ ഉത്സവ പ്രതീതി ഉയര്‍ത്തിയാണ് ഇരു കൂട്ടരുടെയും പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. കൊട്ടിക്കലാശം നടന്ന തൊടുപുഴ നഗരത്തിലേക്ക് പ്രവർത്തകർ ഒഴുകിയെത്തി. നാലു മണിയോടെ തന്നെ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർ തൊടുപുഴ ഗാന്ധി സ്ക്വയറിൽ പാട്ടും ആരവങ്ങളുമായി തമ്പടിച്ചിരുന്നു.
യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും പ്രവര്‍ത്തകര്‍ റോഡ് ഷോ നടത്തിയാണ് കൊട്ടിക്കലാശത്തിന് ഒരുക്കം ആരംഭിച്ചത്. സ്ഥാനാര്‍ഥിയുടെ ചിത്രമുപയോഗിച്ചുള്ള തൊപ്പിയും ബനിയനും ധരിച്ച പ്രവര്‍ത്തകർ റോഡ് ഷോയിൽ അണിചേർന്നു. ബൈക്കുകള്‍ അണിനിരന്ന റാലിക്കും വാദ്യമേളങ്ങള്‍ക്കും പിന്നാലെ തുറന്ന വാഹനത്തിലാണ് സ്ഥാനാർഥികൾ തൊടുപുഴയിലെത്തിയത്. ഇടറോഡുകളിലൂടെയെല്ലാം റോഡ് ഷോ കടന്നുപോയപ്പോള്‍ ഇരുവശങ്ങളിലും തെരഞ്ഞെടുപ്പിന്റെ ആവേശം കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ നിലയുറപ്പിച്ചിരുന്നു. അഞ്ച് മണിയോടെ എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥനാണ് ആദ്യം തൊടുപുഴ ഗാന്ധി സ്സ്ക്വയറിലേക്കെത്തിയത്. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയെത്തിയ സ്ഥാനാർഥി എല്ലാവരെയും അഭിവാദ്യം ചെയ്ത് പ്രചാരണ വാഹനത്തിന് മുകളിൽ കയറി. ഇതോടെ പ്രവർത്തകർ ആവേശത്തിലായി.
5.20 ന് യു.ഡി.എഫ് സ്ഥാനാർത്ഥി സീൻ കുര്യാക്കോസ് കൂടി എത്തിയതോടെ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം അതിര് കടന്നു. ജെ.സി.ബി.യും ലോറിയുമായി പ്രവർത്തകർ ഗാന്ധി സ്ക്വയറിലേക്കെത്തി. തുടർന്ന് ഡീൻ കുര്യാക്കോസ് പ്രവർത്തകർക്കൊപ്പം ജെ.സി.ബിക്ക് മുകളിലേക്ക് കയറി. ചങ്കല്ല ചങ്കിടിപ്പാണ് ഡീൻ എന്ന ബാനർ യു.ഡി.എഫ് ഉയർത്തിയതോടെ നാടറിഞ്ഞ പുരോഗതി വീണ്ടും തുടരാൻ ജോയ്സ് ഉണ്ടാകണമെന്ന ബാനർ എൽ.ഡി.എഫ് പ്രവർത്തകർ ഉയർത്തി. ജോയ്സ് ജോർജ് കട്ടപ്പനയിലായിരുന്നെങ്കിലും സ്ഥാനാർഥിയുടെ അഭാവം പ്രവർത്തകരുടെ ആവേശം ഒട്ടും കുറച്ചില്ല . പാട്ടും ബാൻഡും നൃത്തവും മുദ്രാവാക്യങ്ങളുമായി എൽ.ഡി.എഫ് പ്രവർത്തകർ തങ്ങളുടെ ശക്തി വിളിച്ചോതി.
മോദിയുടെ ഗാരന്റി പുതിയ കേരളം എന്നതാണ് ബി.ജെ.പി ഉയയർത്തിക്കാട്ടിയത്. സ്ഥാനാർഥികളും കൊട്ടിക്കലാശത്തി പങ്കാളികളായതോടെ പാട്ടും നൃത്തവുമായി പ്രവർത്തകരും കളം നിറഞ്ഞു. കലാശം അവസാന ലാപിലേക്ക് അടുത്തതോടെ പ്രവർത്തകർക്കൊപ്പം ജെ.സി.ബിയിൽ നൃത്തച്ചുവടുമായി ഡീൻ ഒപ്പം കൂടി. ഇടുക്കിയിലെ ഈ പഴയ കെ.എസ്.യുക്കാരൻ വീണ്ടും പാർലമെൻറിലേക്ക് എന്ന ബാനറൽ ഉയർത്തിയാണ് ഡീനിന്റെ കൊട്ടിക്കലാശം അവസാനിപ്പിച്ചത്. ബി.എസ്.പി പ്രവർത്തകരും തൊടുപുഴയിൽ കൊട്ടിക്കലാശത്തിനെത്തിയിരുന്നു.
കട്ടപ്പനയിൽ കലാശക്കൊട്ട്
ആവേശത്തിരമാലയുയർത്തി ഇടുക്കി മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി ജോയിസ് ജോർജിന്റെ തെരഞ്ഞെടുപ്പിന് പ്രചാരണത്തിന് കട്ടപ്പനയിൽ ഗംഭീര കൊട്ടിക്കലാശം. വാദ്യമേളങ്ങളുടെ താള കൊഴുപ്പിൽ ഇടതുസ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിനെ കട്ടപ്പന സെൻട്രൽ ജങ്നിൽ പ്ര വർത്തകർ ആകാശത്തേക്ക് ഉയർത്തി ജയ് വിളിച്ചപ്പോൾ കട്ടപ്പന പട്ടണത്തിൽ തിങ്ങിനിറഞ്ഞ പ്രവർത്തകർ ആരവ തിരമാലകളുയർത്തി. പ്രചാരണ സമാപനത്തിന്റെ അവസാന മിനിട്ടിൽ എല്ലാ പ്രവർത്തകരും ഒരേ സമയം ജോയ്സിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം മുകളിലേക്ക് ഉയർത്തി വോട്ടഭ്യർത്ഥിച്ചു. ആറു മണിയാകാൻ അഞ്ചു മിനിറ്റ് ഉള്ളേപ്പാൾ തന്നെ പ്രചാരണ വാദ്യഘോഷങ്ങൾ ഒന്നൊന്നായി നിശ്ചലമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപ്തിയായി. ബുധനാഴ്ച രാവിലെ ഇടുക്കിയിൽ നിന്നാരംഭിച്ച ജോയ് സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബൈക്ക് റാലിയും റോഡ് ഷോയും, ഇടുക്കി, തങ്കമണി, പ്രകാശ്, ഇരട്ടയാർ, വെള്ളയാംകുടി വഴി വൈകുന്നേരം നാല് മണിയോടെ കട്ടപ്പന ഇടുക്കിക്കവലയിൽ എത്തി. പ്രവർത്തകരും എൽ.ഡി. എഫ് നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് തുറന്ന പ്രചാരണ വാഹനത്തിൽ കയറി റോഡ് ഷോയിൽ അണിചേർന്നു.
സെൻട്രൽ ജങ്ങ്ഷനിൽ നിന്ന് പഞ്ചായത്ത് മൈതാനി, പഴയ ബസ്റ്റൻഡ്, ഗുരുമന്ദിരം റോഡിലൂടെ തിരിച്ചു സെൻട്രൽ ജങ്നിലെത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. അതനുസരിച്ചു പ്രചാരണ വാഹനം സെൻട്രൽ ജങ്ഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡ് റോഡിലേക്ക് പോകാൻ തുടങ്ങിയെങ്കിലും പൊലീസ് തടഞ്ഞത് എൽ.ഡി.എഫ് നേതാക്കളുമായി തർക്കത്തിനിടയാക്കി. ബി.ജെ.പി പ്രവർത്തകർ പ്രചാരണ സമാപനവുമായി പഞ്ചായത്ത് മൈതാനിയിൽ അണി നിരന്നതാണ് പൊലീസ് ജാഥ തടയാൻ പ്രേരിപ്പിച്ചത്. ഒടുവിൽ എൽ.ഡി.എഫ് നേതാക്കൾ ഇടപെട്ട് പ്രചാരണ ജാഥ പഴയ ബസ് സ്റ്റാൻഡ്, ഗുരു മന്ദിരം റോഡ് വഴി വീണ്ടും സെൻട്രൽ ജംഗ്ഷനിൽ എത്തിച്ചു. ഈ സമയം ഏൽ.ഡി.എഫ്-ബി.ജെ.പി പ്രവർത്തകർക്കിടയിൽ പൊലീസ് വരിയായി നിന്ന് മതിൽ തീർത്തു ഇരു വിഭാഗത്തെയും സമാധാനപരമായി കടത്തി വിട്ടു. കട്ടപ്പന ഡി.വൈ.എസ്.പി പി ബേബി യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു.
നെടുങ്കണ്ടത്ത് സമാപനം സമാധാനം
നെടുങ്കണ്ടം: ഒരുമാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്ക് ആവേശം വാനോളമുയര്‍ത്തി തിരശ്ശീല വീണു. നെടുങ്കണ്ടത്ത് നടന്ന സമാപനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ഇടതുമുന്നണിയുടെയും എന്‍.ഡി.എയുടെയും ശക്തി വിളിച്ചോതിയ പ്രകടനത്തോടെയായിരുന്നു സമാപനം. ഇടതുമുന്നണി പ്രവർത്തകർ നെടുങ്കണ്ടം കിഴക്കേ കവലയില്‍ നിന്നാരംഭിച്ച പ്രകടനം പടിഞ്ഞാറെ കവലയില്‍ സമാപിച്ചു. എന്‍.ഡി.എ ജാഥ പടിഞ്ഞാറെ കവലയില്‍ നിന്നാരംഭിച്ച് സെന്‍ട്രല്‍ ജങ്ഷനിൽ സമാപിച്ചു. യു.ഡി.എഫ് നെടുങ്കണ്ടത്ത് കലാശക്കൊട്ട് നടത്തിയില്ല. വാദ്യമേളങ്ങള്‍, അലങ്കരിച്ച വാഹനങ്ങള്‍, കൊടിതോരണങ്ങള്‍, ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത വാഹനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് ഇരുമുന്നണിയുടെയും പ്രവര്‍ത്തകര്‍ ടൗണില്‍ ഒത്തുചേര്‍ന്നത്. രണ്ടുകൂട്ടരുടെയും നടുവില്‍ പൊലീസ് ശക്തമായ വേലി തീർത്തതിനാല്‍ സമാധാനപരമായിരുന്ന സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.