മാലിന്യശേഖരണത്തിന് ഇലക്ട്രിക് ഓട്ടോ; മാതൃകയായി പെരുവന്താനം പഞ്ചായത്ത്
text_fieldsഇടുക്കി: മാലിന്യപ്രശ്നത്തിന് മുന്നില്‍ മുട്ടുമടക്കാതെ കൃത്യമായ ഇടപെടല്‍ നടത്തി മാതൃകയാവുകയാണ് പെരുവന്താനം പഞ്ചായത്ത്. 19 ഹരിത കര്‍മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍നിന്ന് കൃത്യമായ ഇടവേളകളില്‍ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നു. മാലിന്യം ശേഖരിക്കാന്‍ ഇലക്ട്രിക് ഓട്ടോ അടക്കം ലഭ്യമാക്കുകയും ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് സംരംഭം ഒരുക്കിയുമൊക്കെയാണ് പഞ്ചായത്ത് മാതൃകയാവുന്നത്.
അജൈവ മാലിന്യം സംഭരിക്കുവാനും ശാസ്ത്രീയമായി തരംതിരിച്ച് സംസ്കരിക്കാനുമുള്ള പഞ്ചായത്തിലെ മെറ്റീരിയല്‍ കലക്ഷന്‍ സെന്റര്‍ (എം.സി.എഫ്) മണികല്ലിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സ്ഥലം ലഭ്യമാക്കി 250 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടം 2000 ചതുരശ്ര അടിയായി വിപുലീകരിച്ച് കൂടുതല്‍ ഫലപ്രദമാക്കുന്നതിന് സാധിച്ചു. കൃത്യമായ ഇടവേളകളില്‍ വീടുകളില്‍നിന്ന് പ്ലാസ്റ്റിക് എം.സി.എഫില്‍ എത്തിക്കുകയും പുനര്ചംക്രമണത്തിനു വിധേയമാകുന്നവ അങ്ങനെ ചെയ്തും അല്ലാത്തവ റോഡ് ടാറിങ്ങിനും മറ്റുമായി പൊടിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.
അജൈവമാലിന്യം ഹരിതകര്‍മ സേന മുഖേന കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചത് മാലിന്യനിര്‍മാര്‍ജനം കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 40 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മാലിന്യ സംസ്കരണ രംഗത്ത് പഞ്ചായത്ത് നടപ്പാക്കിയത്.
മാലിന്യശേഖരണത്തിന് ഹരിതകര്‍മ സേനക്ക് സ്വന്തമായി ഇലക്ട്രിക് വാഹനവും പെരുവന്താനം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ശുചിത്വമിഷന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ 4,95,000 രൂപ വിനിയോഗിച്ചാണ് ഇലക്ട്രിക് ഓട്ടോ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.