ഹരിത കർമസേനക്ക് വാങ്ങിയ വൈദ്യുതിവാഹനം കിതക്കുന്നു
text_fieldsമൂലമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ ഖരമാലിന്യം നീക്കാൻ വാങ്ങിയ വൈദ്യുതി വാഹനം കുന്നും മലയും കയറുന്നില്ല. 4,97,000 രൂപ മുടക്കി വാങ്ങിയ ചരക്കുവാഹനമാണ് കയറ്റം കയറാതെ കിതക്കുന്നത്.
ശുചിത്വമിഷൻ വിഹിതം 3,50,000 രൂപയും പഞ്ചായത്ത് വിഹിതം 1,47,000 രൂപയും വകയിരുത്തിയാണ് ഒരു വർഷം മുമ്പ് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയത്. ഡീസൽ വണ്ടി വാങ്ങാനായിരുന്നു പദ്ധതിയെങ്കിലും ആ കാലയളവിൽ ശുചിത്വ മിഷൻ ഗ്രാന്റ് ഡീസൽ വാഹനങ്ങൾക്ക് ലഭിക്കുമായിരുന്നില്ല. വാഹനം വാങ്ങി ഉപയോഗിച്ച് തുടങ്ങിയതോടെ ഉപയോഗശൂന്യമെന്ന് മനസ്സിലായി. പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും കുന്നും മലയും നിറഞ്ഞതാണ്. മാലിന്യം ശേഖരിക്കാൻ ഇവിടങ്ങളിലേക്ക് വാഹനം എത്തിക്കാൻ ശ്രമിച്ചെങ്കിലും പകുതിപോലും എത്താതെ നിൽക്കുകയാണ് ചെയ്തത്. ചിലയിടങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ചശേഷം വാഹനം മുന്നോട്ടെടുക്കാനാവാതെ നിന്നുപോവുകയും ചെയ്തു. മാലിന്യം ഇറക്കിയശേഷമാണ് മുന്നോട്ടുപോകാനായത് എന്നും പറയുന്നു.
സമതല പ്രദേശങ്ങളുള്ള പഞ്ചായത്തുകളിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്നതാണ് ഇത്തരം വാഹനങ്ങൾ. വാഹനം തിരികെ നൽകാനോ മറ്റ് പഞ്ചായത്തുകൾക്ക് നൽകാനോ സാധിക്കാത്ത അവസ്ഥയുമാണ്. വൈദ്യുതി വാഹനം ചെല്ലാത്ത ഇടങ്ങളിൽ മറ്റ് വാഹനങ്ങൾ വാടകക്ക് വിളിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.