അരിക്കൊമ്പൻ മുതൽ പടയപ്പവരെ; ആനപ്പേടിയിൽ ജനവാസ മേഖല
text_fieldsഇടുക്കി: നാളുകളായി ഭീതിപരത്തി വിലസുന്ന കാട്ടാനകളെ പിടികൂടി ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തുവരുന്നുണ്ടെങ്കിലും നടപടികളൊന്നുമില്ല. ജനങ്ങളുടെ ജീവനും സ്വത്തിനുമൊക്കെ നാശംവിതച്ച് ജനവാസ മേഖലയിൽ കാട്ടാനകൾ കറങ്ങിനടക്കുന്ന സാഹചര്യമാണിപ്പോൾ.
45-50 വയസ്സുള്ള പടയപ്പ മൂന്നാർ മേഖലയിലെ കാട്ടാനയാണ്. വാഗുവര, മൂന്നാർ, ദേവികുളം, മാട്ടുപ്പെട്ടി എന്നിവിടങ്ങളാണ് പടയപ്പയുടെ വിഹാരകേന്ദ്രം. പഴവർഗങ്ങളും പച്ചക്കറികളുമാണ് ഇഷ്ട വിഭവങ്ങൾ. പഴങ്ങളും പച്ചക്കറികളും അകത്താക്കാൻ ഏതുകടയും തകർക്കുന്നതാണ് ശീലം. മാട്ടുപ്പെട്ടി, എക്കോ പോയന്റ്, മൂന്നാർ ടൗൺ എന്നിവിടങ്ങളിലെ ഒട്ടേറെ വഴിയോര കടകൾ ഉൾപ്പെടെ തകർത്ത് പഴങ്ങളും പച്ചക്കറികളും തിന്നുന്നത് പതിവാണ്. പൊതുവേ ശാന്ത സ്വഭാവക്കാരനായ പടയപ്പ നാളിതുവരെ ആളുകളെ ആക്രമിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ നാലഞ്ചുമാസമായി അക്രമസ്വഭാവം കാണിക്കുന്നുണ്ട്. രണ്ടാഴ്ചക്കിടെ കുട്ടിയാർവാലി മേഖലയിൽ മൂന്ന് വാഹനങ്ങൾക്കുനേരെ ആക്രമണമുണ്ടായി.
ശങ്കരപാണ്ഡ്യമെട്ടിന് സമീപം കഴിഞ്ഞ ദിവസവും രാത്രി വീട് തകർത്ത അരിക്കൊമ്പനാണ് ജില്ലയിലെ ഏറ്റവും പ്രശ്നക്കാരനായ ഒറ്റയാനെന്ന് വനംവകുപ്പ് വാച്ചർമാർ പറയുന്നു. ഇതിനെ പിടികൂടാൻ വനംവകുപ്പ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഫലം കണ്ടില്ല. മുറിവാലൻ കൊമ്പൻ, ചക്ക കൊമ്പൻ, സിഗരറ്റ് കൊമ്പൻ എന്നീ ഒറ്റയാൻമാരും മലയോര മേഖലയിൽ ജനങ്ങൾക്ക് ഭീഷണിയാണ്. ജനവാസ മേഖലകളിലിറങ്ങി ആക്രമണം നടത്തുന്ന ഒരു പിടിയാനയും ചിന്നക്കനാൽ മേഖലയിലുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇതുൾപ്പെടെ ഇരുപത്തഞ്ചോളം കാട്ടാനകളാണ് ആനയിറങ്കൽ വനമേഖലയിലും മതികെട്ടാൻചോല ദേശീയോദ്യാനത്തിലുമായുള്ളത്. കഴിഞ്ഞദിവസം ആനയിറങ്കലിന് സമീപം ഭാഗ്യംകൊണ്ടാണ് ബൈക്കിലെത്തിയ യുവാക്കൾ കാട്ടാനയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്.
നാട്ടിലിറങ്ങി ഭീതിപരത്തുന്ന ആനകളെയെങ്കിലും തിരികെ കാട്ടിലയക്കാനോ ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റാനോ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.