കയ്യേറ്റം: മുൻ എം.എൽ.എ എസ്.രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല
text_fieldsഇടുക്കി: ഭൂമി കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എം.എൽ.എ എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല. രാജേന്ദ്രന്റെ പരാതി ഹൈകോടതി പരിഗണിക്കുന്നതിനാൽ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ.
എസ്. രാജേന്ദ്രന്‍ വാടകക്ക് നൽകിയിരിക്കുന്ന വീടിരിക്കുന്ന സ്ഥലത്തിന് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്നാർ ഇക്കാനഗറിൽ എസ്. രാജേന്ദ്രന്റെയും ഭാര്യ ലത രാജേന്ദ്രന്റെയും പേരിലുള്ള ഒൻപത് സെന്റ് ഭൂമിയിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 843/എ സർവേ നമ്പരിൽപെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ കൈവശം വച്ചിരിക്കുന്ന സ്ഥലം സർവ്വേ നമ്പർ 912 ൽ പെട്ടതാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ സര്‍വേ നമ്പരിൽ തിരുത്തൽ വരുത്തമെന്നാവശ്യപ്പെട്ട് രാജേന്ദ്രൻ അപേക്ഷ നൽകി. എന്നാൽ ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലേയും അതിരുകൾ വ്യത്യാസം ഉള്ളതിനാൽ അപേക്ഷ നിരസിച്ചു. തുടർന്നാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്.
സിമന്റ് കട്ട ഉപയോഗിച്ച് പണിത ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ രണ്ട് മുറി വീടുമുള്ള സ്ഥലം ഒഴിയണമെന്നാണ് നോട്ടീസ്. 912 സർവേ നമ്പരിലുള്ള 67 ഏക്കറോളം ഭൂമി കൈവശം വച്ചിരിക്കുന്ന 61 പേർക്ക് ഒഴിപ്പിക്കാതിരിക്കാൻ രേഖകളാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ നോട്ടീസും രാജേന്ദ്രന് നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ താമസിക്കുന്ന വീടിനാണ് നോട്ടീസ് നൽകിയതെന്ന നിലപാടിൽ രാജേന്ദ്രൻ ഉറച്ച് നിൽക്കുകയാണ്.പുറമ്പോക്ക് കയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.