ചൊക്രമുടിയിൽ കൈയേറ്റം റവന്യൂ ഭൂമിയിൽ; വനം-റവന്യൂ-പൊലീസ് വകുപ്പുകൾക്ക് വീഴ്ച
text_fieldsഇടുക്കി: മൂന്നാർ ചൊക്രമുടിയിലെ ഭൂമി കൈയേറ്റം ശരിവെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കൈയേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
സർക്കാർ ഭൂമിയിൽ പട്ടയം ലഭിച്ചെന്ന് കാണിച്ചായിരുന്നു ഭൂമി കൈയേറിയതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും എന്നാണ് ഉത്തര മേഖല ഐ.ജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തൽ. കൈയേറ്റം പൂർണമായി ഒഴിപ്പിച്ച് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം.
അനധികൃത നിർമാണം നടത്തിയവർ, കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ശിപാർശയുണ്ട്. പുറമ്പോക്ക് ഭൂമിക്ക് ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫിസറുടെ നടപടിയും തെറ്റാണ്.
പരിശോധന നടത്താതെ സ്ഥലത്തിന് ഉടുമ്പൻചോല തഹസിൽദാർ നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൈയേറ്റം വഴി നീർച്ചാലുകളുടെ സ്വാഭാവിക ഒഴുക്കിനു തടസ്സമുണ്ടായി. വലിയ പാരിസ്ഥിതിക ആഘാതം പ്രദേശത്തുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉദ്യോഗസ്ഥർ കൈയേറ്റത്തിന് കൂട്ടുനിന്നോ എന്നും വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. എൻ.ഒ.സി ഇല്ലാതെയുള്ള നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തി തടയുന്ന കാര്യത്തിൽ വനം-റവന്യൂ-പൊലീസ് വകുപ്പുകൾക്ക് വീഴ്ചപറ്റി.
സ്ഥലത്ത് അനധികൃതമായി പാറ പൊട്ടിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തി. പുൽമേടുകൾ ഉൾപ്പെടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നശിപ്പിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.