ഇനിയുമെത്ര നഷ്ടം സഹിക്കണം; നിരവധി ജീവൻ കവർന്നത് കൂടാതെ പലർക്കും കൃഷിയും ഉപേക്ഷിക്കേണ്ടി വന്നു
text_fieldsതൊടുപുഴ: വന്യജീവികൾ നാട്ടിലിറങ്ങി സൃഷ്ടിക്കുന്ന അക്രമങ്ങൾക്ക് അറുതിയാകുന്നില്ല. മനുഷ്യ ജീവനുകൾ, സമ്പത്ത്, കൃഷി, വീടുകൾ, കെട്ടിടങ്ങൾ എന്നിവയടക്കം നശിപ്പിച്ചാണ് ഇവയുടെ വിളയാട്ടം. നിരവധി ജീവൻ കവർന്നത് കൂടാതെ മുഖ്യവരുമാന മാർഗമായ കൃഷിപോലും പലർക്കും ഉപേക്ഷിക്കേണ്ടി വന്നു. ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഗുരുതര പരിക്കുകളോടെയും അംഗവൈകല്യത്തോടെയും കഴിയുന്നവർ നിരവധിയാണ്. നഷ്ടപരിഹാരമെന്ന നിലയിൽ പലപ്പോഴും ഇരകൾക്ക് ലഭിക്കുന്നത് തുച്ഛമാണെന്ന ആക്ഷേപവുമുണ്ട്. ഒട്ടേറെ പേരാണ് ഇപ്പോഴും നഷ്ടപരിഹാരത്തിന് കാത്തിരിക്കുന്നത്.
അഞ്ചുവർഷം കാർഷിക മേഖലയിൽ നഷ്ടം
തൊടുപുഴ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുവർഷത്തിനിടെ കാർഷിക മേഖലയിൽ മാത്രം 31.66 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയത്. 17.3 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 90 പേരുടെ കാർഷിക വിളകൾ നശിച്ചതായാണ് കണക്ക്. വാഴ, കരിമ്പ്, കുരുമുളക്, റബർ, തെങ്ങ്, ഏലം കൃഷിയാണ് കൂടുതലും നശിച്ചത്. അടിമാലിയിൽ ഒന്നര ലക്ഷം, ദേവികുളത്ത് 9.63 ലക്ഷം, ഇടുക്കി 3.43 ലക്ഷം, കട്ടപ്പന 2.28 ലക്ഷം, പീരുമേട് 9.52 ലക്ഷം, തൊടുപുഴ 4.40 ലക്ഷം എന്നിങ്ങനെയാണ് കൃഷി നാശമുണ്ടായത്. ജില്ലയിൽ ഓരോ ദിവസവും വന്യജീവി ആക്രമണം മൂലമുള്ള നാശനഷ്ടം കൂടിവരുന്ന സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് കർഷകർക്ക്. കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ആക്രമണം മൂലമാണ് കർഷകർക്ക് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. ഓരോ സീസണിലും ഹെക്ടർ കണക്കിന് സ്ഥലത്തെ കൃഷികളാണ് വന്യമൃഗങ്ങൾ നശിപ്പിക്കുന്നത്. ശല്യം രൂക്ഷമായ ഇടങ്ങളിൽ വേലികളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പരിഹാരമാകുന്നില്ല. നടപടിക്രമങ്ങൾ അനന്തമായി നീളുന്നത് കർഷകർക്ക് തിരിച്ചടിയാണ്.
കാട്ടാനകളും കാട്ടുപോത്തുകളും പൊറുതിമുട്ടി മൂന്നാറിലെ തോട്ടം തൊഴിലാളികൾ
മൂന്നാർ: കാട്ടാനകളും കാട്ടുപോത്തുകളും സ്ഥിരസാന്നിധ്യമായതോടെ പൊറുതിമുട്ടി മൂന്നാറിലെ തോട്ടം തൊഴിലാളികൾ. ഈ പ്രദേശത്ത് വിലസുന്ന പടയപ്പ എന്ന കാട്ടുകൊമ്പൻ ഇപ്പോൾ മുഴുവൻ സമയവും ജനവാസ മേഖലയിലാണ് കറങ്ങുന്നത്. ഈ ഭീഷണി നിലനിൽക്കെയാണ് കാട്ടുപോത്തുകൾ കൂട്ടമായി കാടിറങ്ങുന്നത്.
മൂന്നാർ ടൗണിന് ചുറ്റുപാടുമുള്ള പെരിയവരൈ, നയമക്കാട്, നല്ലതണ്ണി, കല്ലാർ എസ്റ്റേറ്റുകളിൽ ഇപ്പോൾ പകൽ സമയങ്ങളിൽ കാട്ടുപോത്തുകളെ കാണാം. മൂന്നാർ -മറയൂർ റോഡിലും ഇവയുടെ സ്ഥിരസാന്നിധ്യമുണ്ട്. കാടിറങ്ങി സംസ്ഥാനാന്തര പാത കുറുകെ കടന്ന് കന്നിയാറിൽ വെള്ളം കുടിക്കാനും ഇവ എത്തുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി നയമക്കാടും നല്ലതണ്ണിയിലും പത്തോളം വരുന്ന കാട്ടുപോത്തുകൾ തോട്ടംതൊഴിലാളി ലയങ്ങൾക്ക് സമീപം മേഞ്ഞുനടക്കുന്നു. ഇതുമൂലം തേയിലത്തോട്ടത്തിൽ കൊളുന്ത് ശേഖരിക്കാൻ പോകാനോ കുട്ടികളെ പുറത്തേക്ക് വിടാനോ തൊഴിലാളികൾ ഭയപ്പെടുകയാണ്.
പടയപ്പ പൊതുവെ ആക്രമണകാരി അല്ലെങ്കിലും അബദ്ധത്തിൽ മുന്നിൽപെടാനുള്ള സാധ്യത ഏറെയാണ്. മദപ്പാടിന്റെ ലക്ഷണങ്ങളുള്ള ഇവൻ, കഴിഞ്ഞ ദിവസങ്ങളിൽ പലതവണ റോഡിലിറങ്ങി കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു. ടൗണിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഭയന്നാണ് സന്ധ്യക്കും രാത്രിയും എസ്റ്റേറ്റുകളിലേക്ക് തിരിച്ചുപോകുന്നത്.
ഏഴ് വർഷത്തിനിടെ നഷ്ടപരിഹാരം അഞ്ച് കോടി
ഏഴ് വർഷത്തിനിടെ വന്യമൃഗ ശല്യത്തെ തുടർന്ന് ജില്ലയിൽ അനുവദിച്ച നഷ്ടപരിഹാരം 5.13 കോടി രൂപ. 2276 അപേക്ഷകളിൽനിന്നാണ് ഇത്രയും തുക വനം വകുപ്പ് നൽകിയത്. മനുഷ്യജീവൻ നഷ്ടപ്പെട്ടതും, കൃഷി, കെട്ടിടനാശം എന്നിവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരമാണ് കൂടുതലും. ഏഴ് വർഷത്തിനിടെ ലഭിച്ച 2276 അപേക്ഷകളിൽ 2088 എണ്ണം തീർപ്പാക്കിയെന്ന് അധികൃതർ പറയുന്നു. മൂന്ന് മാസത്തിനിടെ 6.6 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകി. 2016 മുതലുള്ള കണക്ക് പരിശോധിച്ചാൽ 2018 ലാണ് ഏറ്റവും കൂടുതൽ തുക നഷ്ടപരിഹാരം നൽകിയത്, 91.84 ലക്ഷം. 2016 ൽ 44.20 ലക്ഷം, 2017 ൽ 72.58, 2019 ൽ 71.99, 2020 ൽ 85.15, 2021 ൽ 76.23, 2022 ൽ 64.64 എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിൽ. നഷ്ടപരിഹാരം കൊണ്ടെന്നും യഥാർഥ നഷ്ടം പരിഹരിക്കാൻ കഴിയുന്നതല്ലെന്ന് ഇരകൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
കാട്ടാന ശല്യം: പീരുമേട് മേഖലയിൽ ജനം ഭീതിയിൽ
പീരുമേട്: കാട്ടാനയുടെ ശല്യത്തിൽ പീരുമേട് മേഖലയിലെ ജനങ്ങൾ ഭീതിയിൽ. പീരുമേട്, തോട്ടാപ്പുര, പ്ലാക്കത്തടം, കച്ചേരിക്കുന്ന്, കരണ്ടകപ്പാറ, ഐ.എച്ച് ആർ.ഡി സ്കൂൾ എന്നിവിടങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലാണ് ആനക്കൂട്ടം നാശം വിതച്ചത്. പ്ലാക്കത്തടത്ത് മൂന്നിലധികം ആനകളും കച്ചേരികുന്നിൽ രണ്ട് ആനകളും സ്കൂൾ പരിസരത്ത് രണ്ട് ആനകളുമാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. ദിവസങ്ങളായി ആനയിറങ്ങുന്നത് പ്രദേശവാസികളിൽ ഭീതി വിതക്കുകയാണ്. സ്കൂൾ പരിസരത്തിറങ്ങിയ രണ്ട് ആനകൾ ദേശീയപാത വക്കിലെ അഗ്നിരക്ഷാ ഓഫിസിന് സമീപത്തെ വീടിന്റെ മുറ്റത്തെ തെങ്ങുകൾ നശിപ്പിച്ചു.
കഴിഞ്ഞവർഷം പീരുമേട് ടൗണിൽനിന്ന് 200 മീറ്റർ അകലെ അഴുത ഗവ. എൽ.പി സ്കൂളിന് സമീപവും ജനവാസ മേഖലയിൽ കാട്ടാനകൾ നാശം സൃഷ്ടിച്ചിരുന്നു. പെരിയാർ കടുവ സങ്കേതത്തിലെ മുറിഞ്ഞപുഴ വനത്തിൽനിന്നാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ എത്തുന്നത്. വനത്തിൽ തീ പടരുന്നതിനാൽ തീറ്റയുടെ അഭാവവും കനത്ത ചൂടുമാണ് ആനകൾ കാടിറങ്ങാൻ കാരണം. ആനയിറങ്ങുന്ന മേഖലകളിൽ കൃഷി നാശത്തിനൊപ്പം സ്ഥല കച്ചവടം മുടങ്ങുന്ന അവസ്ഥയുമുണ്ട്. നാട്ടിലിറങ്ങിയ ആനക്കൂട്ടത്തെ വനത്തിലേക്ക് മടക്കി അയക്കണമെന്നും ആനകൾ ഇറങ്ങുന്ന വഴിയിൽ കിടങ്ങുകൾ നിർമിക്കണമെന്നുമുള്ള ആവശ്യം വനം വകുപ്പ് പരിഗണിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.