ലഹരി കുറ്റവാളികളുടെ വിവരശേഖരണവുമായി എക്സൈസ്
text_fieldsതൊടുപുഴ: വിദ്യാർഥികളിലടക്കം ലഹരി ഉപയോഗം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്ഥിരം കുറ്റവാളികളുടെ ഡേറ്റാ ബാങ്ക് തയാറാക്കി എക്സൈസ് വകുപ്പ്. വിൽപനക്കാർ, കച്ചവടക്കാർ, ഇടനിലക്കാർ, ഉപയോഗിക്കുന്നവർ എന്നിവരുടെ വിവരങ്ങൾ രഹസ്യമായി ശേഖരിച്ച് പട്ടിക തയാറാക്കുകയാണ് ചെയ്തിരിക്കുന്നത്. മുമ്പ് കേസുകളിൽ പിടിയിലായവർ തന്നെയാണ് ലഹരികേസുകളിൽ വീണ്ടും വിൽപനയടക്കമുള്ള കാര്യങ്ങൾക്ക് ഇറങ്ങുന്നത്.
ഇതനുസരിച്ച് പട്ടിക തയാറാക്കി കടത്തിന്റെ ഉറവിടമോ കണ്ണികളോ കണ്ടെത്താനാണ് ശ്രമം. ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ച് അടുത്തിടെ നടന്ന പരിശോധനകളിൽ ഇവരിൽനിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിൽ തൊടുപുഴ കേന്ദ്രീകരിച്ച് പിടികൂടുന്ന കേസുകൾ വർധിച്ചതായാണ് എക്സൈസിന്റെ കണക്ക്. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ തൊടുപുഴയിൽ മാത്രം 16 കേസിലായി 13 പേരാണ് എക്സൈസിന്റെ പിടിയിലായത്. ജൂലൈ മുതൽ ഡിസംബർ വരെ കേസുകളുടെ എണ്ണം
46 ഉം പിടിയിലായവരുടെ എണ്ണം 54മായി ഉയർന്നു. ഇതിൽ 13 പേരും വിദ്യാർഥികളാണ്. ഇടുക്കിയിൽ ഒരു വർഷത്തിനിടെ എക്സൈസ് നടത്തിയ പരിശോധനയിൽ 795 അബ്കാരി കേസുകളും 490 എൻ.ഡി.പി.എസ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 29 കിലോ കഞ്ചാവും 12 ഗ്രാം എം.ഡി.എം.എയും 360 ഗ്രാം ഹഷീഷ് ഓയിലും പിടിച്ചെടുത്തു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള തൊടുപുഴയിൽനിന്നാണ് ഇവയിൽ ഏറിയ പങ്കും പിടികൂടിയത്. കേസുകൾ കൂടുതലായി ഉണ്ടായ സാഹചര്യത്തിൽ തൊടുപുഴ മേഖലയിൽ പരിശോധന ശക്തമാക്കിയതായി എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ് 'മാധ്യമ'ത്തോട് പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട് പിടികൂടിയ കേസുകളിൽ വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്. ഈ സാഹചര്യത്തിൽ സ്ട്രൈക്കിങ്ങ് ഫോഴ്സ്, ഹൈവേ പെട്രോളിങ്ങ്, ഷാഡോ ടീം എന്നിവയുടെ പ്രവർത്തനവും വിപുലപ്പെടുത്തിയതോടെ നഗര മേഖലയിൽ ലഹരി എത്തുന്നതിൽ കുറവുണ്ടായിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
ക്രിസ്മസ് -പുതുവത്സരാഘോഷ ഭാഗമായി പരിശോധന കൂടുതൽ ശക്തമാക്കാനാണ് വകുപ്പിന്റെ നീക്കം. തമിഴ്നാട്, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് തൊടുപുഴയിലേക്ക് ലഹരിവസ്തുക്കളെത്തുന്നതെന്നാണ് വിവരം.
18 സ്കൂൾ പരിസരങ്ങൾ നോട്ടമിട്ട്
തൊടുപുഴ: ജില്ലയിൽ 18 സ്കൂളൂകളുടെ പരിസരങ്ങൾ ലഹരിസംഘങ്ങൾ നോട്ടമിട്ടതായി എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട്. ലഹരി ഉപയോഗത്തിന്റെയും ലഹരി സംഘങ്ങളുമായുള്ള സമ്പർക്കത്തിന്റെയും അടിസ്ഥാനത്തിലാണ് സ്കൂൾ പരിസരങ്ങളുടെ പട്ടിക തയാറാക്കിയത്. കണ്ടെത്തിയ ഈ സ്കൂളുകളുടെ പരിസരങ്ങളിലും വിദ്യാർഥികൾ വീട്ടിലേക്ക് പോകുന്ന വഴികളിലും ഇത്തരം സംഘങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ട്. ഇവിടെ എക്സൈസിന്റെ ബൈക്ക് പട്രോളിങ് ടീമിനെ രംഗത്തിറക്കും. ഈ സ്കൂളുകളിൽ ആഴ്ചയിൽ ഒരിക്കൽ മിന്നൽ പരിശോധന നിർബന്ധമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരിശോധന നടത്തുന്ന കാര്യം സ്കൂൾ അധികൃതരെ അറിയിക്കാമെങ്കിലും ദിവസവും സമയവും രഹസ്യമാക്കി വെക്കണമെന്നാണ് നിർദേശം. സ്കൂൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പും സ്കൂൾ വിടും മുമ്പും റോഡുകളിൽ പരിശോധന നടത്തും. സ്കൂളുകളിൽ നിരീക്ഷണമുണ്ടാകുമെന്നതിനാൽ പുറത്ത് വിദ്യാർഥികളുടെ ശ്രദ്ധയാകർഷിക്കാനുള്ള ശ്രമം ലഹരി സംഘം നടത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. ബസ് കാത്തിരിപ്പുകേന്ദ്രം, കഫേ, ജൂസ് പാർലർ തുടങ്ങി സ്കൂൾ വിട്ട് വിദ്യാർഥികൾ കൂട്ടത്തോടെ എത്താനിടയുള്ള സ്ഥലങ്ങളിലും പട്രോളിങ് വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.