ലഹരി ഉറവിടം തേടി എക്സൈസ്; കൺട്രോൾ റൂം തുറന്നു
text_fieldsതൊടുപുഴ: മേഖലയിലെ ലഹരിക്കടത്തിന്റെയും ഉപയോഗത്തിന്റെയും ഉറവിടം തേടി എക്സൈസ്. തൊടുപുഴ നഗരത്തിലും സമീപ മേഖലകളും ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധനയടക്കം കൂടുതൽ ശക്തമായ നടപടികളുമായി എക്സൈസ് രംഗത്തിറങ്ങിയത്.അടുത്തിടെ തൊടുപുഴ മേഖല കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ പിടികൂടുന്ന കേസുകൾ വർധിച്ചുവരുകയാണ്.
വിദ്യാർഥികൾ, യുവാക്കൾ എന്നിവരാണ് സംഭവങ്ങളുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരിൽ ഭൂരിഭാഗവും. ഈ സാഹചര്യത്തിലാണ് പരിശോധന കൂടുതൽ ശക്തമാക്കാനും ലഹരിക്കടത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധകളുമായി എക്സൈസ് ഇറങ്ങിയത്.
ഇതിന്റെ ഭാഗമായി കൺട്രോൾ റൂം തുറന്നു. രണ്ട് സ്ട്രൈക്കിങ് ഫോഴ്സും ഒരു ഹൈവേ പട്രോളിങ് ഫോഴ്സും സദാ പ്രവർത്തിക്കുന്നുണ്ട്. ഒരു പ്രിവന്റിവ് ഓഫിസർ ഉൾപ്പെടെ അഞ്ചുപേരുൾപ്പെടുന്നതാണ് സ്ട്രൈക്കിങ് ഫോഴ്സ്. ലഹരിക്കേസുകളിൽ നേരത്തേ പിടിയിലായവരുടെ വിവരങ്ങൾ തേടുകയും പിടിയിലാകുന്നവരുടെ ഫോൺ കാളുകൾ അടക്കം പരിശോധിച്ച് ലഹരിയുമായി ബന്ധപ്പെട്ട ശൃംഖല കണ്ടെത്തുകയുമാണ് ചെയ്ത് വരുന്നതെന്ന് എക്സൈസ് ഇടുക്കി ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കി വരുകയാണ്. കഞ്ചാവും ഹഷീഷ് ഓയിലും കടന്ന് ഇപ്പോൾ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ലഹരികളാണ് യുവാക്കൾ ഉപയോഗിക്കുന്നത്. രണ്ട് മാസത്തനിടെ 25 എൻ.ഡി.പി.എസ് കേസും 22 അബ്കാരി കേസും തൊടുപുഴ റേഞ്ചിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എൻ.ഡി.പി.എസ് കേസുകളിൽ 32 പേരെയും അബ്കാരി കേസുകളിൽ 23 പേരെയും അറസ്റ്റ് ചെയ്തതായും എക്സൈസ് അധികൃതർ പറഞ്ഞു. ഇതുകൂടാതെ ഈസ്റ്റർ-വിഷു ആഘോഷങ്ങളുടെ മറവിൽ ജില്ലയിലേക്കുള്ള മദ്യക്കടത്തും വിൽപനയും തടയുക ലക്ഷ്യമിട്ടും പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. വ്യജമദ്യ നിർമാണം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക സംഘംതന്നെ ജില്ലയിൽ പ്രവർത്തിക്കുന്നുതായാണ് വിവരം. വിതരണത്തിണ് പ്രാദേശിക ഇടനിലക്കാരടക്കം രംഗത്തുണ്ട്.
അതിർത്തികളിലെ ഊടുവഴികളിലൂടെയുള്ള മദ്യ- ലഹരിക്കടത്താണ് എക്സൈസ് സംഘത്തിനു തലവേദന സൃഷ്ടിക്കുന്നത്. വനത്തിനുള്ളിലൂടെയാണ് ഇത്തരം പാതകൾ കൂടുതലും. അതിനാൽ പരിശോധന കൂടുതൽ വെല്ലുവിളി ഉയർത്തുമെന്നു എക്സൈസ് അധികൃതർ പറയുന്നു. ജില്ലയിലെ വിവിധ മേഖലകളിലുള്ള എക്സൈസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് തയാറാക്കിയിരിക്കുന്നത്.
മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കളുടെ കടത്ത്, ശേഖരണം, ഉപഭോഗം എന്നിവ തടയാൻ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, കുടുംബശ്രീ യൂനിറ്റുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, വനിത സംഘടനകൾ, ഇതര വകുപ്പുകൾ എന്നിവയുടെ സഹകരണവും എക്സൈസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈറേഞ്ചിൽ പുതുച്ചേരി മദ്യവിൽപന തകൃതി
നെടുങ്കണ്ടം: ഹൈറേഞ്ചിൽ പുതുച്ചേരി മദ്യം വിൽപന പൊടിപൊടിക്കുന്നു. ഉറവിടം കണ്ടെത്താനാവാതെ എക്സൈസ് ഇരുട്ടിൽ തപ്പുന്നു. ശനിയാഴ്ച പുതുച്ചേരി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിലായതോടെയാണ് ഹൈറേഞ്ച് മേഖലയിൽ പുതുച്ചേരി മദ്യം ഒഴുകുന്നതായി എക്സൈസിന് വ്യക്തമായത്.
രഹസ്യവിവരത്തെ തുടർന്ന് ഉടുമ്പൻചോല എക് സൈസ് സംഘം ഡ്രൈഡേ ദിനത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ പുതുച്ചേരി മദ്യവുമായി നെടുങ്കണ്ടം ചേമ്പളം പുളിക്കതുണ്ടിയിൽ റോയി മാത്യുവാണ് പിടിയിലായത്. വീടിന് സമീപത്തുനിന്നാണ് മദ്യവുമായി ഇയാൾ പിടിയിലായത്.
പുതുച്ചേരി മദ്യം ഹൈറേഞ്ചിൽ ആര് എത്തിച്ചെന്നും വിൽപനക്കാർ ആരെല്ലാമെന്നും കണ്ടെത്താൻ എക്സൈസ് പരിശോധന ശക്തമാക്കി. ഉടുമ്പൻചോല, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, പൂപ്പാറ മേഖലകളിൽ എക്സൈസ് സംഘം വ്യാപക പരിശോധന നടത്തി. ഡ്രൈഡേ ദിനത്തിൽപോലും വിൽപന തകൃതിയാണ്. ഇതിന് പിന്നിൽ വൻ മാഫിയ പ്രവർത്തിക്കുന്നതായി എക്സൈസ് അധികൃതർ സംശയിക്കുന്നു. എന്നാൽ, സംഘത്തെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.