അജീഷ് പോളിനായി പ്രാർഥനയോടെ കുടുംബം
text_fieldsതൊടുപുഴ: മാസ്ക് വെക്കാത്തത് ചോദ്യം ചെയ്തതിനെത്തുടർന്ന് ക്രൂരമായി ആക്രമിക്കപ്പെട്ട സിവിൽ പൊലീസ് ഓഫിസർ അജീഷ് പോളിനായി പ്രാർഥനയോടെ കുടുംബം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന മകൻ എത്രയും വേഗം സുഖം പ്രാപിച്ച് തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് പിതാവ് ചിലവ് വാളനാകുഴിയിൽ പോൾ വർഗീസും അമ്മ അച്ചാമ്മയും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ അജീഷിനെ മറയൂർ കോവിൽകടവ് സ്വദേശി സുലൈമാൻ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ അജീഷിെൻറ തലയോട്ടി പൊട്ടിയതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി. 2011ൽ സർവിസിൽ പ്രവേശിച്ച അജീഷ് മൂന്നുവർഷമായി മറയൂർ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. കുളമാവ്, ഇടുക്കി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ആരുമായും ഒരുവിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നയാളല്ല മകനെന്ന് പോൾ പറയുന്നു. നാട്ടുകാർക്കും സഹപ്രവർത്തകർക്കുമെല്ലാം അവനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. അവിവാഹിതനായ അജീഷിന് രണ്ട് സഹോദരങ്ങളാണുള്ളത്.
മൂത്തയാൾ സജീവാണ് ഇപ്പോൾ ആശുപത്രിയിൽ അജീഷിനൊപ്പം നിൽക്കുന്നത്. ജിജിയാണ് സഹോദരി. പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലാ സഹായവുമുണ്ടെന്നും പോൾ പറഞ്ഞു. ഒരു തവണയേ ആശുപത്രിയിൽ പോയി കാണാൻ കഴിഞ്ഞുള്ളൂ. കോവിഡ് മാർഗ നിർദേശങ്ങളുള്ളതിനാൽ വീട്ടിൽതന്നെ പ്രാർഥനകളുമായി കഴിയുകയാണ്. കുറ്റം ചെയ്തയാൾക്കെതിരെ കർശന നടപടി വേണമെന്നാണ് പോളിന് പറയാനുള്ളത്. കോവിഡ് ഡ്യൂട്ടിക്കിടെയായിരുന്നു ആക്രമണമെന്നതാണ് ഏറെ സങ്കടമുണ്ടാക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം, വധശ്രമത്തിനും ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സുലൈമാനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.