വിലയിടിവ്; മലഞ്ചരക്ക് വിപണി പ്രതിസന്ധിയിൽ
text_fieldsകട്ടപ്പന: മലഞ്ചരക്ക് വിപണിയിലെ പ്രതിസന്ധിയും കർഷകരുടെ ദുരിതത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയാണ്. ജില്ലയിലെ കർഷകരുടെ പ്രധാന വരുമാന മാർഗമായിരുന്ന ഏലം, കുരുമുളക്, കാപ്പി, ജാതിക്ക, ജാതിപ്പത്രി, ഗ്രാമ്പു, ചുക്ക്, മഞ്ഞൾ തുടങ്ങിയ ഉൽപന്നങ്ങളുടെ വിലയിടിവ് മൂലം കർഷകർ കടക്കെണിയിലാണ്. കർഷകരും ചെറുകിട വ്യാപാരികളുമാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നവരിൽ ഏറെയും.
ആറു മാസത്തിനിടെ ഏലം വിലയിൽ കിലോഗ്രാമിന് 350 രൂപ വരെ കുറഞ്ഞു. ഗോട്ടിമാല ഏലത്തിന്റെ ഇറക്കുമതിയും ജി.എസ്.ടിയുമാണ് ഏല വില കുത്തനെ താഴ്ത്തിയത്. ഈ വില ഇടിവ് മൂലം കിലോഗ്രാമിന് 200 മുതൽ 400 രൂപയുടെ വരെ നഷ്ടം കർഷകർക്കുണ്ടായി. ഇതെ സ്ഥിതിയാണ് കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിനും ജാതിക്കായ്ക്കും ഗ്രാമ്പുവിനുമെല്ലാം ഉണ്ടായത്. കുരുമുളക് വില 480 രൂപയിൽനിന്ന് 510 രൂപയിലേക്ക് ഉയർന്നെങ്കിലും നാലു വർഷം മുമ്പത്തെ വിലയിലേക്ക് എത്തിയില്ല. അന്ന് കിലോഗ്രാമിന് 700 രൂപ വരെ വില ഉണ്ടായിരുന്നു.
ജാതി പത്രി വില 1450 രൂപയിലേക്ക് ഉയർന്നെങ്കിലും ഗ്രാമ്പുവില 750 രൂപയിൽനിന്ന് 675 രൂപയിലേക്ക് ഇടിഞ്ഞു. കാപ്പിക്കുരു വില കിലോഗ്രാമിന് 82 രൂപയും പരിപ്പ് വില 145 ലേക്കും ഇടിഞ്ഞു. പച്ച കൊക്കോ വില 45 രൂപയാണ്. ഉണക്ക കൊക്കോ കായിക്ക് കിലോഗ്രാമിന് 175 രൂപയാണ് വില. കൊട്ടയടക്ക വില കിലോഗ്രാമിന് 270 രൂപയിലും താഴെയാണ്. ചുക്കിന്റെ വില കിലോഗ്രാമിന് 135 രൂപയിലേക്ക് ഇടിഞ്ഞപ്പോൾ പച്ച ഇഞ്ചി കിലോഗ്രാമിന് 35 രൂപയിൽ താഴെയാണ്. മഞ്ഞൾ വില കിലോ ഗ്രാമിന് 100 രൂപയിലേക്ക് താഴ്ന്നു. ചുരുക്കത്തിൽ മലഞ്ചരക്ക് വിപണിയാകെ തകർന്ന കാഴ്ചയാണ് ഹൈറേഞ്ചിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.