ഉപ്പുതറയിൽ ഏലത്തോട്ടത്തിൽ പുലിയെ കണ്ടതായി കർഷകർ
text_fieldsകട്ടപ്പന: ഉപ്പുതറയിൽ പുലിയെ കണ്ടതായി ഏലത്തോട്ടത്തിൽ കാവലിരുന്ന കർഷകർ. 23 വർഷമായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിവക പുതുക്കടയിലെ ഭൂമിയിൽ ഏലകൃഷി നടത്തിയിരുന്നവരാണ് പുലിയെ കണ്ടതായി പറയുന്നത്.ഏലത്തോട്ടത്തിൽ കാവലിരുന്ന പുതുക്കട നിലക്കൽ സരിലാലാണ് പുലിയെ കണ്ടത്. രാത്രി ഏലത്തിനും കപ്പക്കും കാവൽ കിടക്കാൻ എത്തിയപ്പോൾ പുലിയുമായി സാമ്യമുള്ള മൃഗത്തെ കണ്ടു.
തിരികെ വന്നു സുഹൃത്തിനെക്കൂട്ടി നടത്തിയ പരിശോധനയിൽ പുലിയെ തന്നെ കണ്ടതായി ഇവർ പറഞ്ഞു. നേരം പുലർന്ന് കഴിഞ്ഞ് ഏലത്തോട്ടത്തിലെത്തിയപ്പോൾ പുലിയുടെ കാൽപ്പാടുകൾ കാണുകയും ചെയ്തു. കഴിഞ്ഞ മാസം സമീപത്തെ മറ്റൊരു കർഷകൻ അജേഷ് പുലിയെ കണ്ടതായി പറഞ്ഞിരുന്നു.
എന്നാൽ, ഇത് ആരും വിശ്വസിച്ചിരുന്നില്ല. സരിലാലും ബന്ധുവും പുലിയെ നേരിട്ടുകണ്ടതോടെ നാട്ടുകാർ ഭീതിയിലായി. സരിലാലിന്റെ ഏലത്തോട്ടത്തിലാണ് പുലിയെ കണ്ടത്. ഏലം കൃഷിക്ക് ചുറ്റുമുള്ള തേയിലക്കിടയിൽ കാടുവളർന്ന് പന്തലിച്ചിരിക്കുന്നതിനാൽ പുലിക്ക് ഒളിക്കാൻ ധാരാളം സ്ഥലമുണ്ട്.
പുതുക്കടയിലെയും ഒമ്പത് ഏക്കറിലെയും ജനവാസകേന്ദ്രത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരം മാത്രമാണ് പുലിയിറങ്ങിയ സ്ഥലത്തേക്കുള്ളത്. കാൽപാടുകൾ കണ്ടതോടെ പഞ്ചായത്തിലും വനം വകുപ്പിലും വിവരം ധരിപ്പിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജയിംസും പഞ്ചായത്ത് അംഗം ജയിംസ് തോക്കൊമ്പിലും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.