ഇടുക്കിയിൽ പനിച്ചൂട് ; കർമ പദ്ധതിയുമായി ആരോഗ്യവകുപ്പ്
text_fieldsതൊടുപുഴ: ജില്ലയിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർമപദ്ധതിയുമായി ആരോഗ്യവകുപ്പ്. ഇടുക്കിയിൽ മറ്റ് ജില്ലകളിലേതുപോലെ പനിക്കേസുകളില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത കൈവിടരുതെന്നാണ് നിർദേശം. 500ന് മുകളിൽ വൈറൽ പനിക്കേസുകളാണ് ഒരു ദിവസം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് കണക്കുകൾ.
ലോറേഞ്ചിൽ ഈ മാസം 15 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. തൊടുപുഴ മുനിസിപ്പാലിറ്റി, വണ്ണപ്പുറം, ഇളംദേശം മേഖലകളിലാണ് കേസുകൾ. മഴക്കാല രോഗങ്ങൾക്കെതിരെ ആരോഗ്യജാഗ്രത എന്ന പേരിലാണ് ആരോഗ്യവകുപ്പ് കർമപദ്ധതികൾ ആരംഭിക്കുന്നത്. പനി വ്യാപനം മുന്നിൽക്കണ്ട് ജില്ല മെഡിക്കൽ ഓഫിസിൽ കൺട്രോൾ റൂം ചൊവ്വാഴ്ച മുതൽ പ്രവർത്തനം തുടങ്ങി. മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് കൺട്രോൾ റൂം തുറന്നതെന്നും ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലായിരിക്കും കൺട്രോൾ റൂം പ്രവർത്തിക്കുക. മഴ എത്തിയതോടെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പനി ബാധിതരുടെ എണ്ണം വളരെക്കൂടുതലാണ്. കൊതുകിന്റെ ഉറവിട നശീകരണമാണ് ഇപ്പോൾ പ്രധാനമായി നടക്കുന്നത്. ഇടവിട്ടു പെയ്യുന്ന മഴ, ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ പെരുകാൻ അനുകൂല സൗകര്യമൊരുക്കുന്നതാണ്. ചികുൻഗുനിയ, സിക തുടങ്ങിയ കൊതുകുജന്യരോഗങ്ങൾ പടരാനും സാധ്യത കൂടുതലാണ്.
വീടിനുള്ളിൽ കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ കണ്ടെത്തി ഒഴിവാക്കുകയാണ് ഓരോരുത്തരും ആദ്യം ചെയ്യേണ്ടതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. മനോജ് മുന്നറിയിപ്പ് നൽകുന്നു. ഇൻഡോർ ചെടികൾക്ക് ഒഴിക്കുന്ന വെള്ളം, ഫ്രിഡ്ജിന് പിന്നിൽ ശേഖരിക്കുന്ന വെള്ളം, ഇങ്ങനെയുള്ള ഇടങ്ങളിൽ കൊുതുക് പെരുകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. സ്കൂളുകളിൽ പകർച്ചവ്യാധിക്കെതിരെ കുട്ടികളെ ബോധവത്കരിക്കുന്ന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളെക്കൊണ്ട് പ്രതിജ്ഞയടക്കം എടുപ്പിക്കുന്നു. പൊതുകിണറുകളിലെ ക്ലോറിനേഷനും മുൻതൂക്കം നൽകുന്നു. ആശുപത്രികളിൽ പനി ക്ലിനിക്കുകൾ തുറന്നിട്ടുണ്ട്. മരുന്നുകൾ ആശുപത്രികളിൽ ഉറപ്പു വരുത്തിയതായും ഡി.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.