വൈറലാണ് പനി; പകർച്ചപ്പനി കൂടുന്നു
text_fieldsതൊടുപുഴ: കാലാവസ്ഥ മാറ്റത്തെത്തുടർന്ന് ജില്ലയിൽ പകർച്ചപ്പനി പിടിപെടുന്നവരുടെ എണ്ണം ഓരോ ദിവസവും കുതിക്കുന്നു. മൂന്ന് മാസത്തിനിടെ ജില്ലയിൽ 12,196 പേർക്ക് പകർച്ചപ്പനി ബാധിച്ചതായാണ് കണക്ക്.
എന്നാൽ, എല്ലാ വർഷവും ഇതേസീസണിൽ കാണപ്പെടുന്ന തോതിലേ പകർച്ചപ്പനി ഇപ്പോഴും വ്യാപിക്കുന്നുള്ളൂ എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
ഒക്ടോബറിൽ 3663 പേർക്കും നവംബറിൽ 3945 പേർക്കും ഡിസംബറിൽ 4373 പേർക്കും ജനുവരി അഞ്ചുവരെ 215 പേർക്കുമാണ് ജില്ലയിൽ പകർച്ചപ്പനി റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബറിൽ 4000 പേർക്ക് പനി റിപ്പോർട്ട് ചെയ്തെങ്കിലും തുടർന്നുള്ള രണ്ടു മാസങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞു.
എന്നാൽ, ഡിസംബറിൽ രോഗികൾ പിന്നെയും കൂടി. അതിരാവിലെ നല്ല തണുപ്പും ഉച്ചസമയങ്ങളിൽ കടുത്ത ചൂടും അനുഭവപ്പെടുന്ന നിലവിലെ കാലാവസ്ഥയുടെ ഭാഗമായാണ് കൂടുതൽ പേർക്ക് പനി ബാധിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കുട്ടികൾ മുതൽ വയോധികർവരെ എല്ലാ പ്രായക്കാർക്കും പനി ബാധിക്കുന്നുണ്ട്.
വായുവിലൂടെ പകരുന്ന വൈറൽ പനിയുടെ പ്രധാന ലക്ഷണങ്ങൾ തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടപ്പ്, തലവേദന, ക്ഷീണം തുടങ്ങിയവയാണ്. ആസ്ത്മ രോഗികളിൽ വൈറൽ പനി കൂടുതൽ തീവ്രമാകാറുണ്ട്. വൈറൽ പനിയെ പ്രതിരോധിക്കാൻ ചികിത്സക്കൊപ്പം മതിയായ വിശ്രമവും ആവശ്യമാണ്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിരുന്ന കഴിഞ്ഞ രണ്ടു വർഷങ്ങളിലും പകർച്ചപ്പനി ബാധിതരുടെ എണ്ണം കുറവായിരുന്നു. മാസ്ക് ധരിക്കുന്നതിലും സമൂഹ അകലം പാലിക്കുന്നതിലും കൈകൾ വൃത്തിയാക്കുന്നതിലും ഉണ്ടായ ജാഗ്രതക്കുറവും ഇത്തവണ രോഗികളുടെ എണ്ണം വർധിക്കാൻ കാരണമാണ്.
ഒമിക്രോൺ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പലരും പകർച്ചപ്പനിയെയും ആശങ്കയോടെ കാണുന്ന സാഹചര്യമുണ്ട്.
ആശുപത്രികളിൽ ചികിത്സ തേടാൻ മടിക്കുന്നതും സ്വയം ചികിത്സ തെരഞ്ഞെടുക്കുന്നതും പലപ്പോഴും സ്ഥിതി വഷളാക്കാനേ സഹായിക്കൂ എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
പനിബാധിതർക്ക് ആവശ്യമായ എല്ലാ ചികിത്സയും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും നിലവിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്നും ജില്ല മെഡിക്കൽ ഓഫിസ് അധികൃതർ അറിയിച്ചു.
ശ്രദ്ധിക്കുക
പനിയുണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടുക. സ്വയം ചികിത്സ പരമാവധി ഒഴിവാക്കുക
പലതരം പനികളുള്ളതിനാൽ ഏതു പനിയാണെന്ന് തുടക്കത്തിൽതന്നെ കൃത്യമായി നിർണയിക്കുന്നത് ചികിത്സ സുഗമമാക്കാനും രോഗമുക്തി വേഗത്തിലാക്കാനും സഹായിക്കും
മാസ്ക് ധരിക്കുക, സമൂഹ അകലം പാലിക്കുക, കൈകൾ വൃത്തിയാക്കുക
പനിയുണ്ടായാൽ തൊട്ടടുത്തുള്ള ആശാ പ്രവർത്തകരുടെ സഹായവും തേടാം
ആശുപത്രികളിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇ സഞ്ജീവനി പോർട്ടൽവഴി വിഡിയോ കാളിലൂടെ ഡോക്ടറുടെ സേവനം ലഭ്യമാണ്
ഇനിയും വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്സിനേഷൻ സ്വീകരിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.