ആർപ്പൂക്കരയിൽ പാടം നികത്തൽ വ്യാപകം
text_fieldsഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്തിെൻറ പടിഞ്ഞാറൻ മേഖലകളിലെ നെൽപാടങ്ങൾ വൻതോതിൽ നികത്തുന്നതായി പരാതി. ഏക്കറുകണക്കിന് പാടശേഖരങ്ങളാണ് അനധികൃതമായി മണ്ണടിച്ച് പുരയിടങ്ങളാക്കുന്നത്. മെഡിക്കൽ കോളജ്-ചീപ്പുങ്കൽ റോഡിനോട് ചേർന്ന മണിയാപറമ്പ്, കരിപ്പ, കരിപ്പൂത്തട്ട്, കുമരംകുന്ന് പ്രദേശങ്ങളിലെ പാടശേഖരങ്ങളാണ് നികത്തുന്നത്.
കൃഷിചെയ്തുകൊണ്ടിരിക്കുന്ന നിലങ്ങളിലും വർഷങ്ങളായി കൃഷി ചെയ്യാത്ത നിലങ്ങളിലുമെല്ലാം മണ്ണടിച്ച് പൊക്കി കരഭൂമിയാക്കി മാറ്റുന്നു. വീടുവെക്കാൻ അഞ്ചു സെന്‍റുവരെ നിലം നികത്താമെന്നുള്ള വ്യവസ്ഥയെ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഈ ഭാഗങ്ങളിൽ വ്യാപക നികത്തൽ.
മെഡിക്കൽ കോളജ്-ചീപ്പുങ്കൽ റോഡ് യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിലെ ഭൂമിക്ക് നല്ലവില വരുമെന്നതിനാലാണ് പാടശേഖരങ്ങൾ വലിയതോതിൽ നികത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഉണ്ടെന്ന ആക്ഷേപവുമുണ്ട്.
പുലർച്ച നാലു മുതൽ എട്ടുവരെ ഈ മേഖലയിലേക്ക് നിരവധി ടിപ്പറുകളാണ് മണ്ണുമായി എത്തുന്നത്. ടിപ്പറുകളുടെ അമിത വേഗം പുലർച്ച വ്യായാമത്തിനായി ഇറങ്ങുന്ന കാൽനടക്കാർക്ക് ഭീതിയുണ്ടാക്കുന്നതായും പരാതിയുണ്ട്. മന്ത്രിക്കും കലക്ടർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.പാടങ്ങൾ നികത്തുന്നത് രൂക്ഷമായ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.