പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ; കരുതൽ മേഖലയിൽ നിർമാണങ്ങൾ 13,848
text_fieldsതൊടുപുഴ: ഉപഗ്രഹസർവേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം ജില്ലയിലെ സംരക്ഷിതവനങ്ങളുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ കരുതൽ മേഖലയിൽ (ബഫർസോൺ) ഉൾപ്പെടുന്ന നിർമാണങ്ങൾ -13,848. വീടുകൾ, വിവിധ സ്ഥാപനങ്ങൾ, വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ തുടങ്ങിയ നിർമാണങ്ങളാണ് ഉൾപ്പെടുന്നത്. എന്നാൽ, പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ സമഗ്രമല്ലെന്നും പിഴവുകൾ നിറഞ്ഞതാണെന്നും വിമർശനം ഉയർന്നു.
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്‍റ് സെന്‍ററാണ് (കെ.എസ്.ആർ.ഇ.സി) തയാറാക്കിയത്. നേരിട്ട് സ്ഥലം സന്ദർശിച്ചുള്ള പഠനത്തിന് പകരം വേണ്ടത്ര കൃത്യതയില്ലാത്ത ഉപഗ്രഹ സർവേയെ ആശ്രയിച്ചതിലൂടെ വിവരങ്ങൾ അപൂർണവും ഒട്ടേറെ പൊരുത്തക്കേടുകൾ നിറഞ്ഞതുമായി എന്നാണ് വിമർശനം.തെറ്റായ റിപ്പോർട്ടിലെ വിവരങ്ങൾ ആധികാരികമെന്ന നിലയിൽ സുപ്രീം കോടതിയിൽ നൽകാനുള്ള സർക്കാർ നീക്കം കരുതൽമേഖല വിഷയം ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു.
വീടുകൾ 3009; വാണിജ്യസ്ഥാപനങ്ങൾ 2531
ജില്ലയിലെ എട്ട് സംരക്ഷിതവനങ്ങളുടെ കരുതൽ മേഖലയിലായി 13,848 നിർമാണങ്ങൾ ഉൾപ്പെടുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടിലെ കണക്ക്. പെരിയാർ -5570, ഇടുക്കി -3944, ആനമുടി -1292, മതികെട്ടാൻ -990, ഇരവികുളം -769, ചിന്നാർ -623, കുറിഞ്ഞിമല -597, പാമ്പാടുംചോല -63 എന്നിങ്ങനെയാണ് ഓരോ സംരക്ഷിത വനത്തിന്‍റെയും ഒരു കിലോമീറ്റർ ചുറ്റളവിലെ എണ്ണം കണക്കാക്കിയിരിക്കുന്നത്.
ഇവയിൽ 3009 എണ്ണം വീടുകളും 2531 എണ്ണം വാണിജ്യസ്ഥാപനങ്ങളും 67 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങളും 50 എണ്ണം മതസ്ഥാപനങ്ങളുമാണ്. ഒരേ സമയം വാണിജ്യവും പാർപ്പിടവും കൂടി വരുന്ന വിഭാഗത്തിൽ 5904 കെട്ടിടങ്ങളുമുണ്ട്.സംസ്ഥാനത്തുതന്നെ കരുതൽ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും (48) മതസ്ഥാപനങ്ങളും (35) വരുന്നത് ഇടുക്കി വന്യജീവി സങ്കേത പരിധിയിലാണ്.
4 പഞ്ചായത്ത്; 2617 സർവേ നമ്പറുകൾ
ജില്ലയിലെ എട്ട് സംരക്ഷിത വനമേഖലകളുടെ പരിധിയിൽ വരുന്ന കരുതൽ മേഖലയിൽ 15 പഞ്ചായത്തുകളിൽനിന്നായി 2617 ഭൂമിയുടെ സർവേനമ്പറുകളാണുള്ളത്. ഇവയിൽ 1897 സർവേ നമ്പറുകൾ പൂർണമായും 720 നമ്പറുകൾ ഭാഗികമായും പ്രാഥമിക റിപ്പോർട്ട് പ്രകാരം കരുതൽ മേഖല പരിധിയിൽ വരുന്നു. മറയൂർ -97, മൂന്നാർ -273, കാന്തല്ലൂർ -412, വട്ടവട -730, ചിന്നക്കനാൽ -107, ശാന്തൻപാറ -414, അറക്കുളം -എട്ട്, കഞ്ഞിക്കുഴി -141, കാമാക്ഷി -47, കാഞ്ചിയാർ -116, മരിയാപുരം -102, ഉപ്പുതറ ഏഴ്, കുമളി -122, വണ്ടിപ്പെരിയാർ -41 എന്നിങ്ങനെയാണ് സർവേ നമ്പറുകളുടെ എണ്ണം.
പൊരുത്തക്കേടുകളുടെ റിപ്പോർട്ട്
സംസ്ഥാനത്തെ 23 സംരക്ഷിത വനമേഖലകളിൽ ഇരവികുളം, കുറിഞ്ഞിമല, ഇടുക്കി, പെരിയാർ, ചിന്നാർ, പാമ്പാടുംചോല, മതികെട്ടാൻ, ആനമുടി എന്നിങ്ങനെ എട്ടെണ്ണവും ഇടുക്കിയിലാണ്. ഈ വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് കരുതൽ മേഖലയായി പരിഗണിച്ച് നിർമാണപ്രവർത്തനങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ജനവാസ മേഖലകൾ നിർണയിക്കാൻ ഉപഗ്രഹ സർവേനടത്തിയത്.
എന്നാൽ, ജനവാസ മേഖലകളുടെ എണ്ണം യഥാർഥത്തിൽ ഉള്ളതിനെക്കാൾ വളരെ കുറച്ച് കാണിക്കുന്നതാണ് പ്രാഥമിക റിപ്പോർട്ട് എന്ന വിമർശനമുണ്ട്. വിവരങ്ങളിലെ പൊരുത്തക്കേടും റിപ്പോർട്ടിൽ അവതരിപ്പിച്ചിരിക്കുന്നതിലെ ആശയക്കുഴപ്പവും സ്ഥലങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയപ്പോൾ പഞ്ചായത്തുകളും വില്ലേജുകളും മാറിപ്പോയതുമെല്ലാം കർഷകർക്ക് പുതിയ തലവേദനയാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.