അണക്കെട്ടുകളിൽ ഇനി പിടക്കണ മീൻ
text_fieldsതൊടുപുഴ: വെല്ലുവിളി നേരിടുന്ന ജില്ലയിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ അണക്കെട്ടുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്.
കേരള റിസർവോയർ ഫിഷറീസ് ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്തു വർധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. കഴിഞ്ഞ മഴക്കാലത്ത് ഭൂരിഭാഗം അണക്കെട്ടുകളും തുറന്നുവിട്ടപ്പോൾ നൂറുകണക്കിന് വലിയ മത്സ്യങ്ങൾ ഒഴുകിപ്പോയിരുന്നു.
25 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാണ് തയാറെടുക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ പൊന്മുടി ജലാശയത്തിൽ 4.57 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ഇനി ആനയിറങ്കൽ, മാട്ടുപ്പെട്ടി, ഇരട്ടയാർ എന്നീ അണക്കെട്ടുകളിലാണ് 25 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനൊരുങ്ങുന്നത്. 4.57 ലക്ഷം കാർപ് ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പൊന്മുടിയിൽ 87 തൊഴിലാളികളാണ് മത്സ്യബന്ധനം ഉപജീവനമാർഗമായിട്ടുള്ളവർ.
ജില്ലയിൽ സാമൂഹിക മത്സ്യകൃഷിയുടെ ഭാഗമായി അണക്കെട്ടുകളിൽ നേരത്തേ മത്സ്യകൃഷി നടത്തിയിരുന്നു. എന്നാൽ, അണക്കെട്ടുകൾ തുറന്നുവിട്ടതോടെ ഇവിടങ്ങളിലെ മത്സ്യങ്ങൾ ഭൂരിഭാഗവും ഒഴുകിപ്പോകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് റിസർവോയർ ഫിഷറീസ് ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി വീണ്ടും കൃഷി ഇറക്കുന്നത്.
കാലാവസ്ഥ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയവും നിയമവിരുദ്ധവുമായ മത്സ്യബന്ധന രീതികൾ എന്നിവ മൂലം പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്തിന് അനുദിനം ശോഷണം സംഭവിക്കുന്നുണ്ട്.
ജില്ലയിൽ അണക്കെട്ടുകൾ ധാരാളം ഉള്ളതിനാൽ പദ്ധതി മത്സ്യസമ്പത്തത് വർധിപ്പിക്കാൻ സഹായകമാകും. പദ്ധതിയുടെ കീഴിലുള്ള ജലാശയങ്ങളിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് സഹകരണ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
റിസർവോയറിനെ ആശ്രയിച്ച് 30 ശതമാനത്തോളം ആദിവാസികളും ജീവിക്കുന്നുണ്ട്. ഇവർക്ക് മീൻ പിടിക്കാനും വിറ്റഴിക്കാനും ഫിഷറീസ് വകുപ്പ് കൊട്ടവഞ്ചി, വല, ത്രാസ് എന്നിവ നൽകിയിട്ടുണ്ട്. 200ഓളം അംഗീകൃത തൊഴിലാളികളും ഉണ്ട്. ഇവർക്ക് പരിശീലനമടക്കം നൽകും.
എല്ലാ അണക്കെട്ടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. എല്ലാ മാസവും മത്സ്യത്തൊഴിലാളികളിൽനിന്നും കണക്കുകൾ ശേഖരിക്കാറുണ്ട്.
നേരത്തേ ഇടുക്കി ജലസംഭരണിയുടെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ, എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ മൂന്ന് ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്. അണക്കെട്ടുകളിലെ മത്സ്യത്തിന് ആവശ്യക്കാർ ഏറെയാണ്.
റിസർവോയർ പദ്ധതി കൂടാതെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി എല്ലാ പഞ്ചായത്തിലും നടപ്പാക്കുന്നുണ്ട്.
കൂടാതെ മുറ്റത്തൊരു മീൻതോട്ടം പദ്ധതി, പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന, നൂതന മത്സ്യകൃഷി പദ്ധതികളും നടപ്പാക്കിവരുന്നതായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.