അഞ്ചുപേരെ കുത്തിയ വരയാടിനെ ഇരവികുളത്തേക്ക് ‘നാടുകടത്തിയേക്കും’
text_fieldsമറയൂർ: അഞ്ചുപേരെ കുത്തിയ പാളപ്പെട്ടിയിലെ ആക്രമണകാരിയായ വരയാടിനെ ഇരവികുളത്തേക്ക് മാറ്റാൻ ശിപാർശ. തിരുവനന്തപുരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഈ ആവശ്യമുന്നയിച്ച് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ് കത്തയച്ചു.
എങ്ങനെ പിടികൂടി മാറ്റണമെന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്തല്ലൂർ പാളപ്പെട്ടിയിൽ ഇത് വരെ അഞ്ചുപേരെയാണ് ആട് കുത്തി പരിക്കേൽപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുപേർക്ക് വരയാടിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഈ സാഹചര്യത്തിൽ പാളപ്പെട്ടിയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് വൈഡ് ലൈഫ് വാർഡന് ശിപാർശക്കത്ത് അയച്ചിരിക്കുന്നത്. രണ്ട് വർഷം മുമ്പ് വഴിതെറ്റി വന്ന വരയാട് ഒറ്റപ്പെട്ട് പാളപ്പെട്ടിയിലെത്തി വളർത്ത് ആടുകളുമായി കൂട്ടുച്ചേരുകയായിരുന്നു. ആക്രമണം പതിവായതോടെ വരയാടുകൾ മാത്രമുള്ള ഇരവികുളം ദേശീയോദ്യാനത്തിലേക്ക് മാറ്റാനാണ് ശിപാർശ നൽകിയിരിക്കുന്നത്. മറുപടി ലഭിച്ചാൽ ഉടൻ തുടർ നടപടികളുണ്ടാകുമെന്നും വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.