ബാഗിലുണ്ട് കരുതലിന്റെ പൊതിച്ചോർ
text_fieldsതൊടുപുഴ: വ്യാഴാഴ്ചകളിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂളിലെത്തുന്ന കുട്ടികളുടെ ബാഗിൽ അവർക്കല്ലാതെ മറ്റൊരു പൊതിച്ചോർ കൂടി കരുതുന്നത് പതിവാണ്. വീട്ടിൽ അന്നുണ്ടാക്കിയ ചോറും കറികളുമൊക്കെ അതിലുണ്ടാകും.
രാവിലെ സ്കൂളിലെത്തുന്നയുടൻ ആ പൊതിച്ചോർ അവർ ചുമതലയുള്ള അധ്യാപകന് കൈമാറും. ഇത്തരത്തിൽ 100 പൊതികളാണ് വിദ്യാർഥികൾ ശേഖരിച്ച് മടക്കത്താനത്തുള്ള സ്നേഹവീട്ടിലെ അന്തേവാസികൾക്ക് കൈമാറുന്നത്.
കുട്ടികളുടെ ഈ കരുതൽ തുടങ്ങിയിട്ട് നാലു വർഷമായി. കോവിഡ് കാലത്ത് നടപ്പായില്ലെങ്കിലും ഇപ്പോൾ വീണ്ടും പദ്ധതി ആരംഭിച്ചിട്ടുണ്ട്.
വിശക്കുന്നവനെ ജീവിതത്തിന്റെ ഭാഗമായി കാണാനുള്ള വിശാല മനസ്സ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് പദ്ധതിലക്ഷ്യം.
മടക്കാത്താനത്തെ സ്നേഹ ഭവനത്തിൽ നേരത്തെ അധ്യാപകരും വിദ്യാർഥികളും സന്ദർശിച്ചിരുന്നു.
ജെ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലെയും കുട്ടികളെ തരം തിരിച്ചാണ് പൊതിച്ചോർ കൊണ്ടുവരാൻ ഏൽപിക്കുന്നത്. ഒരിക്കൽ പോലും പൊതിച്ചോർ ലഭിക്കാതെ ഇരുന്നിട്ടില്ലെന്ന് ചുമതലയുള്ള അധ്യാപകർ പറഞ്ഞു.
ഇതോടൊപ്പം അന്തേവാസികൾക്ക് വസ്ത്രങ്ങൾ കൂടി സ്നേഹ വീട്ടിലേക്ക് കുട്ടികൾ എത്തിച്ചു നൽകുന്നുണ്ട്. വിശേഷ അവസരങ്ങളിൽ കുട്ടികൾ ഇവിടം സന്ദർശിച്ച് മധുര പലഹാരങ്ങള വിതരണം ചെയ്യാറുണ്ട്.
സഹജീവികൾക്ക് സഹായമേകാൻ സാന്ത്വനം പദ്ധതിയും സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കുട്ടികളുടെ പിറന്നാളടക്കമുള്ള വിശേഷ ദിവസങ്ങളിൽ ഒരു ചെറിയ തുക കുട്ടികൾ പദ്ധതിയിൽ നിക്ഷേപിക്കും. അവരുടെ പിറന്നാൾ ദിവസം െചലവഴിക്കാനായി മാറ്റിവെച്ച തുകയാണ് അവർ പദ്ധതിയിൽ നൽകുന്നത്. ഒരു ലക്ഷത്തോളം രൂപ മൂന്ന് വർഷത്തിനുള്ളിൽ സാന്ത്വനം പദ്ധതിയുടെ ഭാഗമായി സഹായം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.