ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയത് 261 പരിശോധന
text_fieldsതൊടുപുഴ: ഗുണനിലവാരമില്ലാത്തതും മായംചേര്‍ത്തതുമായ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്താന്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞമാസം നടത്തിയത് 261 പരിശോധനകള്‍. ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ രണ്ടു സ്ഥാപനങ്ങള്‍ അടപ്പിച്ചു. വിവിധ സ്ഥാപനങ്ങളില്‍നിന്ന് 89,500 രൂപയാണ് പിഴയായി അടപ്പിച്ചത്. ക്രമക്കേടുകള്‍ കണ്ടെത്തിയ 19 സ്ഥാപനങ്ങള്‍ക്ക് പിഴയടക്കാനുള്ള നോട്ടീസ് നല്കി. 17 സ്ഥാപനങ്ങള്‍ക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നുള്ള മുന്നറിയിപ്പ് നോട്ടീസും നല്കി. ദീപാവലി അടുത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണര്‍ ജോസ് ലോറന്‍സ് പറഞ്ഞു.
38 സ്ഥാപനങ്ങള്‍ക്കെതിരെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവിധ കാരണങ്ങളാല്‍ നിലവാരമില്ലാതെ പ്രവര്‍ത്തിച്ച ആറ് സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള നോട്ടീസ് നല്കി. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈല്‍ ലാബില്‍ 130 സാമ്പിളുകളാണ് പരിശോധിച്ചത്. നിയമവിധേയമായി കേസെടുത്ത് 33 സാമ്പിളുകള്‍ കെമിക്കല്‍ ലാബിലേക്ക് വിശദപരിശോധനക്ക് അയച്ചു. വിവിധ പരിശോധനകളില്‍ ശേഖരിച്ച 130 സാമ്പിളുകളും പരിശോധനക്കയച്ചു. പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്കായിരിക്കും ഇവര്‍ക്കെതിരെയുള്ള നടപടി.
സ്കൂള്‍ പരിസരങ്ങളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുകളുടെ വില്പന നടക്കുന്നുണ്ടോയെന്നറിയാന്‍ കഴിഞ്ഞമാസം അഞ്ചിന് സമീപമുള്ള സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായിരുന്നു ജില്ലയിലും പരിശോധന നടത്തിയത്.
ഏതാനും മാസങ്ങളായി ഭക്ഷ്യസുരക്ഷ വകുപ്പും തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും സംയുക്തമായും അല്ലാതെയും വ്യാപക പരിശോധന നടത്തിവരുന്നുണ്ട്. തൊടുപുഴ നഗരസഭ ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ വിൽപന നടത്തിയ നഗരമേഖലയിലെ ഏതാനും ഹോട്ടലുകള്‍ക്കും മറ്റും നോട്ടീസ് നല്‍കിയിരുന്നു. ഇതിനുപുറമേ മത്സ്യ, മാംസ സ്റ്റാളുകളിലും പരിശോധന നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.