കാട്, മണ്ണ്, ചെളി: മൂന്നാർ ഹെഡ്വർക്സ് ഡാമിന്റെ സംഭരണശേഷി കുറയുന്നു
text_fieldsമൂന്നാർ: ആദ്യ ജല വൈദ്യുതി പദ്ധതിയായ പള്ളിവാസൽ പദ്ധതിയുടെ ഭാഗമായ മൂന്നാർ ഹെഡ്വർക്സ് ഡാമിനുള്ളിൽ കാടുവളർന്നും മണ്ണും ചെളിയും നിറഞ്ഞും സംഭരണ ശേഷി കുറയുന്നു.
ഡാമിന്റെ ഉള്ളിലും സമീപത്തെ വൃഷ്ടി പ്രദേശവുമുൾപ്പെടെ ഏക്കർ കണക്കിന് സ്ഥലമാണ് നികന്ന് ഉപയോഗശൂന്യമായി കിടക്കുന്നത്. സംഭരിക്കാൻ സ്ഥലമില്ലാത്തതിനാൽ വെള്ളം പാഴായിപ്പോകുന്ന സ്ഥിതിയാണ് ഇതുമൂലമുള്ളത്.
നല്ലതണ്ണി, കന്നിമല ആറുകളിലൂടെ മുതിരപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തോടൊപ്പം മാട്ടുപ്പെട്ടിയിൽ വൈദ്യുതോൽപാദനം കഴിഞ്ഞ് പുറന്തള്ളുന്ന വെള്ളം കൂടി മുതിരപ്പുഴയിൽ സംഭരിച്ചാണ് പള്ളിവാസൽ പവർഹൗസിലേക്ക് തിരിച്ചുവിടുന്നത്. ഈ ജലം ഉപയോഗിച്ചാണ് പള്ളിവാസലിൽ വൈദ്യുതി ഉൽപാദനം. പഴയ മൂന്നാറിലെ ഹെഡ് വർക്സ് ഡാമിൽ തടഞ്ഞുനിർത്തിയാണ് ഈ വെള്ളം തുരങ്കം വഴി തിരിച്ചു വിടുന്നത്.
എന്നാൽ അധികൃതരുടെ പിടിപ്പുകേടുമൂലം ഡാമിലെ സംഭരണശേഷി കുറഞ്ഞുവരികയാണ്. സി.പി.രാമസ്വാമി അയ്യരുടെ പേരിൽ അറിയപ്പെടുന്ന ഹെഡ് വർക്സ് ഡാം 1940ൽ നിർമിച്ചതാണ്. ഇവിടെ തടഞ്ഞു നിർത്തുന്ന വെള്ളം 1640 അടി നീളമുള്ള അപ്രോച്ച് ചാനലിലൂടെയാണ് തുരങ്കത്തിലേക്ക് എത്തുന്നത്. ഡാമിന്റെ സംഭരണ സ്ഥലത്തെ കാടും ഉള്ളിൽ അടിഞ്ഞുകിടക്കുന്ന മണ്ണും ചെളിയും നീക്കാൻ 20 വർഷമായി അധികൃതർ നടപടിയെടുക്കുന്നില്ല.
ഇത്തരത്തിൽ ദിവസവും ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. നിർമാണം ഏതാണ്ട് പൂർത്തിയായ പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ പള്ളിവാസലിൽ വൈദ്യുതി ഉൽപാദനത്തിന് വെള്ളം തികയാതെ വരുന്ന അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.