ഭൂപ്രശ്നം മുതൽ വന്യജീവി വരെ; പരിഹാരം കാത്ത് ഇടുക്കി
text_fieldsകഠിനധ്വാനം കൊണ്ട് കീഴടക്കിയ മണ്ണില്‍ ഫലംകൊയ്തു തുടങ്ങിയ കുടിയേറ്റ ജനതയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു പുതിയ ജില്ല. നാട്ടില്‍ സ്വന്തമായി ഭൂമിയില്ലാത്തവരും കുടുംബമായി താമസിക്കുന്നവരും അധ്വാനിക്കാന്‍ ശേഷിയുള്ളവരുമായവര്ക്ക് മലനാട്ടില്‍ ഭൂമി വാഗ്ദാനം ചെയ്താണ് 1954ല്‍ സര്‍ക്കാര്‍ കുടിയേറ്റം പ്രോത്സാഹിപ്പിച്ചത്.
ഊരും പേരുമറിയാത്ത അപരിചിതമായ മലമടക്കുകളിലെത്തി ജീവിതം തുടങ്ങിയവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികളും പ്രശ്നങ്ങളും വിവരണാതീതമായിരുന്നു. അവയൊക്കെ നേരിട്ട് മലയോര മണ്ണിൽ ചുവടുറപ്പിച്ചവരാണ് ഇടുക്കിക്കാർ. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടി, ഏഷ്യയിലെ രണ്ടാമത്തെ ആര്‍ച്ച്ഡാം, നീളം കൂടിയ നദിയായ പെരിയാര്‍, ടൂറിസ സംഗമ കേന്ദ്രങ്ങള്‍, വരയാടുകളും വന്യമൃഗങ്ങളും ചന്ദനക്കാടും നീലക്കുറിഞ്ഞിയും അണക്കെട്ടുകൾ, ഏലം ഉള്‍പ്പെടെ തോട്ട വ്യവസായങ്ങളുടെ ഈറ്റില്ലം, ഏറ്റവുമധികം വൈദ്യുതോല്പാദനം തുടങ്ങി ഏറെ സവിശേഷതകളുള്ള നാടുകൂടിയാണ്.
ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കേരളം വളർച്ച അളന്നെടുക്കുേമ്പാഴും ഇക്കാര്യത്തിൽ ഇടുക്കി ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്.
സങ്കീർണമാണ് പ്രശ്നങ്ങൾ
ജില്ലയിൽ എക്കാലത്തും സങ്കീർണമായത് ഭൂപ്രശ്നം തന്നെയാണ്. മാധവ് ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകൾ, പട്ടയപ്രശ്നം എന്നിങ്ങനെ നാൾക്കുനാൾ വിവാദങ്ങളിൽ ഇടംപിടിക്കുന്നതല്ലാതെ പൂർണ പരിഹാരം കാണാനാകുന്നില്ല. വിവിധ ഭൂവിനിയോഗ ഉത്തരവുകൾ പലപ്പോഴും മലയോരജനതയുടെ തലക്ക് മുകളിൽ തൂങ്ങിയാടുന്ന ഡെമോക്ലീസിെൻറ വാള് പോലെയാണ്. നിയന്ത്രണങ്ങളും നിർമാണ നിരോധവുമൊക്കെ പലപ്പോഴും ജനതയെ വീർപ്പുമുട്ടിക്കുന്നു. ആയിരക്കണക്കിന് പട്ടയ അപേക്ഷകൾക്ക് ഇനിയും പരിഹാരം കാണാനുണ്ട്. രേഖകൾ കൈയിലുണ്ടായിട്ടും പട്ടയം ലഭിക്കാത്ത നിരവധിപേരാണ് ഇടുക്കിയിലുള്ളത്. ജില്ലക്ക് അനുകൂലമായ ഭൂവിനിയോഗ നയം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും തടയാനും പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികളും നടപ്പാകുന്നില്ല. കാടിറങ്ങുന്ന മൃഗങ്ങൾ ജില്ലയിലുണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല.
ആളുകൾ കൊല്ലപ്പെടുകയും പലർക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്യുന്നതിന് പുറമെ പാർപ്പിടവും ഉപജീവനവും നഷ്ടപ്പെടുന്നു. ജില്ലയുടെ ടൂറിസം സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ ടൂറിസം സർക്യൂട്ട് എന്ന ആവശ്യം പലതവണ ഉന്നയിച്ചുകഴിഞ്ഞതാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പലപ്പോഴും തടസ്സമാകുന്നത്. പുറംലോകം അധികം അറിയാത്ത മനോഹരമായ ടൂറിസം കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. അവയെ കൂടുതൽ പ്രശസ്തമാക്കാനും സഞ്ചാരികളെ ആകർഷിക്കാനും പദ്ധതികൾ വേണ്ടതുണ്ട്. ജില്ലയിലെ ഗ്രാമീണ-ഗോത്രവർഗ മേഖലകളിലെ ഗതാഗതപ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടില്ല. പല റോഡുകളും തകർന്നുകിടക്കുകയാണ്. ചില ഗോത്രവർഗ കോളനികളിലേക്ക് റോഡുകൾ തന്നെയില്ല. തോട്ടം തൊഴിലാളികൾക്ക് സ്വന്തമായി കിടപ്പാടം സ്വപ്നം മാത്രമായി തുടരുന്നു.
ഉൽപാദന വിഹിതത്തിൽ കുറവ്
കേരളത്തിലെ ജനസംഖ്യയുടെ 3.2 ശതമാനമാണ് ഇടുക്കിയിൽ അധിവസിക്കുന്നത്. സംസ്ഥാനത്തിെൻറ പെരുമയായ മലഞ്ചരക്കുകളുടെയും തോട്ട വിളകളുടെയും വിള ഭൂമി കൂടിയായ ജില്ല കഴിഞ്ഞ രണ്ടുവർഷമായി വലിയ പ്രതിസന്ധിയിലാണ്. കേരളത്തിലെ ഉൽപാദനത്തിൽ ഇടുക്കിയുടെ വിഹിതം 2011-12ൽ 3.8 ശതമാനമായിരുന്നത് 2018-19 ൽ 3.2 ശതമാനമായി കുറഞ്ഞു. രൂക്ഷമായ കാർഷികത്തകർച്ച, ബദൽ തൊഴിലുകളുടെ അഭാവം, പാരിസ്ഥിതിക ഇടർച്ച തുടങ്ങിയവയെല്ലാം ഇടുക്കി നേരിടുന്നപ്രതിസന്ധികളാണ്.
ഏറെ പ്രതീക്ഷയോടെ മലയോര ജനത കാത്തിരിക്കുന്ന ഒന്നാണ് ഇടുക്കി പാക്കേജ്. ജില്ലയുടെ സമഗ്ര വികസനമാണ് പാക്കേജിെൻറ ലക്ഷ്യം. ഇത് സമയബന്ധിതമായി പൂർത്തിയാക്കിയാൽ സർവതല സ്പർശിയായ വികസനമാകും സാധ്യമാകുക. ഇടുക്കിക്ക് മാത്രമായി അഞ്ചുവർഷം കൊണ്ട് 12,000 കോടിയാണ് പാക്കേജിൽ ലക്ഷ്യമിടുന്നത്. കാർഷിക വരുമാനം വർധിപ്പിക്കാൻ സ്ഥായിയായ രീതികളിലൂടെ കൃഷിയുടെയും മൃഗപരിപാലനത്തിെൻറയും ഉൽപാദന ക്ഷമത ഉയർത്തുക, മൂല്യവർധിത സംസ്കരണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, ടൂറിസം വികസിപ്പിക്കുക, ഭൗതിക സാമൂഹിക പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, പരിസ്ഥിതി സംതുലാനവസ്ഥ പുനഃസ്ഥാപിക്കുക തുടങ്ങി സമൃദ്ധിയും വികസനവും ലക്ഷ്യമിടുന്ന പാക്കേജ് ആറ് തൂണുകളിലാണ് ഉയർത്തിയിട്ടുള്ളത്. പാക്കേജ് നടത്തിപ്പിനായി അർജുൻ പണ്ഡ്യനെ ജില്ല വികസന കമീഷണറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൃഷി, മൂല്യവർധിത സംസ്കരണ വ്യവസായം, വിനോദ സഞ്ചാരം, ഭൗതിക സൗകര്യം, ദാരിദ്ര്യ നിർമാർജനം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളുടെ വികസനത്തിന് ഉൗന്നൽ നൽകിയാണ് പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.