കിഴങ്ങുമുതൽ നാളികേരം വരെ വിളവെടുക്കുന്നത്' വന്യമൃഗങ്ങൾ
text_fieldsഅടിമാലി: വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷിയിൽനിന്ന് ഹൈറേഞ്ചിലെ കർഷകർ പിൻവാങ്ങുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന അടിമാലി, മാങ്കുളം, രാജാക്കാട്, രാജകുമാരി, കൊന്നത്തടി, വാത്തികുടി പഞ്ചായത്തുകളിലാണ് വന്യമൃഗ ശല്യത്തെ തുടർന്ന് കർഷകർ കൃഷി ഉപേക്ഷിച്ച് പലായനം ചെയ്യുന്നത്. മരച്ചീനി, നേന്ത്രക്കായ, ചേമ്പ്, ചേന, വിവിധയിനം പച്ചക്കറി മുതലായ കൃഷിയിൽനിന്നെല്ലാം കർഷകർ പിന്മാറുകയാണ്.
ഇത്തരം വിളകൾക്ക് വില കുതിച്ചുയരുകയാണ്. കാട്ടാന, കാട്ടുപന്നി, കുരങ്ങ്, വവ്വാൽ, മലയണ്ണാൻ, മയിൽ, കാട്ടുപോത്ത് തുടങ്ങി വനത്തിലുള്ള ഭൂരിഭാഗം വന്യമൃഗങ്ങളും ഇപ്പോൾ കൃഷിയിടങ്ങളിലാണ്.
ഭൂമിക്കടിയിലെ കിഴങ്ങ് വർഗങ്ങൾ തൊട്ട് തെങ്ങിൽമുകളിലെ നാളികേരം വരെ നശിപ്പിക്കുകയാണ്. കാർഷിക വിളകൾക്ക് ഏറ്റവും വലിയ ഭീഷണി കാട്ടുപന്നികളും ആനകളുമാണ്. 20ലേറെ കൂട്ടമായി എത്തുന്ന ഇവകൾ കൃഷിയിടം മൊത്തം ഇളക്കിമറിച്ച ശേഷമാണ് തിരികെപ്പോകുന്നത്.
ദേവിയാർ കോളനി, പത്താംമൈൽ , പടിക്കപ്പ് , മുടിപ്പാറ, തലമാലി, കുരങ്ങാട്ടി, പ്ലാമല, കൂമ്പൻപാറ, മച്ചിപ്ലാവ്, പതിനാലാം മൈൽ എന്നിവിടങ്ങളിൽ പന്നി, കാട്ടാന എന്നിവക്ക് പുറമെ കുരങ്ങ്, മലയണ്ണാൻ എന്നിവയും വലിയ നാശമാണ് വിതക്കുന്നത്. മരച്ചീനി കൃഷി കുറഞ്ഞതോടെ വില 50 കടന്നു. നേന്ത്രക്കായ വില 65 ആണ്. വ്യാപകമായി കൃഷി നശിപ്പിച്ചതോടെ കൂർക്ക വിലയും കഴിഞ്ഞ വർഷത്തെക്കാളും ഇരട്ടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.