മലങ്കര ജലാശയത്തിൽ മാലിന്യം നിറയുന്നു; നടപടിയെടുക്കാതെ അധികൃതർ
text_fieldsകാഞ്ഞാർ: മലങ്കര ജലാശയത്തിൽ മൂലമറ്റം ത്രിവേണി സംഗമം മുതൽ മുട്ടം വരെ മാലിന്യം തള്ളൽ കേന്ദ്രമായി മാറുന്നു. പച്ചക്കറി, മത്സ്യ-മാംസ മാലിന്യവും അറവുശാല മാലിന്യവും പ്ലാസ്റ്റിക് മാലിന്യവുമാണ് ജലാശയത്തിലും പരിസരങ്ങളിലും നിറഞ്ഞ് കിടക്കുന്നത്. നിരവധി കുടിവെള്ള പദ്ധതികളുടെ ശുദ്ധജല സ്രോതസ്സായ മലങ്കര ജലാശയത്തിന് സമീപം വൻതോതിൽ മാലിന്യം തള്ളിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ല.
കാഞ്ഞാർ കൂവപ്പള്ളിക്കവല, ശങ്കരപ്പള്ളി പാലത്തിന് സമീപം, പെരുമറ്റം കുടിവെള്ള ഫാക്ടറി, മലങ്കര ടൂറിസം പ്രദേശത്തിന്‍റെ ഭാഗമായി ശങ്കരപ്പള്ളി ഭാഗം എന്നിവിടങ്ങളിലാണ് പ്രധാനമായും മാലിന്യം സ്ഥിരമായി തള്ളുന്നത്. വൻതോതിൽ മാലിന്യം കൂടിക്കിടക്കുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന് അധികൃതർതന്നെ പറയുമ്പോഴും ഇതിനെതിരെ നടപടി എടുക്കാൻ തയാറാകുന്നില്ല.
മലങ്കര ജലാശയത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മാലിന്യം തള്ളുന്നത്. ജലാശയത്തിൽ കോളീഫോം ബാക്ടീരിയയുടെ തോത് ക്രമാതീതമായി കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഏതാനും മാസം മുമ്പ് ഇവിടെനിന്ന് വിതരണം ചെയ്ത കുടിവെള്ളത്തിന്‍റെ സാമ്പിൾ ശേഖരിച്ച് ആരോഗ്യ വകുപ്പാണ് കോളിഫോം ബാക്ടീരിയയുടെ അളവ് അധികമാണെന്ന് കണ്ടെത്തിയത്.
ജലാശയത്തിന് ചുറ്റുമുള്ള റോഡിലും തോട്ടിലും മാലിന്യക്കൂമ്പാരമാണ്. പഞ്ചായത്തുകളിലെയും തൊടുപുഴ നഗരസഭ ഉൾപ്പെടെ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ശ്രോതസ്സായ മലങ്കര ജലാശയം മാലിന്യക്കൂമ്പാരമാകുന്നത് തടയണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.