മലങ്കരയിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ ടൂറിസം പദ്ധതി
text_fieldsമൂലമറ്റം: മലങ്കര ജലാശയത്തിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ ടൂറിസം പദ്ധതി വരുന്നു. മലങ്കര ജലാശയത്തിന്റെ ഭാഗമായ കോളപ്ര പാലത്തിനു സമീപം കാടന്‍കാവില്‍ തുരുത്തില് രണ്ടേക്കര്‍ സ്ഥലത്ത് ആണ് പദ്ധതി വരുന്നത്.
എം.വി.ഐ.പിയുടെ അധീനതയിലുള്ള സ്ഥലം പാട്ടത്തിനു നല്കി ടൂറിസം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം.കോളപ്ര-തലയനാട് റോഡിനു സമീപത്തുനിന്നു കാടന്‍കാവില്‍ തുരുത്തിലേക്ക് ചെറിയ പാലം നിര്‍മിക്കും. തുരുത്തിനു ചുറ്റും പ്രഭാത നടത്തത്തിനും സായാഹ്ന സവാരിക്കുമായി നടപ്പാത ഒരുക്കും.
ഇവിടെ ഒരുക്കുന്ന പാര്‍ക്കില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനം ഉണ്ടാകും. പാര്‍ക്കിനോടനുബന്ധിച്ച് വിവിധ സ്റ്റാളുകള്‍, കോട്ടേജുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍മിക്കും. നാടന്‍ ഭക്ഷണ വിഭവങ്ങളും ഇവിടെ സജ്ജമാക്കും.
തുരുത്തിനോടു ചേര്‍ന്ന് മീന്‍ വളര്‍ത്തല്‍ കേന്ദ്രവും ആരംഭിക്കും. ഇവിടെ നിന്നും മലങ്കര ജലാശയം വഴി മൂലമറ്റം ത്രിവേണി സംഗമത്തിലേക്ക് സോളാര്‍ ബോട്ടിങിനും പദ്ധതിയുണ്ട്. തുരുത്തിലേക്കുള്ള പ്രവേശനത്തിന് പാസ് ഏര്‍പ്പെടുത്തും. പദ്ധതിക്കായി ഏഴ് അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്.
ഒക്ടോബര്‍ 30 വരെ സ്വകാര്യ സംരംഭകരില്‍ നിന്നും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കും. തുടര്‍ന്നു ടെന്‍ഡര്‍ വിളിച്ച് പദ്ധതി നടപ്പാക്കും.
പദ്ധതി നടപ്പാകുന്നതോടെ ടൂറിസം വികസനത്തിനായുള്ള നാട്ടുകാരുടെ ചിരകാല അഭിലാഷമാണ് യാഥാർഥ്യമാവുക. രണ്ടാംഘട്ടമായി കൂടുതല്‍ ടൂറിസം പദ്ധതികള്‍ കുടയത്തൂര്‍, അറക്കുളം പഞ്ചായത്തുകളില്‍ നടപ്പാക്കും. ഇതോടെ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ കൂടുതലായി ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വാഗമണ്‍, തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ഇടത്താവളമായി ഈ മേഖലയെ മാറ്റുന്നതിനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്. മൂലമറ്റം ത്രിവേണി സംഗമത്തിനു സമീപം കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ആദ്യഘട്ട സര്‍വേയും സോയില്‍ ടെസ്റ്റും പൂര്‍ത്തിയായ ശേഷം പാലത്തിന്റെ ഡിസൈനിങ് നടന്നുവരികയാണ്.
പൂര്‍ത്തിയാകുന്നതോടെ മൂലമറ്റം, മൂന്നുങ്കവയല്‍, കൂവപ്പിള്ളി, ഇലവീഴാപൂഞ്ചിറ വഴി ഈരാറ്റുപേട്ടക്ക് ബസ് സര്‍വീസ് ഉള്‍പ്പെടെ ആരംഭിക്കാനും കഴിയും. വലിയാര്‍, നാച്ചാര്‍, പവര്‍ഹൗസ് കനാല്‍ എന്നിവ ഉള്‍പ്പെടുന്ന ത്രിവേണി സംഗമത്തിന്റെയും ഇലവീഴാപൂഞ്ചിറ ഉള്‍പ്പെടെ ടൂറിസം മേഖലകളുടെയും വികസനത്തിനും വഴിതുറക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.