സര്‍ക്കാറിന്‍റെ നൂറുദിന കർമപരിപാടി: 5245 പേർക്ക് ഉടൻ പട്ടയം
text_fieldsഇടുക്കി: സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നൂറ്ദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ 5245 പട്ടയങ്ങള്‍ വിതരണത്തിന് തയാറാകുന്നു. ആദ്യഘട്ടമായി 562 പട്ടയങ്ങളുടെ വിതരണം വ്യാഴാഴ്ച റവന്യൂ മന്ത്രി കെ. രാജന്‍ നിർവഹിക്കും. 1993ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 463ഉം 1964ലെ ഭൂമിപതിവ് ചട്ടങ്ങള്‍പ്രകാരം 29ഉം എല്‍.ടി ക്രയ സര്‍ട്ടിഫിക്കറ്റ് പ്രകാരം 34ഉം പട്ടയങ്ങൾ വിതരണം ചെയ്യുന്നവയിൽ ഉൾപ്പെടുന്നു. താലൂക്ക് ഭൂമിപതിവ് കമ്മിറ്റികള്‍ അംഗീകരിച്ച 2594 പട്ടയങ്ങളും സര്‍വേ- സ്ഥലനടപടി പൂര്‍ത്തിയാക്കി ഭൂമിപതിവ് കമ്മിറ്റികളുടെ അംഗീകാരത്തിന് സമര്‍പ്പിച്ച 2089 പട്ടയങ്ങളും 28ന് വിതരണം ചെയ്യുന്ന 562 പട്ടയങ്ങളും ഉള്‍പ്പെടെയാണ് 5245 പട്ടയങ്ങള്‍ എന്ന് കലക്ടര്‍ ഷീബ ജോർജ് അറിയിച്ചു.
സങ്കീര്‍ണമായ ഭൂമി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ നിയമാനുസൃത ഭൂമിപതിവ് നടപടികളുടെ കൃത്യത ഉറപ്പുവരുത്തി യോഗ്യമായ കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കാനുള്ള സമഗ്ര നടപടികളാണ് ജില്ല ഭരണകൂടം സ്വീകരിക്കുന്നതെന്നും കലക്ടർ പറഞ്ഞു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിൽ ജില്ലയിൽ 2423 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. തൊടുപുഴ, ഉടുമ്പന്‍ചോല താലൂക്കുകളുടെ പട്ടയമേള കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷതവഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, വാഴൂര്‍ സോമന്‍, അഡ്വ. എ. രാജ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ തനത് സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെട്ട മോഡല്‍ സ്‌പൈസസ് പാര്‍ക്കിന്‍റെ ഉദ്ഘാടനം, സുവര്‍ണ ജൂബിലി ലോഗോ അനാച്ഛാദനം എന്നിവയും നടക്കും. ഇടുക്കി താലൂക്ക്തല പട്ടയമേള ഉച്ചക്ക് 12ന് കാമാക്ഷി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.