മാലിന്യമേ വിട...
text_fieldsതൊടുപുഴ: നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും, തൊടുപുഴ നഗരസഭയും ചേര്‍ന്ന് നടത്തിയ ഗ്രീന്‍ ഓഡിറ്റിങില്‍ മൂന്ന് സ്ഥാപനങ്ങള്‍ക്ക് ഹരിത ഓഫീസ് പദവി ലഭിച്ചു. സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, ഡോ. എ.പി.ജെ. അബ്ദുൽ കലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഹരിത ഓഫിസ് പദവി ലഭിച്ചത്.
ഗ്രീന്‍ ഓഡിറ്റിംഗില്‍ എ ഗ്രേഡ് നേടിയ സ്ഥാപനങ്ങള്‍ക്കാണ് ഹരിത സ്ഥാപന പദവിയും, സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിപാലനം, ശുചിത്വ മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊര്‍ജ സംരക്ഷണം എന്നിവ പരിശോധിച്ചാണ് ഗ്രേഡിംഗ് നല്‍കുന്നത്. ചെയര്മാന് സനീഷ് ജോര്‍ജ് ശുചിത്വ പദവി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
വൈസ് ചെയര്പേഴ്സൻ പ്രഫ. ജെസി ആന്റണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.എ. കരീം, പി.ജി. രാജശേഖരന്, കൗണ്‍സിലര്‍ കവിത വേണു, മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന് ജേക്കബ്, ജോയിന്റ് ആർ.ടി.ഒ അനില്‍ കുമാര്‍, എ.പി.ജെ അബ്ദുൽ കലാം എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ജയകുമാരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് എം.എം. മഞ്ജുഹാസന്‍, നഗരസഭ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരായ ബിജോ മാത്യു, പ്രജീഷ് കുമാര്‍, ഹരിതമിത്രം ജില്ല കോഓഡിനേറ്റര്‍ അലീന, വീണ വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു.
തൊടുപുഴയിൽ മാലിന്യനീക്കം നിലച്ചത് പ്രതിസന്ധിയായി
തൊടുപുഴ: നഗരസഭയിലെ സ്ഥാപനങ്ങളില്‍ ശുചിത്വ മാലിന്യ സംസ്കരണവും മറ്റും മികച്ച രീതിയില്‍ നടപ്പാക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ക്കിടയിലും മാലിന്യ നീക്കം നിലച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നു. നേരത്തെ നഗരസഭയുടെ വാഹനത്തിലെത്തി സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഈ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
പാറക്കടവിലെ ഡമ്പിങ്ങ് യാർഡിലാണ് മാലിന്യങ്ങൾ എത്തിച്ചിരുന്നത്. എന്നാൽ ഇവിടെ ബയോമൈനിങ് പദ്ധതി നടപ്പാക്കുന്നതിനാൽ ഇവിടേക്ക് മാലിന്യം കൊണ്ട് പോകുന്നത് നിലച്ചു. വാഹനങ്ങളിലെത്തിയുള്ള മാലിന്യ ശേഖരണം നിലച്ചതോടെ പലയിടത്തും മാലിന്യങ്ങൾ കൂടിക്കിടക്കുന്ന സാഹചര്യമുണ്ട്. മാത്രമല്ല മാലിന്യം പലയിടത്തും തള്ളുന്നതും കൂടി വരുന്നു.
നഗരസഭയുടെ ഹരിത പദവി ലഭിച്ച സ്ഥാപനത്തിനു മുന്നില്‍ പോലും പാഴ് വസ്തുക്കള്‍ കൂടിക്കിടക്കുകയാണ്. നേരത്തെ നഗരസഭയുടെ വാഹനത്തിലെത്തി സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഈ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ സ്ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളിലെത്തിയാണ് മാലിന്യം ശേഖരിച്ചിരുന്നത്.
അതാത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ശുചീകരണ ജോലിക്കാര്‍ മാലിന്യം വാഹനത്തിലെത്തിച്ചുനല്കിയിരുന്നു. എന്നാല്‍ വാഹനം വരാതായതോടെ പല സ്ഥാപനങ്ങളിലെയും മാലിന്യ നീക്കവും അവതാളത്തിലാണ്. അതേ സമയം ബയോ മൈനിങ് പരിപാടികൾ പൂർത്തിയായി വരുന്ന മുറക്ക് പൂർണമായും തൊടുപുഴ നഗരത്തിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാകുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.
സമ്പൂർണ മാലിന്യ മുക്തമാകാനൊരുങ്ങി ഉടുമ്പന്നൂർ
തൊടുപുഴ: ഉടുമ്പന്നൂരിനെ സമ്പൂർണമാലിന്യ മുക്തമാക്കാൻ വിവിധ പദ്ധതികളുമായി ഉടുമ്പന്നൂർ പഞ്ചായത്ത്. നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം പരമാവധി കുറക്കുന്നതിനായി പഞ്ചായത്തിലെ മുഴുവൻ വീട്ടിലും പത്ത് കിലോ, അഞ്ച് കിലോ വീതം സംഭരണ ശേഷിയുള്ള രണ്ട് തുണി സഞ്ചികൾ വീതം സൗജന്യമായി നൽകും.
വീടുകളിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങളെ കമ്പോസ്റ്റാക്കി മാറ്റുന്ന യൂനിറ്റ് ഒന്നിന് 1680 രൂപ വിലയുള്ള ബയോബിന്നുകൾ 90 ശതമാനം സബ്സിഡിയോടെ വീടുകൾക്ക് ലഭ്യമാക്കും. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ മുണ്ടൂർ ഐ.ആർ.ടി.സിയാണ് ബയോബിന്നുകൾ നിർമിച്ച് നൽകുന്നത്.
ആദ്യഘട്ടത്തിൽ 800 വീടുകൾക്കാണ് ബയോ ബിൻ നൽകുക. ജൈവമാലിന്യങ്ങളെ പാചകവാതകമാക്കി മാറ്റുന്ന യൂനിറ്റ് ഒന്നിന്ന് 9000 രൂപ വിലയുള്ള നവജ്യോതി മോഡൽ ബയോഗ്യാസ് പ്ലാന്റ് 90 ശതമാനം സബ്സിഡി നിരക്കിൽ 610 വീട്ടിലും സൗജന്യമായി പഞ്ചായത്തിലെ 10 പൊതുവിദ്യാലയങ്ങളിലും ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.
അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമസേനയുടെ സേവനകവറേജ് 85 ശതമാനത്തിന് മുകളിൽ എത്തിക്കാനുമായി. മാലിന്യത്തിനെതിരെ ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ഈ വർഷം ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാകുമ്പോൾ ഉടുമ്പന്നൂർ സമ്പൂർണമായും മാലിന്യവിമുക്ത പഞ്ചായത്തായി മാറുമെന്ന് പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു. വീടുകൾക്ക് നൽകുന്ന ബയോബിന്നുകളുടെയും തുണിസഞ്ചികളുടെയും വിതരണോദ്ഘാടനം പ്രസിഡന്റ് എം. ലതീഷ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, വാർഡ് മെംബർമാരായ കെ.ആർ. ഗോപി, ജിൻസി സാജൻ , അൽഫോൻസ കെ. മാത്യു, ഐ.ആർ.ടി.സി പ്രതിനിധി വി.വി. ഷാജി, നവകേരള മിഷൻ ജില്ല ആർ.പി സജീവൻ തുടങ്ങിയവർ സംസാരിച്ചു.
വാർഡ് മെംബർ ആതിര രാമചന്ദ്രൻ സ്വാഗതവും സെക്രട്ടറി കെ.പി. യശോധരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.