പകർച്ച വ്യാധികൾ: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
text_fieldsഇടുക്കി: മഴ കനക്കുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം. പകര്‍ച്ചപ്പനി തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്‍പ്പെടെ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണ്. ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കണം. ആരോഗ്യ സേവനം ഉറപ്പാക്കാന്‍ പി.എച്ച്.സി/ എഫ്.എച്ച്.സി/ സി.എച്ച്.സിയിലുള്ള എച്ച്.ഐ/ജെ.എച്ച്.ഐ തലത്തിലുള്ള ഒരാള്‍ക്ക് ചുമതല കൊടുക്കണം. അവരുടെ വിവരങ്ങള്‍ ജില്ല മെഡിക്കല്‍ ഓഫിസറെ അറിയിക്കണം. എല്ലാവരും ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പാക്കണം.
വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മതിയായ ചികിത്സ ലഭ്യമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എല്ലാ ആശുപത്രികളും ജാഗ്രത പുലര്‍ത്താനും നിർദേശമുണ്ട്.
ക്യാമ്പിലുള്ള എല്ലാവര്ക്കും ഡോക്സിസൈക്ലിന്‍ നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്സിസൈക്ലിന്‍ വാങ്ങി കൈയില്‍ വെക്കാതെ എല്ലാവരും കഴിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനം ചെയ്യുന്നവരും രക്ഷാപ്രവര്‍ത്തകരും മുന്‍കരുതല്‍ ഉറപ്പാക്കണം. ഇവര്‍ നിര്‍ബന്ധമായും ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
പനി ബാധിതർ കൂടുന്നു
തൊടുപുഴ: ജില്ലയിൽ കനത്ത മഴക്കൊപ്പം പനി ബാധിതരുടെ എണ്ണവും കൂടുന്നു. സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.ജൂണിൽ ജില്ലയിൽ 9573 പേർ വൈറൽ പനി ബാധിതരായി ചികിത്സ തേടി. 21 പേർക്ക് ഡെങ്കിപ്പനിയും ബാധിച്ചു. 37 പേർക്ക് ചിക്കൻപോക്സും കണ്ടെത്തി. മൂന്ന് ദിവസത്തിനിടെ ആയിരത്തോളം പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സക്കെത്തിയത്. 16 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെയും ചികിത്സ തേടിയിട്ടുണ്ട്.ജില്ലയിൽ ആരോഗ്യ വകുപ്പ് ഒമ്പത് ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
പനി ക്ലിനിക്കുമായി ആയുർവേദം
മഴക്കാലം ആരംഭിച്ചതോടെ പകർച്ചപ്പനികൾ ജില്ലയിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഭാരതീയ ചികിത്സ വകുപ്പ് പനി ക്ലിനിക്കുകൾ ആരംഭിച്ചു. ജില്ലയിലെ മൂന്ന് ആയുർവേദ ആശുപത്രിയിലും എല്ലാ ഡിസ്പെൻസറികളിലും പനി ക്ലിനിക്കുകൾ പ്രവർത്തിക്കും. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.വി. രമയുടെ അധ്യക്ഷതയിൽ തൊടുപുഴ ജില്ല ആയുർവേദ ആശുപത്രിയിൽ കൂടിയ പകർച്ചവ്യാധി പ്രതിരോധ മേഖല കൺവീനർമാരുടെ യോഗത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി.
നാഷനൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. എം.എസ്. നൗഷാദ്, തൊടുപുഴ ജില്ല ആയുർവേദ ആശുപത്രിയിലെ സെക്രട്ടറി മഹേഷ്, ജില്ല കൺവീനർ ഡോ. കൃഷ്ണപ്രിയ, ടെക്നിക്കൽ എക്സ്പെർട്ട് ഡോ. കെ.പി. ആനന്ദ്, ജില്ല ജോയന്റ് കൺവീനർ ഡോ. ജിൽസൺ വി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പുകളും ബോധവത്കരണവും
പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ എല്ലാ ഡിസ്പെൻസറികളുടെയും നേതൃത്വത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തും. പ്രതിരോധ പ്രവർത്തനങ്ങളുടെ സൗകര്യാർഥം നിയോജകമണ്ഡലം അടിസ്ഥാനത്തിൽ എപ്പിഡെമിക് പ്രിവൻഷൻ ആൻഡ് കൺട്രോൾ സെൽ രൂപവത്കരിച്ച് ഓരോ കൺവീനറിനും ചുമതല നൽകി. തൊടുപുഴ -ഡോ. ജോൺ ജേക്കബ് (9995463033), ഇടുക്കി -ഡോ. നീതു ജോൺസൺ (9496322290), പീരുമേട് -ഡോ. സി.പി. അഞ്ജു (9496559220), ഉടുമ്പൻചോല- ഡോ. മീര (9446981056).
പരിസരങ്ങൾ വൃത്തിയാക്കണം
പനിപോലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ നേരിൽകണ്ട് ഉപദേശം തേടണമെന്നും ആയുർവേദ ഡി.എം.ഒ പറഞ്ഞു. രോഗാണുക്കൾക്കും രോഗവാഹകരായ ജീവികൾക്കും അനുകൂലമാകാതെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതും അനിവാര്യമാണ്.
ഗൃഹാന്തരീക്ഷത്തിലെ അണുക്കളുടെ സാന്നിധ്യം കുറക്കാനും കൊതുകുകളെ അകറ്റാനും ‘അപരാജിത ധൂപചൂർണം’ പുകക്കാം. മഴക്കാലത്ത് പകർച്ചവ്യാധികൾ പിടിപെടാൻ കൂടുതൽ സാധ്യതയുള്ളതിനാൽ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശക്തി കൂടുതൽ മെച്ചപ്പെടുത്താൻ ദഹന വ്യവസ്ഥയെ കാര്യക്ഷമമാക്കേണ്ടത് അത്യാവശ്യമാണെന്ന് ആയുഷ് ഡി.പി.എം ഡോ. എം.എസ്. നൗഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.