ചൂട് 'ഹൈ' റേഞ്ചിൽ
text_fieldsതൊടുപുഴ: വേനൽച്ചൂടിൽ മലയോരം ഉരുകുന്നു. പകൽ ചൂട് മൂലം പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെങ്കിൽ രാത്രി ഉറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ മൂന്ന് ഡിഗ്രിവരെയാണ് ചൂട് കൂടിയിരിക്കുന്നത്.
തൊടുപുഴയിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. രണ്ടാഴ്ചയിലേറെയായി 35 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് രേഖപ്പെടുത്തുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചിലും ചൂട് കൂടുതലാണ്. ഇവിടെ ചിലയിടങ്ങളിൽ മഴ ലഭിച്ചത് കാർഷികവിളകൾക്ക് ആശ്വാസമായെങ്കിലും ചൂടിന് കാര്യമായ ശമനമില്ല. പകൽ ടൗണുകളിൽ ഇറങ്ങാൻ ആളുകൾ മടിക്കുകയാണ്.
ഇത് വ്യാപാരമേഖലയെ മോശമായി ബാധിച്ചിട്ടുണ്ട്. വേനൽ കനത്തതോടെ ജില്ലയിൽ പല മേഖലകളിലും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പലയിടത്തും കാട്ടുതീയും വ്യാപകമായിട്ടുണ്ട്. പലതരം പകർച്ചവ്യാധി പിടിപെട്ട് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടി.
കാർഷിക മേഖലയിലും വേനൽ ദുരിതം വിതച്ചുതുടങ്ങി. പലതവണ നനച്ചിട്ടും വിളകൾ ഭൂരിഭാഗവും ഉണങ്ങിയതായി കർഷകർ പറയുന്നു. കനത്ത ചൂടിൽ പാൽ കുറഞ്ഞത് ക്ഷീരമേഖലയെയും ബാധിച്ചു. തീറ്റ പുല്ല് ഉണങ്ങിക്കരിഞ്ഞുപോവുന്നതും പ്രതിസന്ധിയാണ്. വരും ദിവസങ്ങളിൽ ചൂട് വർധിക്കാനാണ് സാധ്യത.
കണ്ണീർ ചൂടിൽ കർഷകർ
കൃഷിയിടങ്ങളിൽ പുതുകൃഷികൾ ആരംഭിച്ച് കർഷകർ പതിയെ ജീവിതത്തിെൻറ പച്ചപ്പിലേക്ക് തിരിച്ചുവരുന്നതിനിടെ നേരത്തേ എത്തിയ വേനൽച്ചൂട് കാർഷിക മേഖലക്കും തിരിച്ചടിയായി. പലതവണ നനച്ചിട്ടും വിളകൾ ഭൂരിഭാഗവും ഉണങ്ങുകയാണെന്ന് കർഷകർ പറയുന്നു.
കനത്ത ചൂടിൽ പാൽ കുറഞ്ഞത് ക്ഷീരമേഖലയെയും കാര്യമായി ബാധിച്ചു. വലിയ പ്രതീക്ഷയോടെ ഇറക്കിയ കൃഷികൾ നശിക്കുകയാണ്. നെൽകൃഷി, വാഴ എന്നിവയെയാണ് വേനൽ കാര്യമായി ബാധിക്കുന്നത്. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
ജല സ്രോതസ്സുകൾ വറ്റി; കുടിവെള്ള ക്ഷാമം
വേനൽ തുടരുന്നത് കുടിവെള്ള ക്ഷാമവും അതിരൂക്ഷമാക്കി. കുളം, കിണർ, തോട് തുടങ്ങി ജലസ്രോതസ്സുകൾ വറ്റിവരണ്ടുതുടങ്ങി. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്നത്. ദൂരെ സ്ഥലങ്ങളിൽനിന്ന് പലരും തലച്ചുമടായാണ് കുടിവെള്ളം എത്തിക്കുന്നത്.
ചിലയിടങ്ങളിൽ പണംകൊടുത്ത് വാങ്ങുന്ന സ്ഥിതിയുണ്ട്. പല കുടിവെള്ള പദ്ധതികളും നിലച്ചു. വേനൽ കനത്തതോടെ അടിക്കടി കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതും ഉയർന്ന പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണത്തെ ബാധിക്കുന്നുണ്ട്.
കാഴ്ചകൾക്ക് അനുഭൂതി നൽകിയിരുന്ന വെള്ളച്ചാട്ടങ്ങൾ പലതും വറ്റിവരണ്ടു തുടങ്ങിയത് ഇടുക്കിയിലെത്തുന്ന സഞ്ചാരികെളയും നിരാശപ്പെടുത്തുകയാണ്.
പകർച്ചവ്യാധികളും തലെപാക്കി
ചൂട് കനത്തതോടെ പലതരം പകർച്ചവ്യാധികളും പിടിപെട്ടുതുടങ്ങി. പകർച്ചപ്പനി, ന്യുമോണിയ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയവയാണ് കൂടുതലായി പിടിപെടുന്നത്.
കഴിഞ്ഞമാസം 1859 പേരാണ് പകർച്ചപ്പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 11പേർക്ക് ചിക്കൻ പോക്സും മൂന്നുപേർക്ക് ഡെങ്കിപ്പനിയും ബാധിച്ചു. കഴിഞ്ഞമാസം മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ശാരീരിക അസ്വാസ്ഥ്യമടക്കം അനുഭവപ്പെട്ട് ചികിത്സ തേടിയവരും നിരവധിയാണ്.
വേനൽ ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും
വേനൽ ചൂടിനിടെ എത്തിയ തെരഞ്ഞെടുപ്പും സ്ഥാനാർഥികളെ വെള്ളം കുടിപ്പിക്കുമെന്ന കാര്യം ഉറപ്പായി. സീറ്റ് ചർച്ചയും സ്ഥാനാർഥി നിർണയവും കഴിഞ്ഞാൽ പിന്നെ പ്രചാരണത്തിെൻറ സമയമാണ്. പൊരിഞ്ഞ വെയിലിലെ വോട്ടഭ്യർഥനയും മണ്ഡല പര്യടനവുമൊക്കെ അഗ്നി പരീക്ഷയാകും.
വോട്ട് പിടിക്കാനുള്ള തന്ത്രങ്ങൾക്കൊപ്പം ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾകൂടി പയറ്റേണ്ട സാഹചര്യമാണ്. കോവിഡ് ആശങ്കക്കൊപ്പം ചൂട് കൂടുന്നതും അണികളിലെ ആവേശം കുറക്കുമോ എന്ന ആശങ്ക രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. എന്തായാലും പ്രചാരണത്തിൽ ചൂടും ഒട്ടും പിന്നിലായിരിക്കില്ലെന്ന കാര്യം ഉറപ്പിക്കാം.
കാട്ടുതീ പടരുന്നു
വേനല്‍ കനത്തതോടെ വനാതിര്‍ത്തികളില്‍ കാട്ടുതീ പടരുന്നതും പതിവായിട്ടുണ്ട്. ഓരോ വര്‍ഷവും നൂറുകണക്കിന് ഏക്കര്‍ വനഭൂമിയാണ് കാട്ടുതീയില്‍ കത്തിയമരുന്നത്. ഇടുക്കി, കട്ടപ്പന, മറയൂർ, തൊടുപുഴ, പീരുമേട് എന്നിവിടങ്ങളിലെല്ലാം കാട്ടുതീ പതിവായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കാട്ടുതീയുണ്ടാകുന്ന പല സംഭവങ്ങളിലും മനുഷ്യർ തന്നെയാണ് കാട്ടുതീ പടരാന്‍ കാരണമാകുന്നതെന്ന് ഫയര്‍ഫോഴ്സും വനംവകുപ്പും പറയുന്നു. കാട്ടുതീ തടയാൻ ഫയർ ബ്രേക്കിങ് സംവിധാനമടക്കം വനംവകുപ്പ് പരീക്ഷിക്കുന്നുണ്ടെങ്കിലും കത്തിയെരിയുന്ന വനഭൂമിയുടെ വിസ്തൃതി വർധിക്കുകയാണ്.
അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുന്നു; വൈദ്യുതി ഉപയോഗത്തിലും വർധന
അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിൽ തിങ്കളാഴ്ച 2368 അടിയായിരുന്ന ജലനിരപ്പ് ചൊവ്വാഴ്ച 2367 ലെത്തി. മുല്ലപ്പെരിയാറിൽ 128 അടിയാണ് ജല നിരിപ്പ്. ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗവും കുത്തനെ ഉയരുകയാണ്.
കാലാവസ്ഥ വ്യതിയാനം മൂലം ഫെബ്രുവരിയിൽ തന്നെ ചൂട് കൂടിയതാണ് ഉപഭോഗം കൂടാൻ കാരണം. ഉപയോഗം കൂടിയതോടെ ഉൽപാദനവും റെക്കോഡ് നിരക്കിലായി. ഇടുക്കി മൂലമറ്റത്തുനിന്നുള്ള വൈദ്യുതോൽപാദനം പരമാവധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.