ഇടുക്കി ജില്ലയിൽ മഴ കനത്തു
text_fieldsതൊടുപുഴ: ജില്ലയിൽ പലയിടത്തും ശക്തമായ മഴയെ തുടർന്ന് മണ്ണിടിഞ്ഞു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലും അതിർത്തി റോഡുകളിലുമാണ് മണ്ണിടിച്ചിൽ. ചപ്പാത്ത്-കട്ടപ്പന റൂട്ടിൽ ആലടി ഭാഗത്ത് കൽക്കെട്ട് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. ചപ്പാത്ത്-കട്ടപ്പന റോഡിൽ ആലടി മുതൽ പരപ്പ് വരെ ഗതാഗതം നിരോധിച്ചു.
ഏലപ്പാറ, വാഗമൺ, പാലാ, കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ പരപ്പിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഉപ്പുതറ ചീന്തലാർ വഴിയും കുട്ടിക്കാനം, ഏലപ്പാറ, ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ ആലടിയിൽ നിന്ന് വലത്തു തിരിഞ്ഞ് മേരികുളത്തേക്കും പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ശക്തമായ നീരൊഴുക്കിനെ തുടർന്ന് കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകൾ തുറന്നു.
തൊടുപുഴ മേഖലയിൽ പെരുമ്പിള്ളിച്ചിറ ഭാഗത്ത് അടിച്ചുവീശിയ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. അൽഅസ്ഹർ കോളജിന് സമീപത്തും ഏഴല്ലൂർ റോഡിൽ മെഡിക്കൽ കോളജിന് സമീപവും പ്രധാന റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പത്താഴപ്പാറക്ക് സമീപം ജോർജ് കൊണ്ടൂരിന്റെ വീടിന്റെ മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. ആലിക്കുഴിയിൽ ജോർജ്, മണക്കണ്ടത്തിൽ ഫത്തഹുദ്ദീൻ എന്നിവരുടെ വീടുകൾക്ക് കാറ്റിലും മരം വീണും കേടുപാടുണ്ടായി. തൊടുപുഴ-ഊന്നുകൽ റോഡിൽ കുമാരമംഗലത്ത് തേക്ക് വീണും തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ മടക്കത്താനത്ത് വൻവൃക്ഷം വീണും ഗതാഗതം മുടങ്ങി. ഫയർഫോഴ്സ് എത്തിയാണ് പുനഃസ്ഥാപിച്ചത്.
ഉടുമ്പന്‍ചോലയിൽ വീടുകൾ ഭാഗികമായി തകർന്നു
നെടുങ്കണ്ടം: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ഉടുമ്പന്‍ചോല താലൂക്കില്‍ രണ്ട് വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു. തൂക്കുപാലം അമ്പതേക്കറില്‍ വീടിന് സമീപത്തുനിന്ന കമുക് കടപുഴകി വീണാണ് വീടിന് ഭാഗികമായി നഷ്ടം സംഭവിച്ചത്. പ്രകാശ്ഗ്രാം കുന്നേല്‍ ചെല്ലമ്മ (72)യുടെ വീടിനു മുകളിലാണ് കമുക് വീണത്. ഞായറാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടുകയും ഭിത്തിക്ക് വിള്ളല്‍ വീഴുകയും ചെയ്തു.
തിങ്കളാഴ്ച നെടുങ്കണ്ടം പടിഞ്ഞാറെ കവലയില്‍ പൂവത്തിങ്കല്‍ ശാന്തമ്മയുടെ വീടിന് മുകളിൽ സമീപത്തു നിന്ന വീട്ടി മരം കടപുഴകി വീണ് ഭാഗികമായി തകരാര്‍ സംഭവിച്ചു. വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ അടുത്ത മുറിയിലായിരുന്നു. അടുക്കള ഭാഗത്താണ് മരം വീണത്.
തിങ്കളാഴ്ച രാവിലെ ഉണ്ടായ കാറ്റില്‍ മരം കടപുഴകി മയിലാടുംപാറ രാജാക്കാട് റോഡില്‍ ഗതാഗതം മുടങ്ങി. വിനോദ സഞ്ചാരികളുടെ വാഹനം കടന്നുപോയ സമയത്താണ് റോഡിലേക്ക് മരം വീണത്. പ്രദേശവാസികള്‍ ചേര്‍ന്ന് മരത്തിന്റെ ഒരു ഭാഗം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.