ഇടുക്കി ജില്ലയിൽ ഹെക്ടർ കണക്കിന് വനമേഖല തീ വിഴുങ്ങുന്നു
text_fieldsതൊടുപുഴ: ചൂടും വരള്‍ച്ചയും രൂക്ഷമായതോടെ ജില്ലയിൽ ഹെക്ടർ കണക്കിന് വനമേഖല തീ വിഴുങ്ങുന്നു.മുറിഞ്ഞപുഴ വനത്തിൽ 10 ഹെക്ടറോളം വനഭൂമി കഴിഞ്ഞ ദിവസം കത്തിനശിച്ചു. വാഴത്തോപ്പ്, വേളൂർ തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ നാശം വിതച്ചു.
ചൂട് വർധിക്കുന്നതും വരൾച്ച രൂക്ഷമായതും വേനൽമഴ കാര്യമായി ലഭിക്കാത്തതും കാരണം കാട്ടുതീ പടരാനുള്ള സാധ്യത ഇനിയും കൂടുമെന്നാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. താപനില കടുക്കുന്ന സാഹചര്യത്തിൽ കാട്ടുതീ അപകടകരമാകാനും സാധ്യതയുണ്ട്. ജില്ലയില്‍ പല മേഖലകളിലായി ഇതിനോടകം ഏക്കര്‍കണക്കിനു പുല്‍മേടുകളും സ്വകാര്യഭൂമിയും കത്തിയമര്‍ന്നു.
വനമേഖലകളോട് ചേർന്ന ജനവാസമേഖലകളും കാട്ടുതീ ഭീതിയിലാണ്. വനം വകുപ്പ് ഫയര്ബ്രേക്കിങ്ങും കണ്ട്രോള് ബേര്‍ഡിങ് സിസ്റ്റം പോലെയുള്ള മുന്നൊരുക്കം നടത്തിയതിനാലാണ് വനമേഖലകളില്‍ തീ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞത്. സാധാരണ ഏറ്റവും കൂടുതൽ കാട്ടുതീ റിപ്പോർട്ട് ചെയ്യുന്നത് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്. ഫെബ്രുവരിയിൽ മഞ്ഞും തണുപ്പും ഉണ്ടായതിനാൽ കാര്യമായ കാട്ടുതീ ഉണ്ടായില്ല.അനേകം വർഷങ്ങളെടുത്ത് രൂപംകൊണ്ട ജൈവസമ്പത്താണ് ഒരൊറ്റ അഗ്നിയിൽ ഇല്ലാതാകുന്നത്. കാടിനോട് ചേർന്നുള്ള കൃഷിയിടങ്ങളും പലപ്പോഴും അഗ്നിക്കിരയാകുന്നു. പലപ്പോഴും മനുഷ്യനിർമിതമാണ് കാട്ടുതീ. അശ്രദ്ധയും സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളും ഇതിനു കാരണമാകുന്നു.
30 ദിവസം; 114 ഫയർകാളുകൾ
തൊടുപുഴ: കാട്ടുതീയടക്കം പടർന്ന് തുടങ്ങിയതോടെ ഓടിത്തളരുകയാണ് അഗ്നിരക്ഷാ സേന. ഫെബ്രുവരിയിൽ മാത്രം 114 ഫയർകാളുകളാണ് ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫിസിലേക്കെത്തിയത്. എത്താത്ത വിളികൾ വേറെയും. തൊടുപുഴയിലും സമീപ പ്രദേശങ്ങളിൽ നിന്നുമാണ് ഏറെയും വിളികളെത്തിയത്. 27 ഫയർ കാളുകൾ തൊടുപുഴ അഗ്നിരക്ഷാ സേന യൂനിറ്റിലെത്തിയത്. മൂന്നാർ -25, മൂലമറ്റം -20, ഇടുക്കി -15, കട്ടപ്പന -10, നെടുങ്കണ്ടം -10, അടിമാലി -ഏഴ് എന്നിങ്ങനെയാണ് മറ്റ് യൂനിറ്റിലേക്ക് വിളികളെത്തിയത്.
വേനൽ ചൂട് കനത്തതോടെ പല മേഖലകളിലും തീ പടര്‍ന്ന് തുടങ്ങിയതോടെ ജില്ലയില്‍ അഗ്നിരക്ഷാ സേന നെട്ടോട്ടമോടുകയാണ്. പുല്‍മേടുകള്‍ ഉണങ്ങിയ നിലയിലായതിനാല്‍ തീപിടിത്തം വ്യാപകമാണ്. കാട്ടുതീ പടരുന്ന മേഖലകളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് സേനയെ കുഴക്കുന്നത്. പലപ്പോഴും വാഹനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളിലായിരിക്കും കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത്. പുല്‍മേടുകളിലും മറ്റും വെള്ളവുമായി വാഹനത്തിന് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ വൃക്ഷത്തലപ്പുകളും മറ്റും ഉപയോഗിച്ച് തല്ലിക്കെടുത്തുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.