കാന്തല്ലൂരിലെ കാർഷിക മേഖലകൾ തരിശാക്കി കാട്ടാനക്കൂട്ടം
text_fieldsമറയൂർ: കാന്തല്ലൂരിലെ കാർഷിക മേഖലകൾ തരിശാക്കി മാറ്റി കാട്ടാനക്കൂട്ടങ്ങൾ വിലസുമ്പോഴും അധികൃതർ അനങ്ങുന്നില്ലെന്ന് കർഷകർ. കാട്ടാനകൾ പരമ്പരാഗത കാർഷിക ഗ്രാമങ്ങളെ ഇല്ലാതാക്കുകയാണ്. ദിവസവും 23ഓളം കാട്ടാനകളാണ് ആറുവഴികളിലൂടെ വനത്തിനുള്ളിൽനിന്ന് കൃഷിയിടത്തിൽ ഇറങ്ങുന്നത്.
ചിന്നാർ വന്യജീവി സങ്കേതത്തിൽനിന്ന് മറയൂർ ചന്ദന ഡിവിഷൻ അതിർത്തി കടന്ന് കാരയൂരിലെ രണ്ട് പാത വഴിയും പെരടിപ്പള്ളം, കുണ്ടക്കാട്, പാമ്പപാറ വഴിയും മറയൂരിലെ കരിമുട്ടി കിടന്ന് ഇന്ദിരാനഗർ ഭാഗത്തുകൂടിയും ആനകൾ എത്തുന്നു. കൂടുതലും രാത്രിയാണ് ഇവ ഇറങ്ങി കൃഷിവിളകൾ നശിപ്പിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് 3000ത്തിലധികം ഏക്കറിൽ മറയൂർ, കാന്തല്ലൂർ മേഖലയിലായി കരിമ്പ് കൃഷി ഉണ്ടായിരുന്നെങ്കിലും കാട്ടാന ശല്യംമൂലം ഇപ്പോൾ നാമമാത്രമായി. കാന്തല്ലൂരിൽ പേരുകേട്ട ശീതകാല പച്ചക്കറി കേന്ദ്രമായിരിക്കെ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. പാരമ്പര്യമായി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇവർക്ക് സർക്കാറിൽനിന്ന് ആവശ്യമായ സംരക്ഷണവും കൃഷിയിടത്തിൽ ഇറങ്ങാതെ കാട്ടാനകളെ തടയാൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. കഴിഞ്ഞദിവസം രാത്രി ശിവൻപന്തി വഴി നാല് കൊമ്പനും പടിമ്പി വഴി രണ്ട് കാട്ടാനകൾക്കൊപ്പം ഒരു കുഞ്ഞുമാണ് കൃഷിത്തോട്ടത്തിൽ ഇറങ്ങി നാശംവിതച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.