പെട്ടിമുടി: പുനരധിവാസ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ഹൈകോടതി
text_fieldsകൊച്ചി: മൂന്നാർ പെട്ടിമുടിയിൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതികൾ സംബന്ധിച്ച് വിശദാംശങ്ങൾ തേടി ഹൈകോടതി. ഇത് സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാറിന് നിർദേശം നൽകി. ദുരന്തത്തിന് ഇരയായ അവസാനത്തെയാളുടെ കണ്ണീരൊപ്പാനും സർക്കാറിെൻറ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് കോടതി നിർദേശിച്ചു.
ദുരന്തബാധിതർക്ക് പുനരധിവാസത്തിെൻറ ഭാഗമായി വീടുവെക്കാൻ നൽകിയ സ്ഥലം വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പി. ഷൺമുഖ നാഥൻ ഉൾപ്പെടെ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. കണ്ണൻ ദേവൻ ഹില്ലിലെ മിച്ചഭൂമി പിടിച്ചെടുത്ത് തൊഴിലാളികൾക്ക് വീടുവെച്ച് നൽകണമെന്ന ജസ്റ്റിസ് കൃഷ്ണൻ നായർ കമീഷെൻറ ശിപാർശ പ്രകാരം 2018 ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നാണ് ഹരജിയിലെ വാദം.
പെട്ടിമുടിയിൽനിന്ന് 32 കിലോമീറ്റർ അകലെ കണ്ണൻ ദേവൻ ദുരിതബാധിതർക്കായി കുറ്റിയാർ വാലിയിൽ നൽകിയ സ്ഥലം വാസയോഗ്യമല്ലെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, കുറ്റിയാർ വാലിയിൽ മഴ കുറവാണെന്നും അവിടെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇടുക്കി ജില്ല എമർജൻസി ഓപറേഷൻസ് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി. മൂന്നാറിൽനിന്ന് ഒമ്പത് കിലോമീറ്റർ ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ.
പ്ലാേൻറഷൻ ആവശ്യങ്ങൾക്കായി കണ്ണൻ ദേവൻ കമ്പനിക്ക് അനുവദിച്ച ഭൂമി ഭൂപരിഷ്കരണ നിയമത്തിെൻറ പരിധിയിൽ വരില്ല. പെട്ടിമുടി ദുരന്തത്തിന് ഇരയായ 64 പേരുടെ നഷ്ട പരിഹാരത്തുക വിതരണം ചെയ്ത് കഴിഞ്ഞു. രണ്ട് പേരുടെ അനന്തരാവകാശികൾ എത്തിയിട്ടില്ല. നാല് പേർ മരിച്ചതായി പ്രഖ്യാപിക്കാനുള്ള നടപടികൾ നടക്കുകയാണ്. പ്ലാേൻറഷൻ ആവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമിയിൽ നിന്ന് ദുരന്തത്തിനിരയായവർക്ക് ഭൂമി നൽകണമെന്ന വാദം നിലനിൽക്കില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.