നിർമാണ പദ്ധതികളുടെ പേരിൽ കുന്നിടിക്കൽ വ്യാപകം
text_fieldsദേവികുളം: കെട്ടിട നിർമാണത്തിന്റെ മറവിൽ കുന്നിടിക്കൽ വ്യാപകമെന്ന് ആക്ഷേപം. വികസന പദ്ധതികളുടെയും നിർമാണങ്ങളുടെയും പേരിൽ കുന്നിടിച്ച് നിരത്തുന്നതിനാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ പലയിടത്തും വ്യാപകമാണ്. ഗാർഹിക നിർമാണ സ്ഥലത്തുനിന്ന് മണ്ണുനീക്കം ചെയ്യുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് മൂവ്മെന്റ് പാസ് അനുവദിക്കുമ്പോൾ കർശന നിയന്ത്രണം പാലിച്ചില്ലെങ്കിൽ ജില്ലയിൽ കുന്നുകൾ ഇല്ലാതാകുമെന്ന മുന്നറിയിപ്പ് വിവിധ കേന്ദ്രങ്ങളിൽനിന്നുയരുന്നു.
എൽ.എ പട്ടയങ്ങളിൽ ഇപ്പോൾ വാണിജ്യപരമായ നിർമാണങ്ങൾ നടത്താൻ നിയമമില്ല. എന്നാൽ, ഗാർഹിക നിർമാണത്തിനെന്ന പേരിൽ എടുക്കുന്ന പെർമിറ്റുകൾ ദുരുപയോഗം ചെയ്യാൻ പഞ്ചായത്തുകൾ മത്സരിക്കുകയാണ്. ഇതിന് റവന്യൂ വകുപ്പിന്റെ ഒത്താശയും ഉണ്ടെന്ന് ആക്ഷേപമുണ്ട്. കൂടുതൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് ദേവികുളം, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി താലൂക്കുകളിലാണ്. കുഞ്ചിത്തണ്ണി, ബൈസൺവാലി, പള്ളിവാസൽ, ചിന്നക്കനാൽ, ആനച്ചാൽ, പൂപ്പാറ, ശാന്തൻപാറ, പള്ളിവാസൽ, മേഖലയിലാണ് കൂടുതലും.
അനധികൃത പ്രവർത്തനങ്ങൾ ഏറിയിട്ടും അധികൃതർ ഗൗരവമായി എടുക്കുന്നില്ല. വേനലിൽ പോലും യഥേഷ്ടം വെള്ളം കിട്ടുമായിരുന്ന നീരുറവകൾ ഉൾപ്പെടെ നികത്തി വെള്ളം കിട്ടാനുള്ള സാധ്യതകൾ തന്നെ പലയിടങ്ങളിലും ഇല്ലാതാക്കിയിട്ടുണ്ട്.
വീട് നിർമാണത്തിന്റെ മറവിൽ രൂക്ഷമായ കുന്നിടിക്കൽ നടക്കുകയാണെന്നും 3000 സ്ക്വയർ ഫീറ്റ് വരെ വലുപ്പമുള്ള വീടുകൾ നിർമിക്കുന്നതിനാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുന്നിടിക്കാൻ അനുവാദം നൽകുന്നതെന്നും എന്നാൽ, ഇതിന്റെ മറവിൽ കാലങ്ങളോളം കുന്നിടിച്ചു മണ്ണ് കടത്തുന്നുവെന്നുമാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.