ആഘോഷമാക്കി അവധിദിനം; ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsകുമളി/ചെറുതോണി: ക്രിസ്മസ്, പുതുവത്സര അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇടുക്കി അണക്കെട്ടും മൂന്നാറും തേക്കടിയുമടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തേക്കടിയിൽ ബോട്ട് സവാരിക്കെത്തിയവർക്ക് ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങേണ്ടിവന്നത് പ്രതിഷേധത്തിനും ഇടയാക്കി.
കോവിഡിനെ തുടർന്ന് രണ്ടുവർഷമായി പ്രതിസന്ധിയിലായ തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലക്ക് ഉണർവ് നൽകുന്നതാണ് സഞ്ചാരികളുടെ തിരക്ക്. തേക്കടി തടാകത്തിലെ ബോട്ട് സവാരിക്കൊപ്പം വനം വകുപ്പിെൻറ ഇക്കോ ടൂറിസം പരിപാടികളിലും സഞ്ചാരികൾ പങ്കെടുക്കുന്നുണ്ട്. മലയാളികൾക്ക് പുറമേ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ളവരും തേക്കടിയുടെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ എത്തി.
കെ.ടി.ഡി.സി, വനം വകുപ്പുകളുടെ ആറ് ബോട്ടുകളിലായി 500ഓളം സഞ്ചാരികൾക്ക് മാത്രമേ തടാകത്തിൽ ഒരുസമയം സവാരി നടത്താനാകൂ. ഒരു ദിവസം അഞ്ച് തവണത്തെ സവാരിയിൽ 2500 പേർക്ക് അവസരം ലഭിക്കും. 120 പേർക്ക് സഞ്ചരിക്കാവുന്ന കെ.ടി.ഡി.സിയുടെ ജലരാജ ബോട്ട് അറ്റകുറ്റപ്പണിക്കായി 2019 മുതൽ വിശ്രമത്തിലാണ്. ടിക്കറ്റിനായി രാവിലെ മുതൽ കാത്തുനിന്ന സഞ്ചാരികളെ മറികടന്ന് ടിക്കറ്റുകൾ മൊത്തമായി ചിലർക്ക് നൽകുന്നത് പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ഇങ്ങനെ ടിക്കറ്റ് ലഭിക്കാതായ സഞ്ചാരികളാണ് പ്രതിഷേധം ഉയർത്തിയത്.
4068 പേരാണ് ഞായറാഴ്ച ഇടുക്കി അണക്കെട്ട് സന്ദർശിച്ചത്. സന്ദർശകരുടെ ക്യു ഒരു കിലോമീറ്ററോളം നീണ്ടു. കോഴിക്കോട്, മലപ്പുറം, തൃശൂർ കൊല്ലം തുടങ്ങി വിദൂര ജില്ലകളിൽനിന്നുള്ളവരായിരുന്നു ഏറെയും. പാർക്കിങ് സൗകര്യം തികയാതെ വന്നതും വനംവകുപ്പിെൻറ ബോട്ടിൽ കയറാൻ പാസ് കിട്ടാതെ വന്നതും സഞ്ചാരികളെ വലച്ചു.
ഒരേസമയം 20പേർക്ക് കയറാവുന്ന ഒരു ബോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ക്രിസ്മസ് ദിനത്തിൽ 3200 പേരാണ് അണക്കെട്ട് കാണാനെത്തിയത്. ഫെബ്രുവരി 28വരെ അണക്കെട്ടിൽ സന്ദർശകർക്ക് പ്രവേശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.