അവധിത്തിരക്ക് കഴിഞ്ഞു; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളൊഴിഞ്ഞു
text_fieldsതൊടുപുഴ: ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ ഏറെ ആവേശത്തോടെയാണ് ജില്ലയിലെ ടൂറിസം മേഖല ഉണർന്നതെങ്കിലും സഞ്ചാരികളുടെ അഭാവം വെല്ലുവിളി സൃഷ്ടിക്കുന്നു.
ഓണ അവധിയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇത് കേന്ദ്രങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങളെയടക്കം ബാധിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളില്ലെങ്കിലും കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇടുക്കിയിലെ കാഴ്ചകൾ കാണാൻ ഒട്ടേറെപ്പേരാണ് ഓരോ ദിവസവും ജില്ലയിലെത്തിക്കൊണ്ടിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വലിയ പ്രതീക്ഷയിലായിരുന്നു. സാധാരണയിൽനിന്ന് അേപക്ഷിച്ച് 30 ശതമാനം സഞ്ചാരികൾ മാത്രമാണ് ഡി.ടി.പി.സിയുടെ വിവിധ കേന്ദ്രങ്ങളിൽ ഇപ്പോൾ എത്തുന്നതെന്നാണ് കണക്കുകൾ. ഇതുമൂലം ഡി.ടി.പി.സിയുടെ കീഴിലുള്ളതടക്കം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്. മാട്ടുപ്പെട്ടി, പഞ്ചാലിമേട്, രാമക്കൽമേട് എന്നീ കേന്ദ്രങ്ങളിലാണ് കുറച്ചെങ്കിലും സഞ്ചാരികൾ എത്തുന്നത്.
ഫണ്ടുകളുടെ അഭാവവും ടൂറിസം കേന്ദ്രങ്ങളുടെ ദൈനംദിന നടത്തിപ്പിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ 1.87 കോടി അടിയന്തരമായി നൽകണെമന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പിന് ഇടുക്കി ടൂറിസം പ്രമോഷൻ കൗൺസിൽ കത്ത് നൽകിയിട്ടുണ്ട്.
വിവിധ ടൂറിസം പ്രോജക്ടറുകളിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്നതിനാണ് തുക ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചത്. നേരത്തേ ഉണ്ടായിരുന്ന കരുതൽ തുക ഉപയോഗിച്ചാണ് നിലവിലെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഇക്കോ ഷോപ്പുകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും പലർക്കും മടിയാണ്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പലരും മുന്നോട്ടുവരാൻ മടിക്കുന്നുണ്ട്. കോവിഡ് വ്യാപന സാഹചര്യത്തിൽ ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സഞ്ചാരികളുടെ കുറവുണ്ട്.
ഓണക്കാലത്ത് നീണ്ടനാളത്തെ അടച്ചിടലിന് ശേഷം ജില്ലയിലെ വിനോദസഞ്ചാരമേഖല തുറന്നതോടെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹോട്ടൽ, റിസോർട്ട്, സ്പൈസസ് കേന്ദ്രങ്ങളൊക്കെ വലിയ പ്രതീക്ഷയിലായിരുന്നു. പലരും സഞ്ചാരികളെ പ്രതീക്ഷിച്ച് നവീകരണമടക്കം നടത്തിയിരുന്നു. കോവിഡിനൊപ്പം മഴകൂടി ശക്തമായതോടെയാണ് ദിവസേന വരുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞത്.
ഞായറാഴ്ച മാത്രം ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ വിനോദസഞ്ചാര മേഖല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.