ഹോം സ്റ്റേകൾക്കും വില്ലകൾക്കും കുരുക്കായി ചുവപ്പുനാട
text_fieldsതൊടുപുഴ: വിനോദ സഞ്ചാര മേഖലയിൽ സംരംഭങ്ങൾ തുടങ്ങാൻ ഇറങ്ങിത്തിരിച്ചവർ കടക്കെണിയിലായതായി പരാതി. വീടുകള്‍ നവീകരിച്ചും വിനോദസഞ്ചാര വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡം പാലിക്കാൻ ബാങ്ക് വായ്പയെടുത്തും ഹോം സ്റ്റേകളും വില്ലകളും തുടങ്ങാന്‍ അപേക്ഷ നല്കിയവരാണ് കടക്കെണിയിലായിരിക്കുന്നത്. പഞ്ചായത്തില്‍നിന്ന് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഫുഡ്സേഫ്റ്റി ഓഫിസറുടെ അനുമതി തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ വേണം അപേക്ഷ നല്കാന്. കൂടാതെ വീടിന്റെ പ്ലാന്‍ അംഗീകൃത എൻജിനീയർ സാക്ഷ്യപ്പെടുത്തണം. ഇതിന് തന്നെ വലിയതുക സര്‍ക്കാറില്‍ നല്‍കണം.
നിലവിലെ വീട്ടില്‍ വിനോദസഞ്ചാര വകുപ്പ് നല്കുന്ന ക്ലാസിഫിക്കേഷന്‍ നിബന്ധന പാലിക്കാൻ ലക്ഷങ്ങള്‍ ചെലവുവരും. ഇതിനൊക്കെയായി പലരും വലിയതുക ചെലവാക്കും. പിന്നീട് വിനോദസഞ്ചാര വകുപ്പില്‍ ഹോംസ്റ്റേക്ക് 3000 രൂപയും വില്ലക്ക് 3500 രൂപയും ഒടുക്കണം. ഇതിനുശേഷം രേഖകള്‍ പരിശോധിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് നാലംഗസംഘം പശോധനക്ക് എത്തുക. ഇവരെ കാണേണ്ട വിധത്തില്‍ കണ്ടില്ലെങ്കില്‍ എന്തെല്ലാം നിബന്ധന പാലിച്ചാലും ക്ലാസിഫിക്കേഷന്‍ അനുമതി നിഷേധിക്കും.
വൻകിടക്കാർക്ക് യഥേഷ്ടം അനുമതി
അടിമാലിയിൽ വാടകവീട്ടിൽ വൾഷങ്ങളായി താമസിക്കുന്ന ആള് ഹോം സ്റ്റേ നടത്താന്‍ അപേക്ഷിച്ചു. ഒടുവിൽ സ്വന്തം വീടില്ലെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചു. ഇപ്പോള്‍ ഇയാള്‍ വലിയ കടക്കെണിയിലായി. കുമളിയില്‍ ഹോം സ്റ്റേ തുടങ്ങാന്‍ അപേക്ഷിച്ച വ്യക്തിയുടെ അപേക്ഷ നിരസിക്കാന്‍ കാരണം ഇയാള്‍ക്ക് മൂലമറ്റം ഭാഗത്ത് മറ്റൊരു വീടുണ്ട് എന്നതാണ്. തൊമ്മന്‍കുത്തിന് സമീപം അപേക്ഷിച്ചയാളുടെ പേരിലുള്ള കുറ്റം പരിശോധന സമയത്ത് ഉദ്യോഗസ്ഥയായ ഇയാളുടെ ഭാര്യസ്ഥലത്തില്ലെന്നതാണ്. ഇങ്ങനെ വിചിത്രവും നയമാനുസൃതവുമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞും പോരായ്മകള്‍ പരിഹരിക്കാന്‍ നിയമാനുസൃത നോട്ടീസ് നല്‍കാതെയുമാണ് പരിശോധനക്കെത്തുന്ന സംഘം അനുമതി നിഷേധിച്ച് കത്ത് നല്‍കുന്നത്. വേണ്ടപ്പെട്ടവരെ വേണ്ടപോലെ കണ്ടാല്‍ അനുമതിക്ക് തടസ്സം ഇല്ലെന്നും പറയപ്പെടുന്നു. വന്‍കിടക്കാര്‍ക്ക് യഥേഷ്ടം അനുമതി കിട്ടുകയും ചെയ്യുന്നുണ്ട്.
പഞ്ചായത്തുകള്‍ക്ക് അധികാരമില്ല
ഹോംസ്റ്റേകള്‍ക്ക് ലൈസന്‍സ് നല്കാൻ പഞ്ചായത്തുകള്‍ക്ക് അനുമതിയില്ല. ഇതാണ് വിനോദസഞ്ചാര വകുപ്പ് ഇത്തരം ചൂഷണം നടത്താന്‍ ഇടയാക്കുന്നതെന്നും ആക്ഷേപമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപത്തെ കുടുംബങ്ങള്‍ക്ക് ചെറിയ വരുമാനവും നാട്ടിലെ വാഹന ഉടമകള്‍, ഗൈഡുകള്‍, ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവക്ക് ഗുണംചെയ്യുന്നതുമായ പദ്ധതിക്കാണ് ജില്ലയിലെ വിനോദസഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടംകോലിടുന്നത്. ഇതുമൂലം സഞ്ചാരികള്‍ക്ക് കുറഞ്ഞചെലവില്‍ ഗൃഹാന്തരീക്ഷത്തില്‍ താമസിക്കാനുള്ള സൗകര്യവും നഷ്ടപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.