ഈ കോളനികൾ ഇനിയുമെത്ര കാത്തിരിക്കണം?
text_fieldsആദിവാസി ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടികള്‍ ചെലവഴിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ പ്രയാസത്തിെൻറ നടുക്കയത്തിലാണ് അടിമാലി തുമ്പിപ്പാറ കോളനിയിലെ ആദിവാസി സമൂഹം. വാസയോഗ്യമായ വീടോ, വഴിയോ ആവശ്യത്തിന് ഭക്ഷണമോ ഇല്ലാതെ ഇവിടുത്തെ ആദിവാസികളുടെ ദുരിത ജീവിതം അടുത്തറിയാവുന്നവർ പോലും കണ്ണടക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ കൂട്ടത്തോടെ വസിക്കുന്ന പഞ്ചായത്താണ് അടിമാലി. 29ആദിവാസി കോളനികളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ അടിസ്ഥാന സൗകര്യങ്ങളിലും മറ്റും ഏറ്റവും ശോച്യാവസ്ഥയിലായ എട്ട് കോളനികളിലൊന്നാണ് തുമ്പിപ്പാറ. ഭക്ഷണം, കുടിവെള്ളം, വസ്ത്രം, വീട് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ വലയുകയാണ് കോളനിയിലുള്ളവര്‍. പോഷകാഹാരക്കുറവ് മൂലം കോളനിയിലെ കുട്ടികളും കൗമാരക്കാരും സ്ത്രീകളും വിളർച്ച നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആദിവാസി ക്ഷേമത്തിനായി പട്ടികവർഗ വികസന വകുപ്പും ആരോഗ്യവകുപ്പും ശിശുക്ഷേമ വകുപ്പും ഊർജിതമായി പ്രവര്‍ത്തിക്കുന്ന ജില്ലയിലാണ് ഈ അവസ്ഥ.
ഇടമലക്കുടിയിലും അട്ടപ്പാടിയിലും വികസനത്തിനായി കോടികള്‍ വിനിയോഗിക്കുമ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന ഇത്തരം കോളനികളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെട്ട കോളനിയിലുള്ളവര്‍ കൊടിയ അവഗണനയാണ് നേരിടുന്നത്. പോഷകാഹാരം ലഭിക്കാത്തതിനാല്‍ നേരത്തേ ഇവിടെ കുട്ടികൾ മരിച്ച സംഭവങ്ങൾ നടന്നിരുന്നു. ജനിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗത്തിനും പോഷകാഹാരക്കുറവ് മൂലം തൂക്കം വളരെ കുറവാണ്. 40 ലേറെ കുടുംബംങ്ങള്‍ ഇവിടെയുണ്ടെങ്കിലും പരിതാപകരമായ അവസ്ഥയിലാണ് 12 കുടുംബങ്ങള്‍. സൗജന്യ റേഷനാണ് പല കുടുംബങ്ങളുടെയും ആശ്രയം. കാടിനുള്ളില്‍നിന്ന് ശേഖരിക്കുന്ന തേനും തെള്ളിയുമെല്ലാമാണ് ഇവരുടെ ഏക വരുമാന മാര്‍ഗം. ഇതാകട്ടെ വളരെ തുച്ഛവും. കൂലിപ്പണിപോലും ഇല്ലാത്ത അവസ്ഥയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രാഥമിക വിദ്യാഭ്യസം പോലുമില്ല. അതേസമയം സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളിൽ പിന്നിലാണ്. റോഡും വൈദ്യുതിയും ആശുപത്രിയുമെല്ലാം ഇമടലക്കുടിയുടെ പരിഹരിക്കാത്ത ആവശ്യങ്ങളായി തുടരുന്നു. മഴക്കാലമായാൽ ജീപ്പ്മാർഗമുള്ള ഗതാഗതം പോലും തടസ്സപ്പെട്ട് പുറംലോകത്തുനിന്ന് ഒറ്റപ്പെടുന്ന അവസ്ഥയിലാണ് ഈ ആദിവാസി കോളനി. മുതുവാൻ ഗിരിവർഗക്കാരാണ് ഇടമലക്കുടിയിലെ 38 കോളനികളിലായി താമസിക്കുന്നത്. മാറിമാറി പ്രഖ്യാപിച്ച പദ്ധതികളൊന്നും വേണ്ടത്ര പ്രയോജനം ചെയ്തില്ലെങ്കിലും സംസ്ഥാന സർക്കാറിെൻറ പുതിയ ബജറ്റിൽ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനായി ഉൾപ്പെടുത്തിയ പാക്കേജിലാണ് ഇപ്പോൾ ഈ കോളനികളുടെ പ്രതീക്ഷ. (അവസാനിച്ചു) തയാറാക്കിയത്: ധനപാലൻ മങ്കുവ, തോമസ് ജോസ്, പി.കെ. ഹാരിസ്, വാഹിദ് അടിമാലി,ടി. അനിൽകുമാർ, എ.എ. ഹാരിസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.