മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; കൈവശഭൂമിയിൽ നിർധനർക്ക് പട്ടയം
text_fieldsതൊടുപുഴ: നിയമസഭ സമിതി പട്ടയംനൽകാൻ നിർദേശിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പട്ടയംനൽകാതിരുന്ന ഭൂമിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഇടപെടലിനെ തുടർന്ന് പട്ടയം. ദേവികുളം ഇറച്ചിൽപ്പാറ സ്വദേശി പി. ശ്രീധറിനും എൻ. രഞ്ചനുമാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിെൻറ ഇടപെടലിനെ തുടർന്ന് പട്ടയം ലഭിച്ചത്.
1913ൽ ദേവികുളത്ത് താമസമായവരാണ് പരാതിക്കാരുടെ മുൻതലമുറക്കാർ. 1987 മുതൽ പട്ടയത്തിന് അപേക്ഷിച്ചിരുന്നു. 2012ൽ ഹൈകോടതിയുടെയും കേരള ലോകായുക്തയുടെയും അനുകൂല വിധി കിട്ടി. എന്നാൽ, കെ.എൽ.എ റൂളും കെ.ഡി.എച്ച് ആക്ടും ഉദ്ധരിച്ച് ഉദ്യോഗസ്ഥർ തടസ്സം ഉന്നയിച്ചതോടെ പട്ടയം ലഭിക്കാൻ കാലതാമസമുണ്ടായി. 2018ൽ കേരള നിയമസഭ സമിതി പരാതിക്കാർക്ക് പട്ടയംനൽകാൻ നിർദേശംനൽകി. എന്നിട്ടും കൈവശഭൂമി കെ.ഡി.എച്ച് ആക്ടിൽപ്പെട്ടതാണെന്ന് പറഞ്ഞ് ദേവികുളം തഹസിൽദാർ പട്ടയം നൽകാൻ വിസമ്മതിച്ചു.
ആകെ 19 സെൻറ് സ്ഥലമാണ് ഇവരുടെ പേരിലുള്ളത്. അഞ്ച്, 10 സെൻറ് കൈവശം െവച്ചിരിക്കുന്ന 90 ശതമാനം പട്ടികവിഭാഗത്തിലുള്ളവർ താമസിക്കുന്ന കെ.ഡി.എച്ച് വില്ലേജിലെ ജനങ്ങളോട് ദേവികുളം തഹസിൽദാർ വിവേചനം കാണിക്കുന്നതായി പരാതിയിൽ പറയുന്നു. ജില്ല കലക്ടറോട് ആവശ്യമായ നടപടി സ്വീകരിക്കാൻ കമീഷൻ നിർദേശം നൽകിയതിനെ തുടർന്ന് കണ്ണൻദേവൻ വില്ലേജിലെ 155/2ൽപ്പെട്ട ഭൂമിയുടെ പട്ടയം പരാതിക്കാർക്ക് നൽകിയതായി കലക്ടർ കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.