വിരമിച്ചിട്ട് 11 വർഷം; ആനുകൂല്യങ്ങൾ രണ്ടു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതൊടുപുഴ: വിരമിച്ചിട്ട് 11 വർഷമായ ആൾക്ക് ആനുകൂല്യങ്ങൾ രണ്ടു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ.
നികുതി വകുപ്പ് അസി. കമീഷണറായി 11 വർഷം മുമ്പ് വിരമിച്ച തൊടുപുഴ സ്വദേശി കെ.ആർ. വിശ്വന് സർക്കാറിൽനിന്ന് അനുമതി ലഭ്യമാക്കി രണ്ടു മാസത്തിനകം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ചരക്കുസേവന നികുതി കമീഷണർക്കാണ് ഉത്തരവ് നൽകിയത്.
വിശ്വനെ 2008 ജനുവരിയിൽ സസ്പെൻഡ് ചെയ്തു. സസ്പെൻഷനിലിരിക്കെ 2008 ആഗസ്റ്റിൽ സർവിസിൽനിന്ന് വിരമിച്ചു. പരാതിക്കാരന് എതിരായ ശിക്ഷണ നടപടികൾ 2015ൽ സർക്കാർ അവസാനിപ്പിക്കുകയും 2016ൽ ഉത്തരവിറക്കുകയും ചെയ്തു.
തുടർന്ന് ആനുകൂല്യങ്ങൾക്കായി സമീപിച്ചപ്പോൾ തുക കാലഹരണപ്പെട്ടതിനാൽ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് അറിയിച്ചു. ധനവകുപ്പിെൻറ പ്രത്യേക അനുമതി ലഭിച്ചാൽ ആനുകൂല്യം നൽകാമെന്നാണ് ഇപ്പോഴത്തെ നിലപാട്.
സർക്കാർ യഥാസമയം പ്രവർത്തിച്ചിരുന്നെങ്കിൽ തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കാലഹരണപ്പെടുമായിരുന്നില്ലെന്ന് പരാതിക്കാരൻ വാദിച്ചു. ഒരാളെ സസ്പെൻഡ് ചെയ്താൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കേണ്ട ചുമതല അധികൃതർക്കുണ്ടെന്ന് ജസ്റ്റിസ് ആൻറണി ഡൊമിനിക് ചൂണ്ടിക്കാട്ടി.
തുക കാലഹരണപ്പെട്ടതാണെന്ന വാദം കമീഷൻ തള്ളി. ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങി പരാതിക്കാരന് ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്നും കമീഷൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.