നൂറ് കുടുംബം കുടിവെള്ളത്തിന്ദിവസവുംമുടക്കുന്നത് 300 രൂപ
text_fieldsവേനൽ കടുത്തതോടെ ജില്ല ആസ്ഥാനത്തോട് ചേർന്നുകിടക്കുന്ന പല പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിത്തുടങ്ങി. കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവടി, അമ്പലക്കവല നിവാസികളായ 100 ഓളം കുടുംബങ്ങൾ ജലക്ഷാമം മൂലം വലയുകയാണ്. സര്‍ക്കാറിന്റെ ജലനിധി പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതിക്ഷയിലാണ് കാലങ്ങളായി ഈ കുടുംബങ്ങള്‍.
ദിനംപ്രതി 500 ലിറ്റര്‍ കുടിവെള്ളം 300 രൂപ നല്കി വാങ്ങേണ്ട സ്ഥിതിയിലാണ് മഴുവടി, അമ്പലക്കവല നിവാസികള്‍. കഞ്ഞിക്കുഴി പഞ്ചായത്തില്‍ ജലനിധി പദ്ധതി പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സമീപത്ത് ജലസമൃദ്ധമായ കുളമുണ്ടെങ്കിലും ജലനിധിക്കാണ് കുളത്തില്‍നിന്ന് വെള്ളമെടുത്ത് ഗുണഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കേണ്ട ചുമതല. 13വര്‍ഷം മുമ്പ് കുളം നിര്‍മിച്ച് പൈപ്പ് ലൈനും സ്ഥാപിച്ചതാണ്. ഗുണഭോക്താക്കളില്‍നിന്ന് 4000 രൂപ വീതം വാങ്ങിയെങ്കിലും ഒരുദിവസം പോലും ഇവര്‍ക്ക് വെള്ളം എത്തിച്ചുകൊടുക്കാൻ ജലനിധിക്ക് കഴിഞ്ഞിട്ടില്ല.
കാലി വളർത്തലും തൊഴിലുറപ്പ് ജോലികളും ഉപജീവനമായി സ്വീകരിച്ചവരാണ് കൂടുതലായി ഇവിടെയുള്ളത്. സ്ഥലം എം.എല്‍.എയും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന് അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍. വാഴത്തോപ്പ് പഞ്ചായത്തിലെ കേശമുനിയിലും ഇടുക്കി ഡാം ടോപ്പിലും വേനൽ രൂക്ഷമാകുന്നതോടെ കുടിവെള്ളം കിട്ടാക്കനിയാകും.
ഭൂമിയാംകുളം, വാസുപ്പാറ, പകിട്ടാൻതണ്ട് പ്രദേശങ്ങളിൽ നൂറിലധികം കുടുംബങ്ങൾ ഇന്നും കിലോമീറ്ററുകൾ താണ്ടി തലച്ചുമടായിട്ടാണ് വെള്ളം കൊണ്ടുവരുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവടി, തള്ളക്കാനം, കഞ്ഞിക്കുഴി, മൂന്നേക്കർ കോളനി എന്നീ വാർഡുകളിൽ ഇപ്പോൾത്തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. ഇവിടെ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് കഞ്ഞിക്കുഴി പഞ്ചായത്ത് 32 ലക്ഷം വകയിരുത്തിയിരുന്നു. എന്നാൽ, ഇതുവരെ പ്രാഥമിക നടപടി പോലും ആരംഭിച്ചിട്ടില്ല. മാർച്ച് 31ന് മുമ്പ് ഇനി പണി പൂർത്തിയാക്കുമെന്നതും എളുപ്പമല്ല.
കാൽനൂറ്റാണ്ടായിട്ടും കാലുറക്കാത്ത പദ്ധതി
ഉദ്ഘാടനം ചെയ്ത് 24 വർഷം പിന്നിടുമ്പോഴും പീരുമേട്ടിലെ ഹെലിബേറിയ പദ്ധതി പൂർണമായും കമീഷൻ ചെയ്യാൻ സാധിച്ചിട്ടില്ല. ആറ് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് 1999ൽ ഏലപ്പാറയിലെ ഹെലിബേറിയായിൽ വമ്പൻ കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. ഉപ്പുതറ, ഏലപ്പാറ, പീരുമേട്, പെരുവന്താനം കൊക്കയാർ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യം.
50 കോടിയിലധികം രൂപ ചെലവഴിച്ചിട്ടും പദ്ധതി പൂർണമായും കമീഷൻ ചെയ്തിതില്ല. നാമമാത്രമായ രീതിയിൽ അഞ്ച് പഞ്ചായത്തുകളുടെ ഏതാനും മേഖലകളിൽ മാത്രം വെള്ളം എത്തുന്നു. പെരുവന്താനം, കൊക്കയാർ, പീരുമേട് ഗ്രാമ പഞ്ചായത്തുകളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും ഗാർഹിക കണക്ഷനുകൾ പൂർണമായും നൽകാൻ സാധിച്ചിട്ടില്ല.
പദ്ധതിയിൽ പൊതു ടാപ്പുകളില്ല. ഗാർഹിക, വാണിജ്യ കണക്ഷനുകൾ മാത്രമാണ് അനുവദിക്കുന്നത്. പൈപ്പ് ലൈനുകളിൽ യഥേഷ്ടം വെള്ളം എത്തുന്നുണ്ടെങ്കിലും കണക്ഷനുകൾ നൽകുന്നില്ല. ഇതോടൊപ്പം പൈപ്പ് ലൈൻ പൊട്ടിയൊഴുകി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസവും പാഴാകുന്നത്. പദ്ധതി പ്രയോജനപ്പെടാത്തതിനാൽ കുട്ടിക്കാനം ജങ്ഷൻ, പീരുമേട്ടിലെ ഉയർന്ന മേഖലകൾ എന്നിവിടങ്ങളിൽ വെള്ളം വിലക്കുവാങ്ങിയാണ് ഉപയോഗിക്കുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.