കുടിയിരുത്തലിന്റെ കഥ പറഞ്ഞ് പട്ടം കോളനി
text_fieldsകേരളത്തിെൻറ കാര്‍ഷിക ചരിത്രത്തില്‍നിന്ന് വേര്‍പിരിക്കാനാകാത്ത ഒരേടാണ് പട്ടംകോളനിക്കുള്ളത്. തിരു-കൊച്ചി സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച കുടിയിരുത്തല്‍ ചരിത്രമുള്ളിടമാണ് പട്ടംകോളനി. 1955 ജനുവരി 20നാണ് പട്ടം കോളനി രൂപവത്കൃതമായത്. പട്ടം താണുപിള്ള കൊടുത്ത സ്ഥലമായതിനാല്‍ കോളനിക്ക് പട്ടം കോളനി എന്ന പേര്്് ലഭിച്ചു. കല്ലാറിലായിരുന്നു പട്ടംകോളനി പ്രഖ്യാപനം. നിലവില്‍ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലായാണ് പട്ടം കോളനി സ്ഥിതി ചെയ്യുന്നത്. നെടുങ്കണ്ടം കിഴക്കേ കവലയില്‍ ആരംഭിച്ച്്് കൂട്ടാര്‍ വരെയുള്ള 15 കിലോ മീറ്ററോളം ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണിത്. ജില്ലയുടെ മറ്റ് മേഖലകളിലേക്ക് കുടിയേറ്റമാണുണ്ടായതെങ്കില് പട്ടംകോളനിയില്‍ നടന്നത് കുടിയിരുത്തലായിരുന്നു.
ഈ മേഖലയിലെ കുടുംബങ്ങളെ വീട്ടുപേരിന് പകരം ബ്ലോക്ക് നമ്പറിലാണ് അറിയപ്പെടുന്നത്. കല്ലാര്‍ പട്ടം കോളനിയുടെ രൂപവത്കരണമാണ് സംസ്ഥാനരൂപവത്കരണ സമയത്ത് ഹൈറേഞ്ച് കേരളത്തിനോടൊപ്പം നില്ക്കാന് ഇടയാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ പട്ടിണിക്ക് തടയിടാനും തമിഴ്ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ഈ ഭൂപ്രദേശം തമിഴ്നാടിെൻറ ഭാഗമാകാതിരിക്കുന്നതിനുമാണ് തിരു-കൊച്ചി സര്‍ക്കാര്‍ പത്ര പരസ്യത്തിലൂടെ അര്‍ഹരെ തെരഞ്ഞെടുത്ത് ഒരാള്‍ക്ക് അഞ്ചേക്കര്‍ സ്ഥലവും ആയിരം രൂപ വായ്പയും പണിയായുധങ്ങളും അനുവദിച്ച് 1800-ഓളം കുടുംബങ്ങളെ ഇവിടെ കുടിയിരുത്തിയത്.
1954 ല്‍ ഹൈറേഞ്ച് കോളനൈസേഷന്‍ പദ്ധതി പ്രകാരമാണ് അന്നത്തെ കോട്ടയം ജില്ലയില്‍ പീരുമേട്, ദേവികുളം താലൂക്കുകളിലായി വ്യാപിച്ചു കിടന്നിരുന്ന കല്ലാര്‍ മുതല്‍ രാമക്കല്‍മേട് വരെയുള്ള വിവിധ പ്രദേശങ്ങളില്‍ കോളനി രൂപവത്കരിക്കാന്‍ തീരുമാനമായത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപവത്കരണം നടക്കുമ്പോള്‍ ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ മേഖലയായ ഹൈറേഞ്ച് കേരളത്തിനോട് ചേര്‍ത്ത് നിര്‍ത്തണമെന്ന ഉദ്ദേശ്യവും പദ്ധതിക്കുണ്ടായിരുന്നു. മുണ്ടിയെരുമ, പാമ്പാടുംപാറ, നെടുങ്കണ്ടം, തൂക്കുപാലം, ബാലഗ്രാം, തേര്‍ഡ്ക്യാമ്പ്, കൂട്ടാര്‍, കോമ്പയാര്‍, രാമക്കല്‍മേട്, തോവാള, അല്ലിയാര്‍,ചേമ്പളം, കേട്ടക്കാനം, ആദിയാര്‍പുരം, ഒറ്റക്കട, കുമരകംമെട്ട്, ചേലമൂട്, കുരുവിക്കാനം, ഈറ്റക്കാനം, കരുണാപുരം, തണ്ണിപ്പാറ, നാലുമുക്ക് തുടങ്ങിയവ കല്ലാര്‍ പട്ടംകോളനിയില്‍ ഉള്‍പ്പെടുന്ന പ്രധാന സ്ഥലങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.