കൊലവിളിയുമായി വന്യജീവികൾ
text_fieldsഒരാഴ്ച മുമ്പ് കൺമുന്നിൽ കടുവയെ കണ്ടതിെൻറ ഞെട്ടലിലാണ് മൂന്നാറിന് സമീപം ചോലമയിലെ കന്തസ്വാമിയും നല്ലമുത്തുവും. കഴിഞ്ഞ 14ന് വൈകീട്ട് അഞ്ചുമണിയോടെ നല്ലമുത്തുവും സുഹൃത്തുക്കളും സംസാരിച്ചു നിൽക്കുേമ്പാഴാണ് തേയിലച്ചെടികൾക്ക് ഇടയിൽനിന്ന് പശുവിെൻറ കരച്ചിൽ കേട്ടത്. നോക്കുേമ്പാൾ കാണുന്നത് പശുവിെൻറ കഴുത്തിൽ കടിച്ചുപിടിച്ച് നിൽക്കുന്ന കടുവയെയാണ്. ഞെട്ടിത്തരിച്ച പലരും തിരിഞ്ഞോടി.
അരമണിക്കൂറിനുശേഷം നാട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും കടുവ സ്ഥലം വിട്ടിരുന്നു. പ്രദേശത്ത് നിരവധി പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് നല്ലമുത്തു പറയുന്നു. തോട്ടത്തിൽ ജോലിക്കുപോകാനും കുട്ടികളെ സ്കൂളിലയക്കാനും ഇവിടത്തുകാർക്ക് ഭയമാണ്.
കണക്കിൽ ഒതുങ്ങാതെ കൃഷിനാശം
തോട്ടം മേഖലകളിലടക്കം കൊലവിളികളുമായി വന്യജീവികൾ വിഹരിക്കാൻ തുടങ്ങിയിട്ട്്് പതിറ്റാണ്ടായി. ഇതിൽ ജീവൻ നഷ്ടമായവർ നിരവധിയാണ്. കൃഷിനാശമാവട്ടെ എണ്ണിയാൽ തീരില്ല. മുമ്പ് കാട്ടാനമാത്രമായിരുന്നു വില്ലനെങ്കിൽ ഇപ്പോൾ കാട്ടുപോത്തും കാട്ടുപന്നിയും കടുവയും പുലിയും കുരങ്ങുമെല്ലാം സ്വൈര്യവിഹാരം നടത്തുന്നത് നാട്ടിലാണ്.
ശാന്തൻപാറ, ചിന്നക്കനാൽ, ഉടുമ്പൻചോല പഞ്ചായത്തുകളിലെ സി.എച്ച്്്.ആർ മേഖലയിലെ ജനങ്ങൾ ഏതുസമയവും കാട്ടാനകളുടെ ആക്രമണം പ്രതീക്ഷിച്ച് ഭീതിയോടെ കഴിയുന്നവരാണ്. കാട്ടാനയുടെ ചവിട്ടേറ്റും കുത്തേറ്റും മരിക്കുന്നവരുടെ വാർത്തകൾ പത്രത്താളുകളിൽ പുതുമയല്ലാതായി. വിള നശിപ്പിക്കുന്നതിനൊപ്പം കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കുരങ്ങ് ശല്യം കാരണം കാപ്പിക്കുരു ഒരെണ്ണം പോലും കിട്ടാത്ത അവസ്ഥയാണ്. വിളവെടുക്കാറായ ഏലവും കൂട്ടമായെത്തുന്ന കുരങ്ങുകൾ നശിപ്പിക്കുന്നു.
തടയാനാകുമോ? ട്രഞ്ചുകൾക്കും വൈദ്യുതി വേലിക്കും
തങ്ങളുടെ ആവാസ വ്യവസ്ഥിതിക്ക് രൂപമാറ്റം സംഭവിക്കുന്നതും കാട്ടിൽ ചൂട് കൂടുന്നതും ജലാശയങ്ങൾ വറ്റി കുടിവെള്ളവും ഭക്ഷണവും കിട്ടാതാവുന്നതുമാണ് വന്യമൃഗങ്ങൾ കാടിറങ്ങാൻ പ്രധാന കാരണം.
വനംവകുപ്പിെൻറ ട്രഞ്ചുകൾക്കും വൈദ്യുതി വേലിക്കുമൊന്നും മൃഗങ്ങളെ ചെറുക്കാനാകുന്നില്ല. കാടിനുള്ളിൽ തന്നെ ആവശ്യമായ ഭക്ഷണവും വെള്ളവും സജ്ജമാക്കുന്ന പദ്ധതിയൊരുക്കണമെന്നാണ് കർഷകസംഘടനകളുടെ ആവശ്യം. പുലിയെയും കടുവയുമൊക്കെ കണ്ട പ്രദേശങ്ങളിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി കാമറക്കൊപ്പം പ്രദേശത്ത് ഒരു ഗാർഡിനെയും നിയമിക്കുമെന്നല്ലാതെ മറ്റു പരിഹാരമാർഗങ്ങളൊന്നും വനംവകുപ്പിനില്ല. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നാമമാത്രമായ നഷ്ടപരിഹാരം മാത്രമാണ് കർഷകന് കിട്ടുന്നത്.
സംഘർഷ ലഘൂകരണത്തിന് നടപടി
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നാണ് അധികൃതർ പറയുന്നു. കിടങ്ങ് (ട്രഞ്ച്) നിര്മാണം ആണ് മുഖ്യം. ആനയെ പ്രതിരോധിക്കാനാണ് കിടങ്ങുകൾ നിർമിക്കുന്നത്. കിഫ്ബിയിൽ അനുവദിച്ച നൂറുകോടി വിനിേയാഗിച്ച് ൈവദ്യുതി വേലി, മതിൽ, കിടങ്ങ് തുടങ്ങിയവ നിർമിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ചില ആഫ്രിക്കൻ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ തേനീച്ച കൂടുകളുടെ ശൃംഖലയും പരീക്ഷിക്കും. കാട്ടാന ശല്യം കുറക്കുന്നതിനൊപ്പം ഇത് കൃഷിക്കാരുടെ വരുമാനവും വർധിപ്പിക്കും. ജില്ലയിൽ ജാഗ്രത സമിതികൾ ശക്തിപ്പെടുത്തുമെന്നും അധികൃതർ പറയുന്നു.
ഒന്നരപ്പതിറ്റാണ്ടിനിടെ മരിച്ചത് 44പേർ
ഒന്നരപ്പതിറ്റാണ്ടിനിടെ ഇടുക്കി ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 44 പേരുടെ ജീവനാണ് പൊലിഞ്ഞത്. ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഗുരുതര പരിക്കുകളോടെയും അംഗവൈകല്യത്തോടെയും കഴിയുന്നവർ നിരവധിയും. വീടുകൾ, ഏലം സ്റ്റോറുകൾ, കാർഷിക വിളകൾ, വാഹനങ്ങൾ, പമ്പുസെറ്റുകൾ, കുടിവെള്ള പൈപ്പുകൾ തുടങ്ങി നശിപ്പിക്കപ്പെട്ട കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ വേറെയും. തമിഴ്നാടിനോട് ചേർന്ന അതിർത്തി മേഖലകളിലാണ് വന്യജീവി ആക്രമണം കൂടുതൽ. മൂന്നാർ, മറയൂർ, ചിന്നക്കനാൽ, പൂപ്പാറ, ഉടുമ്പൻചോല, നെടുങ്കണ്ടം, അണക്കരമേട്, രാമക്കൽമേട്, വണ്ടന്മേട്, വണ്ടിപ്പെരിയാർ മേഖലകളിലാണ് വന്യജീവി ശല്യം തുടർക്കഥയാകുന്നത്. ആക്രമണം രൂക്ഷമാകുേമ്പാൾ സമരസമിതി രൂപവത്കരിച്ച് പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും ഹർത്താലുകളും ഉൾപ്പെടെ സമരങ്ങളുമായി ജനങ്ങൾ പലതവണ രംഗത്ത് എത്തിയെങ്കിലും അധികൃതർ വാഗ്ദാനങ്ങൾ നൽകി ഒഴിഞ്ഞുമാറുകയാണ് പതിവ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.